മുംബൈയിലെ പ്രശസ്തമായ ലാൽബാഗ് രാജ ഗണേശ മണ്ഡലിലെത്തി നടൻ പൃഥ്വിരാജ് സുകുമാരൻ. തിങ്കളാഴ്ചയാണ് ഭാര്യ സുപ്രിയയ്‌ക്കൊപ്പം നടൻ ലാൽബാഗ് രാജ ദർശനം നടത്തിയത്. ലാൽബാഗ് രാജയുടെ അനുഗ്രഹം തേടിയ താരം കാണിക്കയർപ്പിച്ചാണ് മടങ്ങിയത്.

To advertise here,

താരം ലാൽബാഗ് രാജ മണ്ഡലിലെത്തി ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. വെളുത്ത കുർത്തയും പൈജാമയും ധരിച്ച് നെറ്റിയിൽ തിലകമണിഞ്ഞാണ് പൃഥ്വിരാജ് പന്തലിലെത്തിയത്.

വ്യവസായി ആനന്ദ് അംബാനി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, പരിണീതി ചോപ്ര, പൃഥ്വിരാജ് ചിത്രം ഖലീഫയിലൂടെ മലയാളത്തിൽ അരങ്ങേറിയ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് എന്നിവരുൾപ്പെടെ തിങ്കളാഴ്ച ഇവിടെ ദർശനം നടത്തി. ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയിരുന്നു.

മുംബൈയിൽ സ്ഥിരതാമസമാക്കിയ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം 'ദായ്‌റ' കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തിയ ചിത്രത്തിൽ കരീന കപൂർ ആണ് നായിക. മേഘ്‌ന ഗുൽസാർ ആണ് ചിത്രം സംവിധാനം ചെയ്തത്.

വിനായക ചതുർഥി ആഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഗണേശ വിഗ്രഹമാണ് ലാൽബാഗ് രാജ. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇവിടെയെത്താറുണ്ട്. ഏറ്റവും കൂടുതൽ ഭക്തജനങ്ങളെ ആകർഷിക്കുന്ന ലാൽബാഗ് രാജ ഏറ്റവും ഒടുവിലാണ് നിമജ്ജനത്തിന് പുറപ്പെടുക.

വിനായക ചതുർഥിയോട് അനുബന്ധിച്ച് സ്ഥാപിക്കപ്പെടുന്ന വിഗ്രഹത്തിൽ 11 ദിവസം ആളുകൾക്ക് ദർശനം നടത്താം. തുടർന്ന് വിഗ്രഹം അറബിക്കടലിൽ നിമജ്ജനം ചെയ്യും.