തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ആകാശംലോ ഒക താര'യിലെ അഭിനയത്തിന് ദുൽഖർ സൽമാനെ പ്രശംസിച്ച് സംവിധായകൻ രാജമൗലി. ദുൽഖർ ഇല്ലായിരുന്നെങ്കിൽ സിനിമ യാഥാർഥ്യമാവുമായിരുന്നില്ലെന്ന് രാജമൗലി അഭിപ്രായപ്പെട്ടു. ദുൽഖറിന്റെ ചുമലിലാണ് ചിത്രം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കാൾ മുകളിൽ സിനിമയെയും കഥാപാത്രത്തെയും പ്രതിഷ്ഠിക്കുന്ന നടനാണ് ദുൽഖർ എന്നായിരുന്നു നിർമാതാവും അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദിന്റെ വാക്കുകൾ. ഹൈദരാബാദിൽ എ.ഒ.ടി. വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

To advertise here,

എ.ഒ.ടിയിലെ നായിക കൽപന, കൃഷ്ണ എന്ന ദുൽഖർ കഥാപാത്രത്തിന്റെ തോളിൽ ചാരിയാണ് നിൽക്കുന്നത്. എന്നാൽ, എ.ഒ.ടി. ദുൽഖറിന്റെ ചുമലിലാണ് നിലകൊള്ളുന്നത്. ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു സിനിമ യാഥാർഥ്യമാവുമായിരുന്നില്ലെന്നുമായിരുന്നു രാജമൗലിയുടെ വാക്കുകൾ.

'അത്ര നല്ല നടനൊന്നുമല്ലെന്നാണ് ദുൽഖർ പറയുന്നത്. സ്വയം എന്ത് കരുതിയാലും ഞങ്ങൾക്ക് നിങ്ങളെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. തെലുങ്ക് സിനിമ നിങ്ങളെ സ്വീകരിച്ച രീതി കാണുമ്പോൾ, ഞങ്ങളിൽ ഒരാളാണെന്നാണ് തോന്നുന്നത്', രാജമൗലി കൂട്ടിച്ചേർത്തു.

'തെലുങ്കിൽ തുടരണമെന്നല്ലാതെ മറ്റൊന്നും എനിക്ക് നിങ്ങളോട് പറയാനില്ല. 'എ.ഒ.ടി'യിലേതുപോലെ നല്ല കഥാപാത്രങ്ങൾ ചെയ്യുന്നത് തുടരുക. നിങ്ങളല്ലാതെ മറ്റൊരാൾക്ക് ഈ കഥാപാത്രം ഇത്ര മികച്ചതായി ചെയ്യാൻ കഴിയില്ല', അല്ലു അരവിന്ദ് പറഞ്ഞു.

'നിങ്ങൾ സിനിമയെയും കഥാപാത്രത്തെയും നിങ്ങളേക്കാൾ മുകളിൽ പ്രതിഷ്ഠിക്കുന്നു. നിങ്ങൾ കഥാപാത്രത്തിന് കീഴടങ്ങുന്നു. അത് സാധാരണമായി അഭിനേതാക്കളിൽ കണ്ടുവരുന്ന ഒന്നല്ല. വളരെക്കുറച്ചുപേരേ അങ്ങനെ ചെയ്യാറുള്ളൂ. നിങ്ങൾ അവരിൽ ഒരാളാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.

സമാന അഭിപ്രായം നിർമാതാവ് സ്വപ്‌നാ ദത്തും പങ്കുവെച്ചു. ദുൽഖർ നായകനായ 'മഹാനടി', 'സീതാ രാമം', കാമിയോ വേഷത്തിലെത്തിയ 'കൽക്കി', 'ചാമ്പ്യൻ' എന്നീ ചിത്രങ്ങളുടെ നിർമാണത്തിലും പങ്കാളിയാണ് സ്വപ്‌ന ദത്ത്.