മിഴ്നാട്ടിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ച് നടൻ ആർ. മാധവൻ. നടനും ദീർഘകാല സുഹൃത്തുമായ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിൽ മാധവൻ സന്തോഷം പ്രകടിപ്പിച്ചു. നല്ല കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും മാധവൻ വ്യക്തമാക്കി. നടനും സംവിധായകനുമായ കെ.എസ്. രവികുമാറിനൊപ്പം ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവൻ.

To advertise here,

ബിഹൈൻഡ്‌വുഡ്‌സിന് അഭിമുഖത്തിൽ സംവിധായകൻ കെ.എസ്. രവികുമാർ തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഭാവിയെക്കുറിച്ച് മാധവൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. "നല്ല കാര്യങ്ങൾ സംഭവിക്കുന്നു. ഇത്രവേഗം മാറ്റം വരാൻ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോൾ ഞങ്ങൾക്കുണ്ട്. വിജയ്‌യെ എനിക്ക് നന്നായി അറിയാം. ഇപ്പോൾ, അദ്ദേഹത്തെ സി.എം. വിജയ് എന്ന് വിളിക്കേണ്ടി വരും. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്," മാധവൻ പറഞ്ഞു.

രാഷ്ട്രീയം ഇരുതല മൂർച്ചയുള്ള വാളാണെന്ന് മാധവൻ അഭിപ്രായപ്പെട്ടു. താനൊരിക്കലും രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. "എനിക്ക് വളരെ അഭിമാനമുണ്ട്. രാഷ്ട്രീയം ഒരു ഇരുതല മൂർച്ചയുള്ള വാളാണ്. നിങ്ങൾ നല്ലത് ചെയ്താൽ വിമർശിക്കപ്പെടും. നിങ്ങൾ തെറ്റ് ചെയ്താലും വിമർശിക്കപ്പെടും. നിങ്ങൾ എന്തു ചെയ്താലും, നിങ്ങളെ വിമർശിക്കാൻ എപ്പോഴും ഒരു വിഭാഗം ഉണ്ടാകും. നമ്മുടെ മനസ്സിൽ സേവനത്തിന്റെ ചിന്ത ആവശ്യമാണ്. ഇന്ന്, അധികാരത്തിന്റെ ചിന്ത അവസാനിച്ചു. എനിക്കത് ഇല്ല. ജനങ്ങളെ നയിക്കാനും മുഖ്യമന്ത്രിയാകാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ആ കാര്യത്തിൽ സ്വാർത്ഥനാണ്, " മാധവൻ പറഞ്ഞു.

സമൂഹത്തിന് തന്റേതായ രീതിയിൽ സംഭാവനകൾ നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എനിക്കറിയാവുന്ന നല്ല കാര്യങ്ങൾ ഞാൻ തുടർന്നും ചെയ്യും. തുടക്കം മുതലേ, രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ശരിയായ ധാരണയുണ്ടായിരുന്നില്ല. എന്നാൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ ഞാൻ ബഹുമാനിക്കണമെന്ന് എനിക്കറിയാം." അദ്ദേഹം കൂട്ടിച്ചേർത്തു.