ആർക്കും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന സ്നേഹനിധിയായ സുഹൃത്തായിരുന്നു ഭാരതിരാജയെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.

തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് രജനികാന്ത്. തമിഴ് ജനതയുടെ ഹൃദയത്തിൽ ഭാരതിരാജ എന്ന പേര് എന്നെന്നേക്കുമായി നിലനിൽക്കുമെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും രജനികാന്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ദീർഘകാലമായി അസുഖബാധിതനായിരുന്ന ഭാരതിരാജ തന്റെ 84-ാം വയസ്സിലാണ് അന്തരിച്ചത്.
ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, തമിഴ് സിനിമയ്ക്ക് ഭാരതിരാജ നൽകിയ സംഭാവനകളേയും ജനമനസിൽ അദ്ദേഹത്തിനുള്ള ശാശ്വതമായ സ്ഥാനത്തെയും കുറിച്ചാണ് രജനീകാന്ത് മനസുതുറന്നത്. ആറ് തവണ ദേശീയ അവാർഡ് നേടിയ സംവിധായകനെ രജനികാന്ത് ഒരു കുട്ടിയെപ്പോലെ നിഷ്കളങ്കനെന്ന് വിശേഷിപ്പിച്ചു. ഭാരതിരാജ എപ്പോഴും തന്റെ മനസ്സിലുള്ളത് തുറന്നുപറയുന്നയാളാണെന്ന് രജനി പറഞ്ഞു. "അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാൽ, ഇഷ്ടപ്പെട്ടെന്ന് പറയും. ഇല്ലെങ്കിൽ, ഇല്ലെന്ന് പറയും. നിന്നെ എനിക്കിഷ്ടമാണ്, പക്ഷേ നിന്റെ അഭിനയം എനിക്കിഷ്ടമല്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്," രജനികാന്തിന്റെ വാക്കുകൾ.
ഏകദേശം അമ്പത് വർഷത്തിലേറെ നീണ്ട ദൃഢമായ സൗഹൃദമായിരുന്നു തങ്ങൾ ഇരുവരും തമ്മിലുണ്ടായിരുന്നതെന്ന് രജനീകാന്ത് ഓർമിച്ചു. "നിരവധി നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും ചലച്ചിത്ര ലോകത്തേക്ക് അദ്ദേഹം പരിചയപ്പെടുത്തി. നിർമാതാവായാലും സംവിധായകനായാലും മറ്റാരായാലും, പ്രശ്നങ്ങളുമായി വരുന്നവർക്ക് വേണ്ടി ആദ്യം ശബ്ദം ഉയർത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. എത്ര വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹത്തിന്റെ സൃഷ്ടികൾ മറന്നുപോകില്ല. തമിഴ് ജനതയുടെ ഹൃദയത്തിൽ അദ്ദേഹത്തിന്റെ പേര് എന്നെന്നും നിലനിൽക്കും," രജനീകാന്ത് പറഞ്ഞു.
ഭാരതിരാജയ്ക്ക് രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആർ, എം. കരുണാനിധി, ശിവാജി ഗണേശൻ എന്നിവരുമായി അദ്ദേഹം വലിയ സൗഹൃദം പുലർത്തിയിരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന സ്നേഹനിധിയായ സുഹൃത്തായിരുന്നു ഭാരതിരാജയെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
ഭാരതിരാജ ജീവിച്ചിരുന്നപ്പോൾ അവസാനമായി ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും അത് സാധിക്കാത്തതിന്റെ സങ്കടവും രജനികാന്ത് പങ്കുവെച്ചു. അദ്ദേഹം എപ്പോഴും തന്റെ ചിന്തകളിൽ കൂടെയുണ്ടാകുമെന്ന് പറഞ്ഞ താരം പരേതന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഭാരതിരാജയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളായ '16 വയതിനിലേ', 'കൊടി പറക്കുത്' എന്നിവയിൽ രജനികാന്ത് പ്രധാനവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
കമൽ ഹാസൻ, മുഖ്യമന്ത്രി വിജയ്, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സംഗീത സംവിധായകൻ ഇളയരാജ തുടങ്ങി നിരവധി പ്രമുഖരും ഭാരതിരാജയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
Content Highlights: In a deeply moving press address in Chennai, Superstar Rajinikanth expressed his profound grief over the demise of Tamil cinema's pioneering auteur, Bharathiraja. Stating that the legendary director's name is permanently etched into the cultural DNA of the Tamil population, Rajinikanth termed his departure an absolutely irreplaceable loss to the global cinematic landscape. The 6-time National Award winner passed away at his Chennai residence at the age of 84 following age-related complications.
Published: 10 Jun 2026, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented