
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടതിന് പിന്നാലെ നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ലിജു കൃഷ്ണ. ഗീതു മോഹൻദാസിന്റെ ഈഗോയുടെ പുറത്ത് കെട്ടിച്ചമച്ച കേസാണ് തനിക്കെതിരെ ഉണ്ടായിരുന്നതെന്ന് ലിജു ആരോപിച്ചു. തന്നെ അറസ്റ്റുചെയ്ത ശേഷം ആദ്യ പടത്തിൽനിന്ന് പേരൊഴിവാക്കാൻ ഗീതു മോഹൻദാസ് സമ്മർദം ചെലുത്തിയെന്നും ലിജു ആരോപിച്ചു.
'എന്റെ ആദ്യ സിനിമയായിരുന്നു 'പടവെട്ട്'. പടത്തിന്റെ ക്രിയേറ്റീവായ ചർച്ചകളുടെ ഭാഗമായി മലയാളത്തിൽ നിന്നുള്ള മുതിർന്ന സംവിധായികയുമായി ഷൂട്ട് തുടങ്ങുന്നതിന് മുമ്പേ എനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അത് വളർന്ന് തർക്കമായി. അതിന്റെ ഈഗോയുടെ പുറത്ത് കള്ളക്കേസ് കെട്ടിച്ചമച്ചു. സംവിധായിക എന്ന് പറയുന്ന വ്യക്തിയുടെ പേര് ഗീതു മോഹൻദാസ് എന്നാണ്. ഇവരുടെ ഇടപെടൽ വിചാരണാവേളയിൽ കോടതിക്ക് മുന്നിൽ വന്നിട്ടുണ്ട്', ലിജു പറഞ്ഞു.
'എന്നെ അറസ്റ്റുചെയ്തതിന് ശേഷം അവർ ഉടനെ ചെയ്യാൻ ശ്രമിച്ചത് സിനിമയിൽനിന്ന് എന്റെ പേര് ഒഴിവാക്കാനും റിലീസ് തടയാനുമായിരുന്നു. അതിനുവേണ്ടി ഇന്ത്യയിലെ ഒട്ടുമിക്ക സംഘടനകൾക്കും വക്കീൽ നോട്ടീസ് അയച്ചു, ഫോൺകോൾ ചെയ്തു. ഡബ്ല്യു.സി.സി. എന്ന സംഘടനയുടെ അധികാരം ഉപയോഗിച്ചാണ് ഇത് ചെയ്തത്. സംഘടനയോട് എനിക്ക് എതിർപ്പില്ല, അവരുടെ ആശയങ്ങളോട് ബഹുമാനമുണ്ട്. അവരുടെ ആവശ്യങ്ങൾ കാലഘട്ടത്തിനും സിനിമയ്ക്കും അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഡബ്ല്യു.സി.സി.യുടെ അധികാരം ദുർവിനിയോഗം ചെയ്ത് എനിക്കെതിരെ കെട്ടിച്ചമച്ച കേസായിരുന്നു ഇത്', സംവിധായകൻ അവകാശപ്പെട്ടു.
'ഇങ്ങനെയുള്ള കേസുകളിൽ ഇരുഭാഗവും കേൾക്കുമ്പോൾ സത്യം മനസ്സിലാക്കാൻ പറ്റുമായിരിക്കും. കാരണം വലിയ നഷ്ടങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. അഞ്ചു വർഷം കഴിഞ്ഞ് തെളിയിച്ച് വരുമ്പോഴേക്ക് ജീവിതം കയ്യിൽനിന്ന് പോവുന്ന സാഹചര്യമാണ്. ഗീതു മോഹൻദാസിനെപ്പോലെ പ്രിവിലേജ്ഡ് ആയ വ്യക്തികൾ കൊണ്ടുവരുന്ന കേസുകളുടെ ക്രെഡിബിലിറ്റി പരിശോധിക്കണം. ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീയെ ആയുധവും ഉപകരണവുമാക്കി', ലിജു ആരോപിച്ചു.
'പീഡനം നടന്നിട്ടേയില്ല. പറയുന്നതുപോലെയുള്ള ആരോപണമില്ല. വ്യക്തമായി മനസ്സിലാകുന്ന തെളിവുകൾ കയ്യിലുണ്ടായിട്ടും കേൾക്കാനൊന്നും അവസരം തന്നില്ല. അവർ സമ്മർദം ചെലുത്തിയതുകൊണ്ടാണ് പൊലീസ് കേസെടുത്തത്. ഡബ്ല്യു.സി.സി.യിലെ മറ്റാരെയും എനിക്ക് പരിചയമോ വിരോധമോ ഇല്ല. സിനിമയുമായി ബന്ധപ്പെട്ട് ഈ പറയുന്ന വ്യക്തിയുമായി അഭിപ്രായവ്യത്യാസവും തർക്കവുമുണ്ടായി. ആ ഈഗോ വളർന്നതിന്റെ പേരിലാണ് ഇങ്ങനെയൊരു കാര്യമുണ്ടായത്', ലിജു കൃഷ്ണ കൂട്ടിച്ചേർത്തു.
Content Highlights: Following his acquittal by the Ernakulam Additional District Sessions Court in a sexual assault case, director Liju Krishna leveled allegations against actress-director Geetu Mohandas, claiming the case was fabricated out of ego over pre-shoot creative disagreements and arguments regarding his debut film Padavettu
Published: 28 Nov 2026, 03:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented