അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർക്കാർ സഹായം ഏത് ഘട്ടത്തിലും നൽകാൻ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയെയും ചെയർപേഴ്സൺ രവീന്ദ്രന്റെ നേതൃത്വത്തെയും പ്രവർത്തനങ്ങളെയും പ്രശംസിച്ച് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (Kerala International Film Festival – IFFK 2026) യുടെ വേദിയൊരുക്കൽ ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി രവീന്ദ്രൻ ഏലിയാസിനെ അഭിനന്ദിച്ചത്. അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർക്കാർ സഹായം ഏത് ഘട്ടത്തിലും നൽകാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. രവീന്ദ്രനൊപ്പം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംകുമാർ, KSFDC വൈസ് ചെയർമാൻ ആലപ്പി അഷ്റഫ്, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ എം. രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രിയങ്ക നായർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
മന്ത്രി പി.സി. വിഷ്ണുനാഥിന്റെ വാക്കുകൾ:
ലോകത്തെ ചലച്ചിത്ര പ്രേമികളെല്ലാം വളരെ താൽപര്യത്തോടുകൂടി നോക്കിക്കാണുന്ന ഒരു ഫെസ്റ്റിവലാണ് ഐഎഫ്എഫ്കെ (IFFK). ഓരോ വർഷവും നമ്മൾ ഐഎഫ്എഫ്കെ കൂടുതൽ മികവുറ്റതാക്കാനുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. മറ്റ് ഫെസ്റ്റിവലുകളിൽ നിന്നും വ്യത്യസ്തമായി ജനകീയമാണ് ഇത്. ഒരുപക്ഷേ ഏറ്റവും ജനകീയമായ ചലച്ചിത്രമേള ഏതെന്ന് ചോദിച്ചാൽ, നമുക്കത് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയാണെന്ന് നിസ്സംശയം പറയാൻ കഴിയും.
ജനകീയമാക്കുന്നതിന്റേതായിട്ടുള്ള ഒരുപാട് പ്രയാസങ്ങൾ അക്കാദമി അതിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്നുണ്ട്. എങ്കിലും മേളയുടെ ജനകീയതയ്ക്ക് ഒരു കുറവും വരാതെ ഈ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ ചലച്ചിത്ര അക്കാദമി എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു എന്ന് പറയുമ്പോൾ ഭൗതികമായ പ്രവർത്തനങ്ങൾ, ഇതിന്റെ ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യങ്ങൾ മാത്രമാണ്. ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എത്രയോ നാളുകൾക്ക് മുൻപ് ആരംഭിച്ചതാണ്. 836-ഓളം സിനിമകളാണ് ഇത്തവണ വന്നതെന്ന് അറിയാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 36 സിനിമകൾ കൂടുതലായി വന്നു. ആ സിനിമകളിൽ നിന്നും ഫെസ്റ്റിവലിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള സിനിമകൾ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി ജൂറി അത് കാണുന്ന ഒരു പ്രക്രിയ അതിനുശേഷം നടന്നു. അതിനുശേഷം സെലക്ഷൻ ചെയ്ത സിനിമകളെല്ലാം ഇപ്പോൾ തന്നെ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ആ കാര്യങ്ങൾ കഴിഞ്ഞു. ഈ സിനിമകൾ ഇനി സെൻസർ എക്സംപ്ഷന് (Censor Exemption) വേണ്ടിയിട്ട് അയയ്ക്കുന്ന പ്രക്രിയ അക്കാദമി പൂർത്തിയാക്കി. അതുകഴിഞ്ഞു. ഇനി നേരിട്ടുള്ള ഫെസ്റ്റിവലിന്റെ മറ്റ് കാര്യങ്ങൾ നടത്തുകയാണ്.
കഴിഞ്ഞ വർഷം ആരംഭിച്ചതുപോലെ നവംബർ 25-ന് തന്നെ ഡെലിഗേറ്റ് രജിസ്ട്രേഷനും ആരംഭിക്കാൻ കഴിയുമെന്ന് ചെയർമാനും ഭരണസമിതിയും എന്നോട് പറഞ്ഞിട്ടുണ്ട്. തീർച്ചയായും എല്ലാവർക്കും അറിയാം ഈ കാത്തിരിപ്പ് എന്ന് പറഞ്ഞു കഴിഞ്ഞാൽ... ഞാൻ ഇതിനായി കാത്തിരുന്നിട്ടുള്ള ഒരാളായതുകൊണ്ട് എനിക്ക് നന്നായിട്ട് ഉള്ളിൽ നിന്ന് ഇത് അനുഭവിക്കാൻ കഴിയുന്ന ഒരാളാണ്. ഒരു ഫെസ്റ്റിവൽ സമാപിച്ചു കഴിഞ്ഞാൽ ആ സമാപിക്കുന്ന അന്നു മുതൽ അടുത്ത ഫെസ്റ്റിവലിലേക്കുള്ള ഒരു കാത്തിരിപ്പാണ്.
അപ്പോൾ ഒരു 10-15,000 ആളുകൾ കാത്തിരിക്കുകയാണ്, ഡിസംബർ 11 ആവാൻ, ഇവിടേക്ക് എത്താൻ, സിനിമകൾ കാണാൻ. സിനിമ കാണൽ മാത്രമല്ല, ഈ ഫെസ്റ്റിവലിന് എത്തുക എന്ന് പറഞ്ഞാൽ ഒരു ഉത്സവത്തിന്റെ ഭാഗമാവുക എന്നുള്ളതാണ്. ചലച്ചിത്ര ഉത്സവം തന്നെയാണ് ഇവിടെ നടക്കുന്നത്. അപ്പോൾ മേളയ്ക്കായി കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങൾ നല്ല നിലയിൽ നടത്തുന്ന രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അക്കാദമി, അതിനകത്ത് ഭരണസമിതി മാത്രമല്ല, ഭരണസമിതി ഒരുവശത്ത്, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ... എല്ലാവരും അവരുടെ ഉത്തരവാദിത്തത്തിൽ നിന്നുകൊണ്ട് ആ കാര്യങ്ങളെല്ലാം കൃത്യമായി നിർവഹിച്ച് മുന്നോട്ടു പോകുന്നുണ്ട്.
അക്കാദമി ആവശ്യപ്പെടുന്ന എല്ലാ സഹായവും നൽകാൻ ഗവൺമെന്റ് എപ്പോഴും സന്നദ്ധമാണ്. അവിസ്മരണീയമായ ഒരു ചലച്ചിത്ര ഉത്സവമായി IFFK ആഘോഷിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Content Highlights: Cultural Affairs and Tourism Minister P.C. Vishnunath lauded the Kerala State Chalachitra Academy and its chairperson Raveendran Elias during the venue preparation ceremony for the 31st International Film Festival of Kerala (IFFK 2026) in Thiruvananthapuram, assuring full government support while announcing that delegate registration for the festival—starting December 11—will open on November 25.
Published: 21 Nov 2026, 11:23 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented