മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് പോലീസിന്റെ മർദനമേറ്റെന്ന് നടി സയ്ൻ മേരി ഖാൻ. പ്രശസ്ത ബോളിവുഡ് സംവിധായകൻ മൻസൂർ ഖാന്റെ മകളും സൂപ്പർ താരം ആമിർ ഖാന്റെ അനന്തരവളുമാണ് സയ്ൻ. തനിക്ക് നേരിട്ട പരിക്കുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടയിലാണ് മുംബൈ പോലീസ് സയ്ൻ മേരിയെ കസ്റ്റഡിയിലെടുത്തത്.

To advertise here,

പോലീസ് നടപടിക്ക് പിന്നാലെ തന്റെ കൈകളിലും വിരലുകളിലും കാലുകളിലും പരിക്കേറ്റ പാടുകൾ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. 'ഭയമെന്നത് തീർത്തും ഇല്ലാതാകുന്ന രീതിയിൽ ഞങ്ങളെ ഭയപ്പെടുത്തരുത്. അവൾ (ഭരണകൂടത്തെ) ഇന്റർനെറ്റിൽ തുറന്നുകാട്ടുന്നു' എന്ന അടിക്കുറിപ്പോടെയാണ് സയ്ൻ വീഡിയോ പങ്കുവെച്ചത്. കൈകൾ, വിരലുകൾ, കാലുകൾ എന്നിവിടങ്ങളിൽ അടിയേറ്റ് ശരീരം ചതഞ്ഞ് ചുവന്നും കരിനീലിച്ചും കിടക്കുന്നതായി വീഡിയോയിൽ കാണാം. ക്യാമറയിൽ നോക്കി പേടിപ്പിക്കാൻ നോക്കരുതെന്നും പേടിക്ക് ഇവിടെ സ്ഥാനമില്ലെന്നും സയ്ൻ പറയുന്നുണ്ട്. ഡെമോക്രസി ഫിറ്റ് ചെക്ക് എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്.

നടൻ ഇമ്രാൻ ഖാനും ലേഖ വാഷിംഗ്ടണിനുമൊപ്പം തങ്ങളെ കസ്റ്റഡിയിലെടുത്തതിന്റെ വീഡിയോകൾ സയ്ൻ നേരത്തെ പങ്കുവെച്ചിരുന്നു. ശനിയാഴ്ച മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കവെയാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് മൂന്നുപേരെയും എത്തിച്ചതെന്നും എന്തിനാണ് ഇവിടേക്ക് കൊണ്ടുപോയതെന്ന് ചോദിച്ചപ്പോൾ പൊലീസുകാർക്ക് മറുപടി ഉണ്ടായില്ലെന്നും സയ്ൻ പറയുന്നു. തങ്ങളെ കസ്റ്റഡിയിലെടുക്കാൻ കാരണമെന്തെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോൾ രണ്ട് മിനിറ്റ്, ഇപ്പോൾ പറയാമെന്ന് പറഞ്ഞ് ഫോണെടുത്ത അദ്ദേഹം മണിക്കൂറുകൾ കഴിഞ്ഞാണ് ഫോൺ താഴെ വച്ചത്. മണിക്കൂറുകളോളം പൊലീസ് വാനിൽ നഗരത്തിലൂടെ കറക്കിയെന്നും ഒടുവിൽ പൊലീസുകാരോട് ജയ് ഹിന്ദ് പറഞ്ഞാണ് തങ്ങൾ സ്റ്റേഷൻ വിട്ടതെന്നും സയ്ൻ കൂട്ടിച്ചേർത്തു.

പിന്നീട് സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും പുറത്തുവന്നിരുന്നു. മണിക്കൂറുകൾക്കുശേഷം ഈ താരങ്ങളെ വിട്ടയച്ചു, തുടർന്ന് അവർ സോഷ്യൽ മീഡിയയിലൂടെ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും പൊലീസുമായുണ്ടായ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് കാമ്പെയ്‌ന്റെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയാണ് ഈ ഒത്തുചേരലിന് ആഹ്വാനം ചെയ്തിരുന്നത്. വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷനുമായി (SIR) ബന്ധപ്പെട്ട ആശങ്കകളും വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയെന്ന ആരോപണങ്ങളുമാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. പ്രതിഷേധ സ്ഥലത്തേക്ക് പോകുംവഴി തുഷാർ ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.