
ഗൾഫിലെ മഴക്കെടുതിയിൽ പ്രതികരണവുമായി നിർമാതാവ് ആൻ്റോ ജോസഫ്. ഗൾഫിൽ ചെറിയൊരു കാറ്റുണ്ടായാൽ പോലും തകരുക കേരളത്തിലെ അനേകരുടെ സ്വപ്നങ്ങളുടെ ചീട്ടു കൊട്ടാരങ്ങളാണെന്ന് ആന്റോ പറഞ്ഞു. ഇപ്പോൾ മഴ പെയ്യുന്നത് ഗൾഫ് നാടുകളിലാണെങ്കിലും മുങ്ങിപ്പോകുന്നത് കേരളമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ആൻ്റോ ജോസഫിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
മരുഭൂമി എന്ന് വിളിപ്പേരുള്ള ഗൾഫ് നാടുകൾ മഹാപ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്. 75 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പേമാരിയിൽ യു.എ ഇ പകച്ചുനില്കുന്നു. സൗദിയും ഒമാനുമെല്ലാം മഴയിൽ വിറങ്ങലിച്ചുതന്നെ. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കാണുന്ന ആഹ്ലാദഭരിതമായ മഴ നൃത്തങ്ങൾക്കും കാഴ്ചകൾക്കുമപ്പുറമാണ് യാഥാർത്ഥ്യം. ചെറിയ കടകളെ മുതൽ വൻ കമ്പനികളെ വരെ മഴ പല തരത്തിൽ ബാധിച്ചിട്ടുണ്ട്. ജനജീവിതം പൂർണമായും സ്തംഭിച്ചു. കാണുന്നതിനപ്പുറമുള്ള ഭയപ്പെടുത്തുന്ന മാനങ്ങളുണ്ട് ഈ പ്രകൃതി ദുരന്തത്തിന്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഗൾഫ്. അവിടെ ചെറിയൊരു കാറ്റുണ്ടായാൽ പോലും തകരുക കേരളത്തിലെ അനേകരുടെ സ്വപ്നങ്ങളുടെ ചീട്ടു കൊട്ടാരങ്ങളാണ്. അപ്പോൾ ഈ മഴ ഇവിടെയുണ്ടാക്കുന്ന ആഘാതം പറയേണ്ടതില്ലല്ലോ. ഇപ്പോൾ മഴ പെയ്യുന്നത് ഗൾഫ് നാടുകളിലാണെങ്കിലും മുങ്ങിപ്പോകുന്നത് കേരളമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യവും അവരുടെ അധ്വാനവും മഴവെള്ളത്തിൽ ഒലിച്ചുപോകുന്നു. ഗൾഫിലെ ഒരു കട ഒരുദിവസം അടഞ്ഞുകിടന്നാൽ, ഒരു കമ്പനി ഒരാഴ്ച പൂട്ടിയിട്ടാൽ കേരളത്തിൽ ഒരുപാട് അടുപ്പുകൾ അണയും. കുറേ കുഞ്ഞുങ്ങൾക്ക് പുതിയ കുപ്പായമെന്ന വാഗ്ദാനം ഇല്ലാതാകും. ആരുടെയൊക്കെയോ വീടുകളുടെ പണി പാതിവഴിയിൽ നിലയ്ക്കും. ഏതൊക്കെയോ വാതിലുകളിൽ ജപ്തി നോട്ടീസുകൾ പതിയും. കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സഹായം പ്രവഹിച്ചതും പ്രവാസികളിൽ നിന്നാണ്. ഇപ്പോൾ അവർ പ്രളയനടുവിലാണ്. നമുക്ക് ചെയ്യാനാകുന്നത് പ്രാർഥന മാത്രമാണ്. നമ്മുടെ പ്രവാസിസഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കാം. അവരെയും പ്രാർഥനയിൽ ഒപ്പം ചേർക്കാം. ഗൾഫ് പ്രളയത്തെ അതിജീവിക്കട്ടെ. അവിടെ വീണ്ടും ഒരുപാട് സ്വപ്‌നങ്ങൾ തളിർക്കട്ടെ..
75 വർഷത്തിനിടയിലെ ശക്തമായ മഴയാണ് ഗൾഫ് നാടുകളിൽ ഉണ്ടായത്. നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുകൾ നീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Content Highlights: producer anto joseph about gulf rain crisis
Published: 18 Apr 2024, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented