അപകടകരമായ സ്റ്റണ്ട് രംഗങ്ങളിലെല്ലാം തനിക്കുവേണ്ടി അഭിനയിച്ചത് ഡ്യൂപ്പാണെങ്കിലും അവരെ എപ്പോഴും ചേർത്തുനിർത്താൻ രജനി എപ്പോഴും ശ്രമിച്ചിട്ടുണ്ട്.

രജനീകാന്ത്, ബി. ത്യാഗരാജൻ | ഫോട്ടോ: വി.രമേഷ്, ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
സൂപ്പർസ്റ്റാർ രജനീകാന്തിന് ഇന്ന് 75. സ്റ്റൈൽ മന്നൻ മാത്രമല്ല, സഹജീവികളോട് കരുണ പുലർത്തുന്ന പച്ചമനുഷ്യൻകൂടിയാണ് രജനി. സൂപ്പർതാരത്തെ മനുഷ്യൻ എന്ന നിലയിൽ, സ്റ്റണ്ട്മാസ്റ്ററും രജനികാന്തിന്റെ സുഹൃത്തുമായ ത്യാഗരാജൻ നോക്കിക്കാണുന്നു
രജനീകാന്ത് എന്ന നടൻ എനിക്ക് എക്കാലവും പൊള്ളുന്ന ഒരനുഭവമാണ്. തമ്മിൽ കാണുമ്പോഴെല്ലാം ഞങ്ങളുടെ മനസ്സിൽ ഒരു തീ ആളിപ്പടരും. കാലമെത്ര കടന്നുപോയാലും മാഞ്ഞുപോകുന്ന ഒരോർമ്മയല്ല അത്. ഒരിക്കൽ, ഏതോ ഒരു വേദിയിൽ വെച്ച് രജനി എന്നോടു പറഞ്ഞു: ‘‘മാസ്റ്റർ ആ മനുഷ്യരുടെ കരച്ചിൽ ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്’’.
ഞങ്ങളുടെ മനസ്സിൽമാത്രമുള്ള വേദനയായിരുന്നില്ല അത്. അതിന്റെ ആഴങ്ങൾ ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്ന മനുഷ്യർ ഒട്ടേറെയാണ്. നാല്പത്തിയഞ്ചു വർഷങ്ങൾക്കുമുൻപാണ്. ഹേം നാഗ് പ്രൊഡക്‌ഷൻസിനു വേണ്ടി ഐ.വി. ശശി സംവിധാനം ചെയ്ത ‘കാളി’ക്കുവേണ്ടിയാണ് രജനീകാന്തും ഞാനും ഒന്നിച്ചത്. സിനിമയ്ക്കുവേണ്ടിയുള്ള ഞങ്ങളുടെ ആദ്യത്തെ സംഗമമായിരുന്നു അത്. ഒരുപക്ഷേ, അവസാനത്തേതും. തമിഴകത്ത് രജനീകാന്ത് ഒരു തരംഗമായി മാറിത്തുടങ്ങിയ കാലം. തമിഴിലും തെലുഗി ലും നിർമിക്കുന്ന ചിത്രത്തിൽ നായകൻ രജനി തന്നെ. ആക്‌ഷൻ സീനുകൾ അങ്ങേയറ്റം പുതുമനിറഞ്ഞതാവണമെന്ന ഐ.വി. ശശിയുടെ വാക്കുകൾ മനസ്സിൽ ഓർത്തുകൊണ്ടാണ് സ്റ്റണ്ട് രംഗങ്ങൾ കമ്പോസ് ചെയ്തത്.
സംവിധായകനുമായുള്ള ചർച്ചയ്ക്കിടയിൽ ഞാൻ ചോദിച്ചു: ‘‘അപകടം പിടിച്ച ഈ സീനുകൾ ഡ്യൂപ്പില്ലാതെ രജനിക്ക് ചെയ്യാനാവുമോ’’?
‘‘ഡ്യൂപ്പ് വേണ്ടിവരും, എന്നാലും അയാളത് ഗംഭീരമാക്കും’’
‘‘എങ്ങനെ?’’ ഞാൻ ചോദിച്ചു.
‘‘മാഷ് കണ്ടോ... അതിനുള്ള മരുന്ന് അയാളിലുണ്ട്’’ ശശി പറഞ്ഞ മരുന്ന് എന്താണെന്ന് ആദ്യത്തെ സ്റ്റണ്ട് ചിത്രീകരണത്തിൽത്തന്നെ എനിക്ക് മനസ്സിലായി. ആക്‌ഷൻ രംഗങ്ങളിൽ അതുവരെ ആരിലും കാണാത്ത ഒരു പ്രത്യേക സ്റ്റൈൽ എനിക്ക് രജനിയിൽ കാണാൻ കഴിഞ്ഞു. അതുവേണ്ടാ, നമുക്ക് മാറ്റിച്ചെയ്യാമെന്ന് ഒരുവട്ടംപോലും രജനിയോട് ശശിക്ക് പറയേണ്ടതായും വന്നില്ല. അന്നുതൊട്ട് ഇന്നുവരെ രജനീകാന്ത് എന്ന ആക്ടറെ ഫിലിം ഇൻഡസ്ട്രിയിൽ അതിരും എതിരുമില്ലാതെ നിലനിർത്തുന്നത് ആ സ്റ്റൈൽ തന്നെയാണെന്ന് തോന്നിയിട്ടുണ്ട്.
അതിസാഹസികമായ ഒരു ബൈക്ക് ചെയ്സ് ആയിരുന്നു കാളിക്കുവേണ്ടി ആദ്യം ചിത്രീകരിച്ചത്. തമിഴ്നാട്ടിലെ കാഞ്ചീപുരം ഭാഗങ്ങളിലായിരുന്നു ഷൂട്ടിങ്. വില്ലന്റെ സംഘത്തിലെ മുപ്പതോളം പേരുമായുള്ള ഉശിരൻ പോരാട്ടത്തിനൊടുവിൽ ബൈക്കിൽ രക്ഷപ്പെടുന്ന നായകനെ പിന്തുടർന്ന് പിടികൂടുന്നതാണ് രംഗം. രജനീകാന്തിനുവേണ്ടി ഡ്യൂപ്പിട്ടത് എകാംബരം എന്ന ബൈക്ക് ജംപറാണ്. ആ ഫൈറ്റിലെ പലഭാഗങ്ങളും ഏകാംബരം അമ്പരപ്പിക്കും വിധം ചെയ്തെങ്കിലും ഒടുവിൽ അയാൾ അപകടത്തിൽപ്പെട്ടു. നട്ടെല്ലൊടിഞ്ഞ ഏകാംബരത്തെ സഹായിക്കാൻ ആദ്യം മുന്നോട്ടുവന്നവരിൽ ഒരാൾ രജനീകാന്തായിരുന്നു. ‘‘മാസ്റ്റർ... അയാൾക്ക് പഴയ ജീവിതം തിരിച്ചുകൊടുക്കാൻ നമ്മൾക്ക് കഴിയില്ല, പക്ഷേ, മരണംവരെ ഏകാംബരം കഷ്ടപ്പെടരുത്.’’
രജനിയുടേത് വെറുംവാക്കായിരുന്നില്ല. രജനിയുടെ കൈത്താങ്ങ് മരണംവരെ ഏകാംബരത്തിന്റെ ജീവിതത്തിലുണ്ടായി. കാളിയുടെ ക്ലൈമാക്സ് ഫൈറ്റിലാണ് വലിയ അപകടം സംഭവിച്ചത്. തീവലയത്തിനകത്തു വെച്ചുള്ള ഫൈറ്റിൽ രജനിക്ക് ഡ്യൂപ്പായത് സൂപ്പർ സുബ്ബരായനായിരുന്നു. കുതിരപ്പുറത്തിരുന്നുള്ള സംഘട്ടനത്തിൽ തീ ആളിപ്പടർന്നപ്പോൾ സുബ്ബരായനും ഒട്ടേറെ ഡ്യൂപ്പ് ആർട്ടിസ്റ്റുകൾക്കും കുതിരകൾക്കും ഗുരുതരമായി പൊള്ളലേറ്റു. കുതിരപ്പുറത്തുനിന്നും വീണ് ചിലരുടെ െെകയും കാലുമൊടിഞ്ഞു. പലരും മരിക്കുമെന്ന് ഉറപ്പിച്ചഘട്ടത്തിൽ അവരെ മുഴുവൻ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ രജനി മുന്നിൽനിന്നു.
‘‘ഞാനുണ്ട് മാസ്റ്റർ... നിങ്ങൾ ഭയപ്പെടേണ്ട. എത്ര പണം വേണ്ടി വന്നാലും ഞാൻ ചെലവാക്കും. അവരെല്ലാം എന്റെ സഹോദരങ്ങളാണ്’’ മദ്രാസിലെ വിജയാ ഹോസ്പിറ്റലിനുമുന്നിൽ വെച്ച് രജനി പറഞ്ഞ വാക്കുകൾ മരണംവരെ ഞാൻ മറക്കില്ല.
തന്റെ സഹപ്രവർത്തകർക്ക് അപകടം വരുമ്പോഴെല്ലാം ഒപ്പം നിൽക്കാനും സഹായിക്കാനും വലിയ മനസ്സുകാണിക്കുന്ന നടന്മാരിൽ ഒരാളാണ് രജനി. കാളിയുടെ ചിത്രീകരണം കഴിഞ്ഞുമടങ്ങുമ്പോൾ രജനിക്ക് വലിയ വിഷമമുണ്ടായിരുന്നു. തന്റെ സിനിമയിലാണല്ലോ ഇങ്ങനെയുള്ള ദുരന്തങ്ങളുണ്ടായതെന്ന വേദന. ‘‘നമ്മൾക്ക് ഇനിയും ഒന്നിക്കണം മാസ്റ്റർ’’എന്നുപറഞ്ഞാണ് കാളിയുടെ സെറ്റിൽനിന്ന് രജനി പോയത്.
അക്കാലത്ത് മലയാളത്തിൽ ഞാൻ ഒട്ടേറെ പടങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ സിനിമകളുടെ കോൺട്രാക്ടും ഒപ്പിട്ടിരുന്നു. പിന്നീട് രജനിയുടെ പല സിനിമകളിലേക്കും ഫൈറ്റ് മാസ്റ്ററായി എന്നെ വിളിച്ചെങ്കിലും തിരക്കുകാരണം അതൊന്നും ഏറ്റെടുക്കാൻ കഴിഞ്ഞില്ല. എങ്കിലും സിനിമയ്ക്ക് വേണ്ടിയല്ലാത്ത സംഗമങ്ങൾ വീണ്ടുമുണ്ടായി. അപ്പോഴെല്ലാം രജനി ചോദിച്ചത് ഡ്യൂപ്പ് ആർട്ടിസ്റ്റുകളെക്കുറിച്ചാണ്. അവരുടെ പ്രയാസങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞു. പലരെയും സഹായിച്ചു. ‘‘ഞാൻ കൊടുക്കുന്ന പണം അവരുടേത് കൂടിയാണ്. അവരുടെ വിയർപ്പും ചോരയുംകൂടിയാണ് എന്റെ സിനിമകൾ’’ ഇങ്ങനെയൊന്നും അധികം പേർക്കും പറയാനാവില്ല.
അപകടകരമായ സ്റ്റണ്ട് രംഗങ്ങളിലെല്ലാം തനിക്കുവേണ്ടി അഭിനയിച്ചത് ഡ്യൂപ്പാണെങ്കിലും അവരെ എപ്പോഴും ചേർത്തുനിർത്താൻ രജനി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. കാളി നൽകിയ പൊള്ളലിന്റെ ഓർമ്മകൂടിയാവാം രജനീകാന്തിന് അത്.
Content Highlights: Rajinikanth at 75: A Stunt Master's Tribute to the 'Man' Behind the Superstar
Published: 12 Dec 2025, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented