ന്റെ പ്രശസ്തമായ ഭൂത് എന്ന ചിത്രം ഷൂട്ട് ചെയ്ത മുംബൈയിലെ ഫ്ലാറ്റിനെക്കുറിച്ചുള്ള കൗതുകകരമായ ഒരു വിവരം പങ്കുവെച്ച് സംവിധായകൻ രാം ഗോപാൽ വർമ. ഹൊറർ സിനിമ ചിത്രീകരിച്ചതിനാൽ 2002 മുതൽ ഇത്രയുംകാലം ആ ഫ്ലാറ്റ് താമസക്കാർ ആരും വരാതെ ഒഴിഞ്ഞുകിടക്കുകയാണെന്ന് വർമ പറഞ്ഞു. മുംബൈയിൽ അടുത്തിടെ നടന്ന റെഡ് ലോറി ഫിലിം ഫെസ്റ്റിവൽ 2026 ൽ ചിത്രത്തിന്റെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തപ്പോഴാണ് രാം ഗോപാൽ വർമ തന്റെ ചിത്രം ഭൂതിനെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ച് ഓർത്തെടുത്തത്. ഊർമിള മതോണ്ട്കർ, അജയ് ദേവ്ഗൺ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം അക്കാലത്ത് വൻ വിജയം നേടിയിരുന്നു.

To advertise here,

മുംബൈയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലുള്ള ഒരു ഫ്ലാറ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നതെന്ന് രാം ഗോപാൽ വർമ പറഞ്ഞു. സാധാരണയായി ഇത്തരം സിനിമകൾക്ക് ഉപയോഗിക്കാറുള്ള ബംഗ്ലാവുകൾക്ക് പകരം, പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായി തോന്നുന്ന ഒരിടം വേണമെന്നതിനാലാണ് അപ്പാർട്ട്‌മെന്റ് തിരഞ്ഞെടുത്തത്. വെറും 30 ദിവസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. സിനിമ റിലീസ് ചെയ്തതോടെ ഈ അപ്പാർട്ട്‌മെന്റ് ഏറെ പ്രശസ്തമായി. പക്ഷേ ഇവിടെ പ്രേതബാധയുണ്ടെന്ന ഭയം കാരണം 20 വർഷത്തിലേറെയായി ആരും അവിടെ താമസം തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിൽ ഉർമിള മതോണ്ട്കറെ നായികയായി തിരഞ്ഞെടുത്തതിനെക്കുറിച്ചും രാം ഗോപാൽ വർമ മനസുതുറന്നു. 'രംഗീല' എന്ന ചിത്രത്തിലെ 'ഹായ് രാമ' എന്ന ഗാനരംഗത്തിൽ അവർ നൽകിയ ഒരു പ്രത്യേക ഭാവമാണ് തന്നെ ആകർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചുവന്ന വസ്ത്രം ധരിച്ച് ജാക്കി ഷ്റോഫിനെ തീവ്രമായി നോക്കുന്ന രംഗമായിരുന്നു അത്. ആ ക്ലോസപ്പ് ആണ് യഥാർത്ഥത്തിൽ അവരെ ഭൂതിൽ ഈ റോൾ ചെയ്യാൻ കഴിയുമെന്ന് തന്നെ ബോധ്യപ്പെടുത്തിയതെന്ന് രാം ഗോപാൽ വർമ പറഞ്ഞു.

പ്രേതബാധയുള്ള ഒരു ഫ്ലാറ്റിലേക്ക് മാറുന്ന ദമ്പതിമാരെ കേന്ദ്രീകരിച്ചായിരുന്നു ഭൂത് എന്ന ചിത്രം ഒരുക്കിയത്. നാനാ പടേക്കർ, രേഖ, ഫർദ്ദീൻ ഖാൻ, തനുജ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ബോക്‌സ് ഓഫീസിൽ വലിയ വിജയമായി മാറിയ ഈ ചിത്രത്തിന് ശേഷം 2012-ൽ മനീഷ കൊയ്‌രാളയെ ഉൾപ്പെടുത്തി 'ഭൂത് റിട്ടേൺസ്' എന്ന പേരിൽ ഒരു രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. 'ഭൂത്' പരമ്പരകൾക്ക് പുറമെ 'രാത്' (1992), 'ഫൂങ്ക്' (2008) തുടങ്ങിയ ഹൊറർ ചിത്രങ്ങളും രാം ഗോപാൽ വർമ സംവിധാനം ചെയ്തിട്ടുണ്ട്. അടുത്തിടെ തന്റെ ഹിറ്റ് ചിത്രമായ സർക്കാറി-ന്റെ നാലാംഭാഗം രാം ഗോപാൽ വർമ പ്രഖ്യാപിച്ചിരുന്നു.