പാൻ- ഇന്ത്യൻ വിപണിലക്ഷ്യമിട്ടിറങ്ങുന്ന ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ അന്തകനായിരിക്കും ആദിത്യ ധർ സംവിധാനംചെയ്യുന്ന രൺവീർ സിങ് ചിത്രം 'ധുരന്ധർ 2' എന്ന് ബോളിവുഡിലെ മുതിർന്ന സംവിധായകൻ രാം ഗോപാൽ വർമ. ചിത്രത്തിന്റെ നിർമാണത്തിൽ സംവിധായകൻ കാണിച്ച സൂക്ഷ്മതയെ പ്രശംസിച്ചുകൊണ്ടാണ് ആർജിവിയുടെ അഭിപ്രായപ്രകടനം. സിനിമാസങ്കൽപ്പത്തെ സംബന്ധിച്ച ഗോൾപോസ്റ്റുകൾ മാറിയിരിക്കുകയാണെന്നും സൂക്ഷിച്ച് കിക്കെടുത്തില്ലെങ്കിൽ കാലൊടിയുകമാത്രല്ല, അംഗച്ഛേദം തന്നെ സംഭവിച്ചേക്കാമെന്നും ആർജിവി അഭിപ്രായപ്പെടുന്നു.

To advertise here,

ആദിത്യ ധർ സംവിധാനംചെയ്ത 'ധുരന്ധർ' ബോക്‌സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം മാർച്ച് 19-ന് പുറത്തിറങ്ങും. അതേദിവസം തന്നെയാണ് യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്ത 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്' പുറത്തിറങ്ങുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് രാം ഗോപാൽ വർമയുടെ അഭിപ്രായപ്രകടനം.

'ദിനോസർ യുഗത്തിന് അന്ത്യംകുറിക്കാൻ പോകുന്ന ക്ഷുദ്രഗ്രഹമാണ് 'ധുരന്ധർ'. പാൻ- ഇന്ത്യൻ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ എന്ന പ്രസ്ഥാനത്തെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധ്യതയുള്ള ചിത്രമാണ് 'ധുരന്ധർ 2'. അതിതീവ്രമായ റിയലിസ്റ്റിക് മേക്കിങ്, കഥാപാത്രങ്ങളുടെ ആഴം എന്നിവ ശക്തമായ വികാരങ്ങൾ ഉണർത്തുന്നതിനോടൊപ്പം തന്നെ പ്രേക്ഷരുടെ ചിന്തയെ ആകർഷിക്കുകയും ചെയ്യുന്നു. പ്രേക്ഷകർ പുതിയ നിലവാരത്തിന്റെ രുചിയറിഞ്ഞുകഴിഞ്ഞാൽ, പഴയ മസാല ശൈലിയിൽ നിർമാണത്തിലിരിക്കുന്ന ചിത്രങ്ങൾ പോലും അപകടത്തിലായേക്കാം. ചിത്രീകരണത്തിലോ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലോ ഉള്ള ബിഗ് ബജറ്റ് മസാല ചിത്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങളിലുള്ള ചിത്രങ്ങളുമായി മത്സരിക്കുന്നത് വലിയ വെല്ലുവിളിയാവും', ആർജിവി എക്‌സിൽ കുറിച്ചു.

'പ്രേക്ഷകരുടെ അഭിരുചി അന്താരാഷ്ട്രാ നിലവാരത്തിലേക്കുയരുന്നതോടെ, പഴയ ഫോർമുലകളെ ആശ്രയിച്ച് നിക്ഷേപം നടത്തിയ നിർമാതാക്കൾക്ക് ഉയർന്ന ചെലവുകളും കാലിയായ തിയേറ്ററുകളും കാരണം പണിനിർത്തിപ്പോവേണ്ട തരത്തിൽ നഷ്ടമുണ്ടായേക്കാം. മാസും വിഎഫ്എക്‌സും സ്‌കെയിലും ഗുരുത്വാകർഷണത്തെപ്പോലും മറികടക്കുന്ന സ്റ്റണ്ടുകളും ഉറച്ച വിജയം നൽകുമെന്ന സമവാക്യത്തിൽ ഉറച്ചുവിശ്വസിക്കുന്ന സംവിധായകർക്ക് 'ധുരന്ധർ' പ്രേക്ഷകരെ കണ്ട് സ്വയം മാറ്റങ്ങൾക്ക് വിധേയമാവുകയല്ലാതെ മറ്റ് വഴികളില്ല. ദൈവസമാനമായ പദവിയിലും ആദ്യഫ്രെയിം മുതൽ തന്നെ നായകരായി വാഴ്ത്തപ്പെടുന്നതിലും മാത്രം വിശ്വസിച്ച് മുന്നോട്ടുപോയിരുന്ന സൂപ്പർതാരങ്ങൾ, കഥ പുരോഗമിക്കുമ്പോൾ വളർന്നുവന്ന് നായകരാവുന്ന ശക്തമായ കഥാപാത്രങ്ങൾക്കുമുന്നിൽ തുറന്നുകാട്ടപ്പെടും. 'ധുരന്ധർ 2' മാർച്ച് 19-ന് പുറത്തിറങ്ങുന്ന കേവലമൊരു സിനിമയല്ല. ഒച്ചപ്പാടും വ്യാജവീരവാദവും മസാല ട്രീറ്റ്‌മെന്റും മുന്തിനിൽക്കുന്ന സിനിമാ നിർമാണത്തിന്റെ ദിനോസർ യുഗത്തിന് അന്ത്യംകുറിക്കാൻ സാധ്യതയുള്ള ക്ഷുദ്രഗ്രഹത്തിന്റെ ഇടിയാവാം. ഗോൾപോസ്റ്റ് മാറിയിരിക്കുന്നു. കിക്കിന്റെ ദിശമാറിയില്ലെങ്കിൽ കാലൊടിയുമെന്ന് മാത്രമല്ല ചിലപ്പോൾ അംഗച്ഛേദത്തിനുതന്നെ കാരണമായേക്കാം'- അദ്ദേഹം കൂട്ടിച്ചേർത്തു.