
ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാ ബാഹുല്യവും, അതിനെ കൈകാര്യം ചെയ്യാനുള്ള ബിസിസിഐയുടെ കഴിവുകേടും, അതുകാരണം അവഗണന നേരിടുന്ന മൂന്ന് സമകാലിക ക്രിക്കറ്റർമാരേയും കുറിച്ചുമായിരുന്നു കഴിഞ്ഞ ലക്കം GROUND REALITY. ഇത്തരം ക്രിക്കറ്റർമാരിൽ സവിശേഷമായ ഒരു വിഭാഗമുണ്ട്. ഇക്കൂട്ടർ പരിഗണിക്കപ്പെടുന്നുവെന്ന് തോന്നിപ്പിക്കുകയും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്യും. എന്നാൽ നീതിനിഷേധിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും ഇവർ. ഇവരിൽ ഒരാളാണ് സഞ്ജു സാംസൺ.
സഞ്ജു സാംസൺ 2015-ൽ തുടക്കം കുറിച്ചശേഷം, അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചവരുടെ എണ്ണം അറിയാമോ, 83 പേർ!!! 16 വർഷത്തിനിടെ 83 പുതിയ കളിക്കാർ. ഇത്രയുംപേരുടെ പ്രകടനം ബിസിസിഐ എങ്ങനെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും? ഇവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യൻ ക്യാപ്പിന് അർഹതയില്ലാത്ത ക്രിക്കറ്റർമാരായിരുന്നു. ശരാശരിക്കാരുടെ ഈ തള്ളിക്കയറ്റത്തിനിടയിൽ യഥാർഥ പ്രതിഭകൾ ശ്വാസംമുട്ടി ഇല്ലാതാകുന്നു. സഞ്ജു സാംസണും ഇപ്രകാരമൊരു ഇരയാണ്.
മറ്റൊരു കൗതുകകരമായ കാര്യം ശ്രദ്ധിക്കുക. സഞ്ജുവിന്റെ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റന്മാരായത് 20 പേർ... !!! അതേ, 16 വർഷത്തിനിടെ 20 ക്യാപ്റ്റന്മാർ. സഞ്ജു സാംസണെ ചാപ്പകുത്തിയ ട്വന്റി ട്വന്റിയിൽ മാത്രം 12 ക്യാപ്റ്റന്മാർ ഇന്ത്യയെ നയിച്ചു. ഇത്രയും ക്യാപ്റ്റന്മാരുടെ മുൻഗണനകളോടും ഇഷ്ടാനിഷ്ടങ്ങളോടും പൊരുത്തപ്പെട്ട് ഒരു കളിക്കാരന് എങ്ങനെ ടീമിൽ സ്ഥാനം നേടാനാവും. ആ സ്ഥാനം എങ്ങനെ ഉറപ്പിക്കാൻ കഴിയും. കിട്ടിയ അവസരങ്ങളിൽ ഒന്ന് പാളിപ്പോയാൽ തിരിച്ചുവരാൻ എത്രത്തോളം കഴിയും?
മറ്റൊരു വസ്തുത നോക്കുക. 2015 ജൂലായിൽ സിംബാബ്വെയ്ക്കെതിരെ ടി20യിൽ അരങ്ങേറ്റം കുറിച്ച ശേഷം സഞ്ജു സാംസൺ രണ്ടാമത്തെ മത്സരം കളിക്കുന്നത് നാലര വർഷത്തിന് ശേഷമാണ്. കൃത്യമായി പറഞ്ഞാൽ 4 വർഷവും 175 ദിവസത്തിനും ശേഷം, 2020 ജനുവരി 10ന് ശ്രീലങ്കയ്ക്കെതിരെ. സഞ്ജുവിന്റെ ഒന്നും രണ്ടും മത്സരങ്ങൾക്കിടയിലെ ഈ കാലദൈർഘ്യം ഒരു ലോക റെക്കോഡാണ്!!! (ഒരു കളിക്കാരനും ആഗ്രഹിക്കാത്ത റെക്കോഡ്). ഈ കാലയളവിനിടയിൽ ഇന്ത്യ 73 ടി-20 മത്സരങ്ങൾ കളിക്കുമ്പോൾ സഞ്ജു പുറത്തിരിക്കുകയായിരുന്നു. തന്റെ പ്രതിഭ അടയാളപ്പെടുത്തേണ്ട 21 വയസ്സിനും 26 വയസ്സിനുമിടയിൽ അവസരം കിട്ടാതെ പുറത്ത്.
ഇനി ഏകദിന മത്സരങ്ങളുടെ കാര്യമെടുക്കാം. 2021 ജൂലായിൽ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ശേഷം സഞ്ജു രണ്ടാമത്തെ ഏകദിന മത്സരം കളിക്കുന്നത് ഒരു വർഷത്തിന് ശേഷമാണ്. 2022 ജൂലായിൽ വെസ്റ്റിൻഡീസിനെതിരെ. ഏകദിന പരമ്പരകൾക്കിടയിൽ സഞ്ജു പുറത്തിരിക്കേണ്ട ശരാശരി ഇടവളേ 5 മുതൽ 6 മാസം വരെയാണ്. അതായത് ഒരു പരമ്പര കളിച്ച് ശരാശരി ആറുമാസത്തിന് ശേഷമാണ് സഞ്ജുവിന് അടുത്ത ഏകദിന പരമ്പര കളിക്കാൻ അവസരം കിട്ടുന്നത്. ഈ അഞ്ച് വർഷത്തിനിടെ കളിച്ചതാവട്ടെ വെറും 16 ഏകദിന മത്സരങ്ങൾ മാത്രം.
അടുത്ത മത്സരത്തിൽ ടീമിൽ തന്റെ സ്ഥാനം ഉറപ്പില്ലാതെയാണ് ഈ 32-ാം വയസ്സിലും സഞ്ജു കളിച്ചുകൊണ്ടേയിരിക്കുന്നത്. ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം ഇതിൽപ്പരം സമ്മർദമുണ്ടാക്കുന്ന പ്രതിസന്ധി എന്തുണ്ട്? നിരന്തരം മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയ്ക്കായി കളിച്ചുകൊണ്ടേയിരിക്കാൻ എല്ലാ കളിക്കാർക്കും സമ്മർദമുണ്ട്. അത് വേണം താനും. എന്നാൽ, ഒന്നുപിഴച്ചാൽ അപ്പോൾതന്നെ സ്ഥാനം തെറിക്കും എന്ന ആകുലതയോടെ നിരന്തരം കളിക്കേണ്ടിവരുന്ന സാഹചര്യം പ്രതിഭാധനരെ സംബന്ധിച്ചിടത്തോളം ക്രൂരമായ അനുഭവമാണ്. പ്രത്യേകിച്ചും ഇത്തരം പ്രതിസന്ധികളിലൂടെ കടുന്നുപോകുന്ന മറ്റു പലർക്കും, ക്യാപ്റ്റന്മാരുടെയും സെലക്ടർമാരുടെയും അതത് ക്രിക്കറ്റ് അസോസിയേഷനുകളുടെയും പിന്തുണ ലഭിക്കുമ്പോൾ. ഫലത്തിൽ, ഒരു തുടക്കക്കാരന്റെ മാനസികാവസ്ഥയിൽ കളിച്ചുകൊണ്ടേയിരിക്കേണ്ടി വരുന്നു സഞ്ജു സാംസണെ പോലുള്ള ക്രിക്കറ്റർമാർക്ക്. കിട്ടുന്ന അവസരങ്ങളിലെല്ലാം, അമിത സാഹസബുദ്ധിയോടെ കളിക്കേണ്ടിവരുന്നു ഇവർക്ക്. കരയിലിരുന്ന് കളി കാണുന്നവർക്ക് എന്തും പറയാം. ''റിസ്ക് എടുക്കേണ്ട വല്ലകാര്യമുണ്ടായിരുന്നോ...? വിക്കറ്റ് കളഞ്ഞുകുളിച്ചു....'' തുടങ്ങി ഏതറ്റംവരെയും പോകാം ഈ വിമർശനങ്ങൾ.
സഞ്ജുവിൽ ഒരു ഏകദിന ക്രിക്കറ്ററും ടെസ്റ്റ് ക്രിക്കറ്ററും ഉണ്ടെന്ന കാര്യം തിരച്ചറിയാനുള്ള പഠിപ്പുപോലുമില്ലേ ബിസിസിഐ നിങ്ങൾക്ക്..?
ഒരു കളിക്കാരന്റെ കഴിവുകളെ ചെറുപ്പത്തിൽത്തന്നെ തിരിച്ചറിയാനുള്ള മിടുക്കല്ലേ നമ്മുടെ സെക്ടർമാർക്കും കോച്ചുമാർക്കും ആദ്യം വേണ്ടത്. സഞ്ജുവിനെ പോലെ ഇത്ര കൃത്യതയോടെ ഷോട്ടിനായി പൊസിഷനിൽ എത്തുകയും അനായാസതയോടെയും വ്യക്തതയോടെയും ഷോട്ട് കളിക്കുകയും ചെയ്യുന്ന ബാറ്റർമാർ വിരളമാണ്. ഇവരെ പരിരക്ഷിക്കേണ്ട ഉത്തരവാദിത്വം ബിസിസിഐയ്ക്ക് ഇല്ലേ?
അനർഹർക്ക് അവസരം നൽകുകവഴി അർഹരുടെ സാധ്യതയും വളർച്ചയും തടസ്സപ്പെടുന്നു. അല്പവിഭവന്മാരെ പരിഗണിക്കുന്നതുവഴി യഥാർത്ഥ പ്രതിഭകൾ മിന്നിമറയുന്നു. സഞ്ജുവിന്റെ ശിഷ്ട (ക്രിക്കറ്റ്) ജീവിതമെങ്കിലും ശുഭകരമാവട്ടെ.
Content Highlights: Sanju Samson holds an unwanted world record with a 4-year and 175-day gap between his 1st and 2nd T20I matches
Published: 21 Nov 2026, 03:38 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented