'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് അടിയന്തരമായി റദ്ദാക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. ചിത്രം രാവണനെ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പ്രദർശനം നിർത്തിവെക്കണമെന്നും വി.എച്ച്.പി. ആവശ്യപ്പെട്ടു.

To advertise here,

വാല്മീകി രാമായണത്തിലെ പല ഭാഗങ്ങളും ചിത്രത്തിൽ വളച്ചൊടിച്ചുവെന്ന് വി.എച്ച്.പി. ജനറൽ സെക്രട്ടറി ബജ്റംഗ് ലാൽ ബഗ്ര പ്രസ്താവനയിൽ ആരോപിച്ചു. കെട്ടിച്ചമച്ച സംഭവങ്ങൾ കൂട്ടിച്ചേർത്തു. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെ ഒഴിവാക്കിയെന്നും ബഗ്ര പ്രസ്താവനയിൽ പറഞ്ഞു.

ഇതിഹാസത്തെ വികൃതമാക്കാനും ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയിലൂടെ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശ്രീരാമന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായ അഹല്യാമോക്ഷം, നിഷാദരാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ ഭാഗങ്ങൾ സിനിമയിൽ പരാമർശിച്ചിട്ടുപോലുമില്ലെന്ന് ബഗ്ര ചൂണ്ടിക്കാട്ടി. 'സന്യാസിമാരുടെയും മുനിമാരുടെയും ആത്മീയ സാധനകൾക്കും യജ്ഞങ്ങൾക്കും ഗുരുകുലങ്ങൾക്കും തടസ്സം സൃഷ്ടിച്ച, സമൂഹത്തിന്റെ ശത്രുക്കളായ രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുക എന്ന ശ്രീരാമന്റെ മഹത്തായ ദൗത്യത്തെ, ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള പ്രതികാരമായുള്ള വ്യക്തിപരമായ പോരാട്ടമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

അഹങ്കാരിയായ രാവണനെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായി മഹത്വവക്‌രിച്ചുകൊണ്ട് രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നും ബഗ്ര ആരോപിച്ചു. അറിവിന്റെയും ഭക്തിയുടെയും ശക്തിയുടെയും പരകോടിയിൽ എത്തിയെങ്കിലും, അഹങ്കാരം മൂലം സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങളെയും ഭയപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്ത അധാർമികനായിരുന്നു രാവണൻ. രാമായണത്തിന്റെ എല്ലാ പതിപ്പുകളിലും ഇത് വ്യക്തമായി വിവരിച്ചിട്ടുണ്ടെന്നും ബഗ്ര ചൂണ്ടിക്കാണിച്ചു.

സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന പാരമ്പര്യത്തിലും ശ്രീരാമനിലും രാമായണത്തിലും ആഴത്തിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങളെ ചിത്രം മുറിപ്പെടുത്തിയെന്ന് ബഗ്ര പറഞ്ഞു. രാമായണത്തെ ഇത്തരത്തിൽ വളച്ചൊടിക്കുന്നത് സമൂഹത്തിന്റെ വിശ്വാസപരമായ അടിത്തറയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾ വെച്ച് കളിക്കാനുള്ള ഇത്തരം ശ്രമങ്ങൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നും ബഗ്ര പറഞ്ഞു.

നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്രയും യഷും ചേർന്ന് നിർമിച്ച 'രാമായണ: റൈസ് ഓഫ് എ ലെജൻഡി'ൽ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുന്നു. യഷ് ആണ് രാവണനായെത്തിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തെത്തുന്നത്. നവംബർ അഞ്ചിനാണ് ആദ്യഭാഗം റിലീസ് ചെയ്തത്. രണ്ടാംഭാഗം 2028-ൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.