തമിഴ്നാട്ടില്‍ എത്ര താരങ്ങള്‍ വന്നാലും പ്രതാപം മങ്ങാത്ത നടനാണ് രജനീകാന്ത്. വേറിട്ടതും അതുല്യവുമായ അഭിനയ ശൈലിയാണ് കാരണം.

രജനീകാന്ത് ധനുഷിനൊപ്പം, കമല്‍ഹാസനൊപ്പം | Photo - Mathrubhumi archives, Kamal Haasan X
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനം ആരാധകര്‍ ആഘോഷമാക്കുന്നതിനിടെ താരത്തിന് ആശംസകള്‍നേര്‍ന്ന് സിനിമാലോകം. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ആശംസനേര്‍ന്ന് രംഗത്തെത്തിയതിന് പിന്നാലെ താരങ്ങളായ കമല്‍ഹാസന്‍, ധനുഷ്, എസ്.ജെ സൂര്യ, ജാക്കി ഷറോഫ്, ഖുശ്ബു എന്നിവരെല്ലാം അദ്ദേഹത്തിന് സന്തോഷവും ആരോഗ്യവും നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
'75 വര്‍ഷത്തെ ശ്രദ്ധേയമായ ജീവിതം, ഇതിഹാസ സിനിമകളുടെ 50 വര്‍ഷങ്ങള്‍, എന്റെ സുഹൃത്ത് രജനീകാന്തിന് ജന്മദിനാശംസകള്‍ കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു. 'ജന്മദിനാശംസകള്‍, തലൈവാ എന്ന സന്ദേശമാണ് ധനുഷ് പങ്കുവെച്ചത്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹം കഴിച്ചിരുന്നുവെങ്കിലും ദമ്പതികള്‍ 2022-ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയും കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി പിരിയുകയും ചെയ്തിരുന്നു.
നടന്‍ എസ്.ജെ. സൂര്യ രജനീകാന്തിന് ഹൃദ്യമായ ആശംസകള്‍ നേര്‍ന്നു. 50 വര്‍ഷത്തെ കരിയറില്‍ അദ്ദേഹംചെയ്ത പ്രധാന വേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ അദ്ദേഹം സാമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തയ്യാറാക്കിയ ക്ലിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. 'നമ്മുടെ തലൈവര്‍ക്ക്, ഇതിഹാസ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ജന്മദിനം ആശംസിക്കുന്നു.' എന്നും അദ്ദേഹം കുറിച്ചു.
'75-ാം ജന്മദിനാശംസകള്‍ തലൈവാ. ആരോഗ്യവും സന്തോഷവും നേരുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക. ഞങ്ങളുടെ ജീവിതം മനോഹരമാക്കിയതിന് നന്ദി. നിങ്ങളെ എന്നെന്നും സ്‌നേഹിക്കുന്നു' - സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
രജനീകാന്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡ് താരം ജാക്കി ഷറോഫ് ആശംസകള്‍ നേര്‍ന്നത്. ജനീകാന്തിനൊപ്പമുള്ള പഴയ ചിത്രവും ഒരു പുതിയ ചിത്രവും എക്‌സില്‍ പങ്കുവെച്ചുകൊണ്ടാണ് നടി ഖുശ്ബു സുന്ദര്‍ ആശംസ അറിയിച്ചത്. 'ഇന്ത്യന്‍ സിനിമയുടെ ഏക സൂപ്പര്‍സ്റ്റാര്‍, പത്മവിഭൂഷന്‍ രജനീകാന്തിന് ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകള്‍. അര്‍പ്പണബോധം, കഠിനാധ്വാനം, സ്ഥിരോത്സാഹം, വിനയം, ലാളിത്യം, എപ്പോഴും പോസിറ്റിവിറ്റി എന്നിവയുടെ കേന്ദ്രവും പ്രചോദനവുമാണ് നിങ്ങള്‍ ..' അവര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ആരാധകര്‍ വ്യാഴാഴ്ചതന്നെ ആഘോഷം തുടങ്ങിയിരുന്നു. മധുരയിലെ തിരുമംഗലത്ത് രജനീകാന്തിനായി ക്ഷേത്രം നിര്‍മിച്ചിട്ടുള്ള കാര്‍ത്തിക് താരത്തിന്റെ രൂപമാതൃകയില്‍ ഒന്നരയടി ഉയരവും മൂന്ന് കിലോ ഭാരവുമുള്ള ഐസ്‌ക്രീം കേക്ക് മുറിച്ചാണ് ആഘോഷത്തിന് തുടക്കമിട്ടത്. രജനീകാന്തിന്റെ വിഗ്രഹത്തില്‍ കിരീടമണിയിക്കുകയും പാലും ചന്ദനവും കൊണ്ട് അഭിഷേകവും നടത്തി. ജന്മദിനാശംസകള്‍ നേര്‍ന്ന് 75 ഭാഷകളില്‍ പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തിരുന്നു.
തമിഴ്നാട്ടില്‍ എത്ര താരങ്ങള്‍ വന്നാലും പ്രതാപം മങ്ങാത്ത നടനാണ് രജനീകാന്ത്. വേറിട്ടതും അതുല്യവുമായ അഭിനയ ശൈലിയാണ് കാരണം. ലോകത്തെവിടെയും അദ്ദേഹത്തിന് ആരാധകരുണ്ട്. ജന്മദിനവും സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും ഭാഗമായി രജനിയുടെ സൂപ്പര്‍ഹിറ്റ് സിനിമയായ 'പടയപ്പ' 25 വര്‍ഷത്തിനുശേഷം വെള്ളിയാഴ്ച വീണ്ടും റിലീസ് ചെയ്യുന്നുണ്ട്. 1975 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'അപൂര്‍വ രാഗങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് രജനി അഭിനയരംഗത്തെത്തിയത്.
Content Highlights: Happy 75th Birthday to superstar Rajinikanth! Wishes from Dhanush, Kamal Haasan, SJ Suryah, Jackie Shroff, Khushbu, and more. Celebrating a cinematic legend
Published: 12 Dec 2025, 01:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented