ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെയാണ് പ്രിയദർശനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംവിധായകൻ പ്രിയദർശൻ തന്റെ അന്തരിച്ച പിതാവും ഇതിഹാസ ക്രിക്കറ്റ് താരവുമായ മൻസൂർ അലി ഖാൻ പട്ടൗഡിയെ (ടൈഗർ പട്ടൗഡി) ഓർമ്മിപ്പിക്കുന്നുവെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. പ്രിയദർശന്റെ ശാന്തതയും പ്രവൃത്തിപരിചയവും തന്റെ പിതാവിന്റേതിന് സമാനമാണെന്ന് സെയ്ഫ് വ്യക്തമാക്കി. ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെയാണ് പ്രിയദർശനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ കാഴ്ചശക്തിയില്ലാത്ത നായകകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
"ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെയാണ് പ്രിയദർശൻ. സീനിയറും ശാന്തനുമാണ്. അദ്ദേഹം എന്റെ അച്ഛനെ ഓർമ്മിപ്പിക്കുന്നു. ഇരുവരും ക്രിക്കറ്റ് കളിച്ചിരുന്നു, രണ്ടുപേർക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. എങ്കിലും അവരവരുടെ തൊഴിൽമേഖലയിൽ മികച്ചവരായിരുന്നു. പ്രിയദർശൻ ഒരേയൊരു ടേക്ക് മാത്രമാണ് നൽകുക. അതിനാൽ ഒരു നടൻ എന്ന നിലയിൽ നിങ്ങൾ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അദ്ദേഹം എല്ലാ ദിവസവും കൃത്യസമയത്ത് ഷൂട്ടിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്നു." സെയ്ഫ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
തങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ച 'യേ ദില്ലഗി' എന്ന ചിത്രത്തിൽ അക്ഷയ് തന്റെ ജ്യേഷ്ഠനായാണ് അഭിനയിച്ചതെന്നും അന്നുതുടങ്ങിയ സൗഹൃദം ഇന്നും ശക്തമായി തുടരുന്നുവെന്നും സെയ്ഫ് ഓർത്തെടുത്തു.
"വില്ലനായി അക്ഷയ് അഭിനയിക്കുന്നത് ഈ സിനിമയുടെ ലെവൽ ഉയർത്തി. അദ്ദേഹത്തോടൊപ്പമുള്ള ഒരു ചിത്രത്തിൽ ഞാൻ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഞങ്ങളുടെ ആദ്യചിത്രമായ 'യേ ദില്ലഗി'യിൽ അദ്ദേഹം എന്റെ മൂത്ത സഹോദരനായാണ് അഭിനയിച്ചത്. അത് ഞങ്ങളുടെ ബന്ധത്തിന് അടിത്തറയിട്ടു. ഞങ്ങൾ പുതിയവരായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. ഷിംലയിൽ ഞങ്ങൾക്ക് 40 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ നേപ്പാളി സ്പോട്ട് ബോയ് രാവിലെ 6 മണിക്ക് എന്റെ മുറിക്ക് പുറത്ത് നിന്ന് 'ഖിലാഡി' പാട്ടുകൾ പാടുമായിരുന്നത് എനിക്ക് നല്ല ഓർമ്മയുണ്ട്. എനിക്ക് ഉറങ്ങണം എന്നുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് കയ്യിൽക്കിട്ടുന്നത് എടുത്ത് എറിയാൻ തോന്നിയിരുന്നു." സെയ്ഫ് തമാശയായി പറഞ്ഞു.
പട്ടൗഡിയും പ്രിയദർശനും
1961-ൽ ലണ്ടനിലുണ്ടായ ഗുരുതരമായ കാറപകടത്തെത്തുടർന്നാണ് ടൈഗർ പട്ടൗഡിക്ക് തന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. സഹതാരം കാർ ഓടിക്കുമ്പോഴായിരുന്നു അപകടം. കണ്ണിലെ ശസ്ത്രക്രിയയെത്തുടർന്ന് പട്ടൗഡിക്ക് കാഴ്ച ഇരട്ടയായി കാണുന്ന അവസ്ഥ (ഡബിൾ വിഷൻ) ഉണ്ടായി. വെറും അഞ്ച് മാസത്തിന് ശേഷം, 20-ാം വയസ്സിൽ അദ്ദേഹം ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുകയും അടുത്ത വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനായി മാറുകയും ചെയ്തു. ഇരട്ടക്കാഴ്ച ഒഴിവാക്കാൻ അദ്ദേഹം തന്റെ ക്രിക്കറ്റ് തൊപ്പി വലതു കണ്ണിന് മുകളിലേക്ക് വലിച്ചിടാറുണ്ടായിരുന്നു.
പ്രിയദർശൻ തന്റെ യൗവനകാലത്ത് സംസ്ഥാന തലത്തിൽ ക്രിക്കറ്റ് കളിച്ചിരുന്ന ആളാണ്. എന്നാൽ, കളിക്കളത്തിൽ പന്ത് ഇടതുകണ്ണിൽ അടിച്ചതിനെത്തുടർന്നുണ്ടായ ഗുരുതരമായ അപകടം അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിക്കുകയും സിനിമയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
ഹൈവാൻ റിലീസിന് തയ്യാറെടുക്കുന്നു
സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ഹൈവാൻ'. ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് അക്ഷയ് കുമാർ എത്തുന്നത്. 2007-ൽ പുറത്തിറങ്ങിയ 'തഷാൻ' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
Content Highlights: Actor Saif Ali Khan shared that working with director Priyadarshan on their upcoming film Haiwaan reminds him of his father, the legendary cricketer Tiger Pataudi, due to their shared calmness, background in cricket, and resilience over personal injuries.
Published: 24 Aug 2026, 05:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented