സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും നായകനാകുന്ന പ്രിയദർശൻ ചിത്രം 'ഹൈവാൻ' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സെയ്ഫ് അലി ഖാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. സെയ്ഫ് അലി ഖാൻ അല്പം 'അത്യാഗ്രഹമുള്ള' നടനാണെന്ന് പ്രിയദർശൻ അഭിപ്രായപ്പെട്ടു. നടനെന്ന നിലയിൽ അനുസരണയുള്ള വ്യക്തിയാണ് സെയ്ഫ് എന്നും സംവിധായകൻ പറഞ്ഞു.

To advertise here,

പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് അലി ഖാനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പ്രിയദർശൻ പങ്കുവെച്ചത്. 'വളരെ അനുസരണയുള്ള നടനാണ് സെയ്ഫ്. അൽപം അത്യാഗ്രഹമുണ്ടെങ്കിലും അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല വശം'- പ്രിയദർശൻ പറഞ്ഞു.

കഥാപാത്രത്തെക്കുറിച്ച് ഏറെ കാര്യങ്ങൾ ചോദിച്ചറിയുന്ന സമീപനമാണെങ്കിലും സെയ്ഫ് വളരെ പക്വതയുള്ള നടനാണെന്ന് പ്രിയദർശൻ വ്യക്തമാക്കി. 'എല്ലാ നടന്മാർക്കും സംശയങ്ങൾ ചോദിക്കാൻ അവകാശമുണ്ട്, ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചുകഴിഞ്ഞാൽ അദ്ദേഹം പൂർണ്ണമായും സംവിധായകനെ അനുസരിക്കും. പക്വതയെത്തിയ കുട്ടിയെപ്പോലെയാണ് എനിക്ക് അദ്ദേഹത്തെ തോന്നിയത്. ഷൂട്ടിങ് തുടങ്ങി രണ്ടുദിവസം കഴിഞ്ഞ് സംശയങ്ങളൊന്നും ചോദിക്കാതിരുന്നപ്പോൾ കാര്യം തിരക്കിയ എന്നോട്, തനിക്ക് എന്താണ് വേണ്ടതെന്ന് ഇപ്പോൾ വ്യക്തമായി മനസ്സിലായിട്ടുണ്ടെന്നാണ് സെയ്ഫ് പറഞ്ഞത്. ഇത് ഞങ്ങൾക്ക് പരസ്പരമുള്ള ആത്മവിശ്വാസം വർധിപ്പിച്ചു'- അദ്ദേഹം കൂട്ടിച്ചേർത്തു.

സെറ്റിലെ സൈഫിന്റെ അച്ചടക്കത്തെയും പ്രിയദർശൻ പ്രശംസിച്ചു. ഷൂട്ടിങ് ഇടവേളകളിൽ ഫോൺ ഉപയോഗിക്കുന്നതിന് പകരം പുസ്തകങ്ങൾ വായിക്കാനാണ് സെയ്ഫ് സമയം കണ്ടെത്തിയിരുന്നത്. പുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ താത്പര്യം സംഭാഷണങ്ങൾ കൂടുതൽ രസകരമാക്കിയെന്നും സംവിധായകൻ വ്യക്തമാക്കി. താൻ ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെ ആരാധകനായതിനാൽ സെയ്ഫിനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി അക്ഷയ് കുമാർ നടത്തിയ പരിശ്രമങ്ങളെ പ്രിയദർശൻ പ്രശംസിച്ചിരുന്നു. വില്ലൻ വേഷം ചെയ്യാൻ അക്ഷയ് കുമാർ സ്വയം താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഭൂത് ബംഗ്ലായുടെ സെറ്റിൽ ഒരുദിവസം അക്ഷയ് ബീനി ധരിച്ചുവന്നു. ആ ലുക്ക് എനിക്ക് ഇഷ്ടമായി. ഹൈവാനിൽ അക്ഷയ് ബീനി ധരിക്കണം എന്നത് എന്റെ ആശയമായിരുന്നു. ഹൈവാന്റെ കഥ പറയുമ്പോൾ അദ്ദേഹം അത് ചെയ്യില്ല എന്ന് ഉറപ്പിച്ചുകൊണ്ട് ആ റോൾ ആര് ചെയ്യണം എന്ന് ഞാൻ ചോദിച്ചു. 'ഞാൻ ഇത് ചെയ്യട്ടേ' എന്ന് അക്ഷയ് ചോദിച്ചു. ഞാൻ അത്ഭുതപ്പെട്ടുപോയി. എന്റെ ചിത്രത്തിൽ അക്ഷയ് കുമാറിലെ നടന്റെ പൂർണമായ കഴിവ് പുറത്തെടുക്കാൻ ഇതൊരു അവസരമായി ഞാൻ കണ്ടു', പ്രിയദർശന്റെ വാക്കുകൾ.

ചിത്രത്തിൽ കാഴ്ചപരിമിതിയുള്ള കഥാപാത്രമായാണ് സെയ്ഫ് അലി ഖാൻ എത്തുന്നത്. അക്ഷയ് കുമാറാണ് പ്രതിനായക വേഷം ചെയ്യുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്നത്. സെപ്റ്റംബർ 11-ന് ചിത്രം തിയേറ്ററുകളിൽ എത്തും.