പ്രസവശേഷം ശരീരഭാരം കൂടിയതിന്റെ പേരിൽ നേരിടേണ്ടിവന്ന പരിഹാസങ്ങളും വിമർശനങ്ങളും തന്നെ മാനസികമായി ബാധിച്ചിരുന്നുവെന്ന് ബോളിവുഡ് താരം നേഹ ധൂപിയ. പ്രസവശേഷം ശരീരം പഴയരീതിയിലേക്ക് തിരിച്ചെത്താൻ ഓരോ സ്ത്രീക്കും വ്യത്യസ്ത സമയമാണ് ആവശ്യമെന്നും മറ്റുള്ളവരുടെ പ്രതീക്ഷകൾക്കനുസരിച്ച് സ്വയം മാറാൻ ശ്രമിക്കരുതെന്നും താരം പറഞ്ഞു. 46-ാം വയസ്സിൽ തന്റെ പ്രസവാനന്തര അനുഭവങ്ങൾ തുറന്നുപറയുകയായിരുന്നു നേഹ. ഗൗഹർ ഖാൻ അവതാരകയായെത്തുന്ന ദ ഫോർത്ത് ട്രൈമെസ്റ്റർ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം. പ്രസവശേഷമുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും ആ സമയത്ത് നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും നേഹ മനസ്സുതുറന്നു.

To advertise here,

ശരീരത്തെക്കുറിച്ചുള്ള കമന്റുകൾ വേദനിപ്പിച്ചു

ഇപ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും എന്നാൽ പ്രസവശേഷമുള്ള ആദ്യകാലം അത്ര എളുപ്പമായിരുന്നില്ലെന്നും നേഹ പറഞ്ഞു. 'ഇപ്പോൾ എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് ആത്മവിശ്വാസമുണ്ട്. എന്നാൽ തുടക്കത്തിൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതിനുപുറമേ പുറത്തുനിന്നുള്ളവരുടെ വിധിയെഴുത്തുകളും. അതൊന്നും എന്നെ ബാധിക്കില്ലെന്ന് എത്രതന്നെ സ്വയം പറഞ്ഞാലും യാഥാർഥ്യം അങ്ങനെയല്ല. അത് എന്നെ ഒരുപാട് ബാധിച്ചു. എന്റെ രൂപത്തെയും ആളുകൾ നടത്തിയ കമന്റുകളെയും കുറിച്ച് ഞാൻ ആശങ്കപ്പെട്ടിരുന്നു,' നേഹ പറഞ്ഞു. താൻ പ്രസവിച്ച അതേ സമയത്ത് അമ്മമാരായ മറ്റു ചില സ്ത്രീകൾ വളരെ ഫിറ്റായ ശരീരപ്രകൃതിയോടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതും താരത്തെ താരതമ്യത്തിനും വിമർശനങ്ങൾക്കും വിധേയയാക്കി. ഇത്തരം കമന്റുകൾ തന്നെ മാനസികമായി ബാധിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി.

ഓരോ അമ്മയ്ക്കും വേണ്ടത് സ്വന്തം സമയമാണ്

പ്രസവശേഷം ശരീരം വീണ്ടെടുക്കുന്ന കാര്യത്തിൽ എല്ലാ സ്ത്രീകൾക്കും ഒരേ അനുഭവമല്ല ഉണ്ടാകുന്നതെന്ന് നേഹ ഓർമിപ്പിച്ചു. മറ്റുള്ളവരുമായി സ്വന്തം ശരീരത്തെ താരതമ്യം ചെയ്യാതെ, സുഖം പ്രാപിക്കാൻ ആവശ്യമായ സമയവും പരിചരണവും സ്വയം നൽകണം.' എന്റെ അനുഭവങ്ങളിൽനിന്ന് പുതിയ അമ്മമാരോട് പറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. നിങ്ങൾക്ക് ആവശ്യമായ സമയം എടുക്കുക. നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സുഖം പ്രാപിക്കുക. നിങ്ങളുടെ ആരോഗ്യത്തിനും വീണ്ടെടുപ്പിനും ആവശ്യമായ കാര്യങ്ങൾ സ്വയം തീരുമാനിക്കുക. അതിനായി നിങ്ങളുടേതായ നിയമങ്ങൾ ഉണ്ടാക്കുക. സുഖം പ്രാപിക്കാൻ ആവശ്യമായ സമയവും ഇടവും സ്വയം അനുവദിക്കുക,' താരം പറഞ്ഞു.

ഒരിക്കൽ മാത്രമാണ് വിമർശനത്തോട് പ്രതികരിച്ചത്

പ്രസവശേഷമുള്ള ശരീരഭാരത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും പലതരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടിവന്നെങ്കിലും അവയോട് പൊതുവിൽ പ്രതികരിക്കാൻ താൻ ശ്രമിച്ചിരുന്നില്ലെന്ന് നേഹ പറഞ്ഞു. എന്നാൽ ഒരു വനിതാ മാധ്യമപ്രവർത്തക തന്റെ ഭാരത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ മാത്രം പ്രതികരിക്കേണ്ടിവന്നു.' ഞാൻ ഒരിക്കലും ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിട്ടില്ലെന്ന് പറയാം. എന്നാൽ അവയൊന്നും എന്നെ ബാധിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. എന്റെ ഭാരത്തെക്കുറിച്ച് വിമർശിച്ച ഒരു വനിതാ മാധ്യമപ്രവർത്തകയോട് മാത്രമാണ് ഒരിക്കൽ പ്രതികരിച്ചത്. കാരണം, ഒരുപാട് ധൈര്യവും ആത്മവിശ്വാസവും ആവശ്യമാണ് ഒരമ്മയ്ക്ക് വീണ്ടും വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ.

അതൊരു പ്രക്രിയയാണ്,' നേഹ വ്യക്തമാക്കി.വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും അണിയറയിൽ ഒരു ടീമിനൊപ്പം പ്രവർത്തിക്കുന്നതും അതിനുശേഷം ഏത് വസ്ത്രമാണ് നന്നായതെന്നും ഏതാണ് നന്നാകാത്തതെന്നുമുള്ള അഭിപ്രായങ്ങൾ കേൾക്കുന്നതുമെല്ലാം ഈ സമയത്ത് സ്ത്രീകളെ സ്വാധീനിക്കാറുണ്ട്. പലപ്പോഴും അറിയാതെ തന്നെ ഇത്തരം അഭിപ്രായങ്ങൾ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

രണ്ട് കുട്ടികളുടെ അമ്മയാണ് നേഹ. നടൻ അംഗദ് ബേദിയാണ് നേഹ ധൂപിയയുടെ ഭർത്താവ്. ഇരുവർക്കും മെഹറെന്നും, ഗുരിക്  എന്നും പേരുള്ള രണ്ട് കുട്ടികളുണ്ട്.