തന്റെ കരിയറിലെ കടുത്ത വെല്ലുവിളികളെയും വ്യക്തിപരമായ പ്രതിസന്ധികളെയും നേരിട്ട് സൂര്യ എങ്ങനെയാണ് വിജയം വരിച്ചതെന്ന് വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് & സൺസ് എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് സംഘടിപ്പിച്ച സക്സസ് മീറ്റിലാണ് രാധിക സൂര്യയെക്കുറിച്ച് വൈകാരികമായി സംസാരിച്ചത്. സൂര്യ നേരിട്ട കടുത്ത മാനസിക സംഘർഷങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും രാധിക ചടങ്ങിൽ തുറന്നുപറഞ്ഞു.

To advertise here,

വർഷങ്ങളായി സൂര്യയുമായി അടുത്ത വ്യക്തിബന്ധം പുലർത്തുന്ന രാധിക ശരത്കുമാർ, ചിത്രത്തിൽ സൂര്യയുടെ അമ്മയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ചടങ്ങിൽ സൂര്യ നേരിട്ട് പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് രാധിക വാചാലയായി. ഒരു കുടുംബാംഗത്തെപ്പോലെയാണ് തനിക്ക് സൂര്യയെന്നും അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും അനുഭവിച്ച വേദനകളും താൻ വളരെ അടുത്തറിയുകയും നേരിട്ട് കാണുകയും ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. വളരെ കുറച്ചുമാത്രം സംസാരിക്കുന്ന, തന്റെ വികാരങ്ങൾ എളുപ്പത്തിൽ പുറത്തുപറയാത്ത ഒരു വ്യക്തിയാണ് സൂര്യയെന്നും രാധിക വെളിപ്പെടുത്തി

"ഞാൻ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും വേദനകളും കണ്ടിട്ടുള്ളതുകൊണ്ട് ഒരു കുടുംബാംഗമെന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് വലിയ അടുപ്പം തോന്നുണ്ട്. സിനിമയിൽ പലരും പലവിധ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടാകാം, എന്നാൽ യഥാർത്ഥ മാനസിക പോരാട്ടങ്ങൾ മറ്റൊരു തലത്തിലുള്ളതാണ്. സൂര്യ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. അദ്ദേഹത്തെ വളരെ അടുത്തുനിന്ന് വീക്ഷിച്ച എനിക്ക്, ഇന്ന് അദ്ദേഹത്തെ കാണുമ്പോൾ ആത്മാർത്ഥമായും അഭിമാനം തോന്നുന്നു.

സൂര്യ അധികം സംസാരിക്കുന്ന ഒരാളല്ല. തന്റെ മനസ്സിലുള്ളത് അദ്ദേഹം അപൂർവ്വമായേ തുറന്നുപറയാറുള്ളൂ. വളരെ ചുരുക്കം ചിലരോട് മാത്രമേ അദ്ദേഹം നന്നായി സംസാരിക്കാറുള്ളൂ. അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചിരുന്ന ആ അപൂർവ്വം ചിലരിൽ ഒരാളായിരുന്നു ഞാൻ. 'ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യണം' എന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു," രാധിക ശരത്കുമാറിന്റെ വാക്കുകൾ.

ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റ്‌സ് ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയോടൊപ്പം മമിത ബൈജു, രാധിക ശരത്കുമാർ, രവീണ ടണ്ടൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ചിത്രമാണ്. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.