മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കുന്ന ദേശീയ പുരസ്കാരത്തിന്റെ സന്തോഷത്തിലാണ് നടി റാണി മുഖർജി. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ അംഗീകാരം. ജൂറിയ്ക്കും ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും അവർ നന്ദിയറിയിച്ചു. സിനിമയിലെ തന്റെ നീണ്ട യാത്രയ്ക്കുള്ള അംഗീകാരമെന്നാണ് അവർ ഈ പുരസ്കാരത്തെ വിശേഷിപ്പിച്ചത്.
'എന്റെ പ്രകടനത്തെ ആദരിച്ച ദേശീയ പുരസ്കാര ജൂറിയ്ക്ക് ഞാൻ നന്ദി പറയുന്നു. ഈ നിമിഷം ഞാൻ സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരുമായും പങ്കുവെക്കുന്നു. നിർമാതാക്കളായ നിഖിൽ അദ്വാനി, മോനിഷ, മധു, സംവിധായിക ആഷിമ ചിബ്ബർ എന്നിവർക്കെല്ലാം നന്ദി. എന്നെ സംബന്ധിച്ചിടത്തോളം ഈ പുരസ്കാരം എന്റെ 30 വർഷത്തെ കഠിനാധ്വാനത്തിനും എന്റെ കലയോടുള്ള സമർപ്പണത്തിനും സിനിമയോടുള്ള എന്റെ അടങ്ങാത്ത അഭിനിവേശത്തിനും ലഭിച്ച അംഗീകാരമാണ്.'- അവർ കൂട്ടിച്ചേർത്തു.
ലോകത്താകമാനമുള്ള അമ്മമാർക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്നും റാണി പറഞ്ഞു. 'അമ്മയുടെ സ്നേഹത്തിനും സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാനുള്ള പോരാട്ടവീര്യത്തിനും സമാനമായി മറ്റൊന്നുമില്ല. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം നിരുപാധികമാണ്. എനിക്ക് ഒരു കുഞ്ഞുണ്ടായപ്പോഴാണ് ഞാനിത് തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ ഈ സിനിമ എനിക്ക് വൈകാരികമായും വ്യക്തിപരമായും ഏറെ അടുപ്പമുള്ളതാണ്'- അവർ വ്യക്തമാക്കി. ആരാധകരുടെ നിരുപാധികമായ സ്നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ടുനയിച്ചതെന്നും റാണി കൂട്ടിച്ചേർത്തു.
തന്റെ മക്കളെ തിരികെ ലഭിക്കാൻ നോർവേയിലെ നിയമവ്യവസ്ഥയ്ക്കെതിരെ പോരാടിയ ഇന്ത്യക്കാരിയ അമ്മയുടെ യഥാർഥ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മിസിസ് ചാറ്റർജി വേഴ്സസ് നോർവെ എന്ന ചിത്രമൊരുക്കിയത്. ഇതിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച റാണി ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
Content Highlights: rani mukerji calls her first national award as best actress deeply personal
Published: 01 Aug 2025, 09:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented