1990-ൽ പുറത്തുവന്ന ആഷിഖി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുൽ റോയ്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ അനു അ​ഗർവാൾ ആയിരുന്നു നായിക. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാഹുൽ റോയ് നായകനായി പിന്നെയും ചിത്രങ്ങൾ വന്നു. 2020-ൽ രാഹുലിന് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞിരുന്ന അദ്ദേഹം തന്റെ പ്രതിസന്ധിഘട്ടത്തിൽ സഹായിച്ചത് സൽമാൻ ഖാനാണെന്നും മഹേഷ് ഭട്ടോ പൂജാ ഭട്ടോ വിളിച്ചുനോക്കുക പോലും ചെയ്തില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ്.

To advertise here,

ആരോ​ഗ്യം വീണ്ടെടുത്തശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ റോയ് തന്റെ ആശുപത്രിക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്തത്. മസ്തിഷാകാഘാതം വന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുമ്പോൾ അടുത്ത ബന്ധുക്കളോ സിനിമയിലെ സുഹൃത്തുക്കളോ വിളിക്കുക പോലും ചെയ്തില്ലെന്ന് രാഹുൽ റോയ് പറഞ്ഞു. മഹേഷ് ഭട്ട്, അദ്ദേഹത്തിന്റെ മകൾ പൂജാ ഭട്ട്, രവീണ ടണ്ഠൻ, മനീഷാ കൊയ്രാള, കരിഷ്മ കപൂർ പോലുള്ള സമകാലീനരൊന്നും തന്നെക്കുറിച്ച് അന്വേഷിച്ചില്ല. പക്ഷേ അതിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ചികിത്സയിലായി മൂന്നര വർഷമായിട്ടും സ്വന്തം സഹോദരൻ പോലും കാര്യങ്ങൾ തിരക്കി വിളിച്ചിട്ടില്ലെന്നും പിന്നെങ്ങനെയാണ് സിനിമാതാരങ്ങളിൽ നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിക്കുകയെന്ന് അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന സഹോദരി പ്രിയങ്ക ചോദിച്ചു. അദിതി ​ഗോവിത്രികർ, സുചിത്ര പിള്ള എന്നിവരെപ്പോലെ കുറച്ചുപേരാണ് സഹായിക്കാൻ മുന്നോട്ടുവന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സാമ്പത്തികമായി ബുദ്ധിമുട്ടിലായപ്പോൾ നടൻ സൽമാൻ ഖാനാണ് ആശുപത്രിയിലെ ബില്ലടയ്ക്കാൻ സഹായിച്ചതെന്ന് അവർ ഓർമിച്ചു.

"രാഹുൽ ഏതവസ്ഥയിലാണെന്ന് സൽമാന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ വിളിച്ചു. അദ്ദേഹം അതൊരു വാർത്തയാക്കിയില്ല. കാരണം ഇതൊരു അവാർഡ്ദാന ചടങ്ങൊന്നുമായിരുന്നില്ലല്ലോ. അദ്ദേഹം അമൂല്യമായ മുത്ത് തന്നെയാണ്." പ്രിയങ്ക പറഞ്ഞു. ഫെബ്രുവരിയിലാണ് കുടിശ്ശികയായിക്കിടന്ന ബില്ലുകൾ സൽമാൻ അടച്ചുതന്നതെന്ന് രാഹുലും ഓർത്തെടുത്തു. രണ്ട് ലക്ഷത്തോളം രൂപയാണ് ബില്ലായി സൽമാൻ അടച്ചത്. അത് എന്നെങ്കിലും തിരിച്ചുകൊടുക്കണം. സിനിമയിലേക്ക് തിരിച്ചുവരണമെന്ന് രാഹുൽ ആ​ഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

22-ാമത്തെ വയസിലാണ് രാഹുൽ റോയ് ആഷിഖിയിൽ അഭിനയിച്ചത്. 2006-ൽ ആദ്യ ബി​ഗ് ബോസ് വിജയി കൂടിയായിരുന്നു രാഹുൽ.