മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന 'അതിമനോഹരം' സിനിമയുടെ വ്യാജ പോസ്റ്ററുകൾക്കെതിരെ സംവിധായകൻ തരുൺ മൂർത്തി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തിറക്കാത്ത, ആരാധകർ സ്വയം നിർമിക്കുന്ന പോസ്റ്റുകൾ പ്രേക്ഷകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് സംവിധായകൻ കുറിച്ചു. തിയേറ്ററിൽ സ്ഥാപിച്ച വ്യാജബോർഡുകളിൽ (സ്റ്റാൻഡീ) ഒന്ന് പങ്കുവെച്ചായിരുന്നു തരുൺ മൂർത്തിയുടെ പ്രതികരണം.

To advertise here,

'സംവിധായകൻ എന്ന നിലയിൽ, ആരാധകരുടെ ഇത്തരം പ്രൊമോഷനുകൾ തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്ന് ഞാൻ കരുതുന്നു. പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുവാദമോ ഇല്ലാതെ, നിർമാണക്കമ്പനിയുടെ ലോഗോയും സംവിധായകന്റെ പേരും ഉപയോഗിച്ച് ഇത്തരം പരസ്യങ്ങൾ സ്ഥാപിക്കുന്നത് പ്രേക്ഷകർക്കിടയിൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കാനേ വഴിവെക്കൂ', തരുൺ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

'ക്രിയേറ്റീവ് ടീമും പ്രൊഡക്ഷൻ ഹൗസും ലാലേട്ടന്റെ യഥാർഥ ആരാധകരും ചേർന്ന് കൃത്യമായ ഇടവേളകളിൽ ചിത്രത്തിന്റെ സ്വഭാവത്തിനും ശൈലിക്കും അനുയോജ്യമായ പരസ്യങ്ങൾ പുറത്തിറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വളരെയധികം മാനസിക സമ്മർദത്തോടെ ഇക്കാര്യം ഞാൻ ഒരിക്കൽകൂടെ അടിവരയിടുകയാണ്, കാരണം ഞങ്ങൾ വിഭാവനം ചെയ്ത രീതിയിൽ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു', സംവിധായകൻ വ്യക്തമാക്കി.

'പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട ഘടകങ്ങൾ (പോലീസ് പ്രൊസീജറൽ) അടങ്ങിയ ഫാമിലി ഡ്രാമയാണ് 'അതിമനോഹരം'. ദയവായി ഞങ്ങളുടെ ശ്രമങ്ങളെ മാനിക്കണം. ഞങ്ങൾ പദ്ധതിയിട്ടപോലെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കണം. പ്രേക്ഷകർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം', തരുൺ കൂട്ടിച്ചേർത്തു.

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'അതിമനോഹരം' ക്രിസ്മസ് റിലീസായി ഡിസംബർ 24-ന് തിയേറ്ററിലെത്തും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയുടേതാണ്. മീരാ ജാസ്മിൻ ആണ് നായിക. എസ്.ഐ. ലവ്‌ലജൻ എന്ന പോലീസ് വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.