മലയാള സിനിമയിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകൻ എം. പത്മകുമാർ ഹിന്ദി സിനിമയിലേക്ക്. സണ്ണി ഡിയോൾ നായകനാകുന്ന 'സൂര്യ' എന്ന ചിത്രത്തിലൂടെയാണ് എം. പത്മകുമാർ ആദ്യമായി ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്, ഓഫീസർ ഓൺ ഡ്യൂട്ടി, നായാട്ട് എന്നീ സൂപ്പർഹിറ്റുകൾക്ക് തിരക്കഥ രചിച്ച ഷാഹി കബീർ ആണ്. എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്ന ചിത്രത്തിൽ മലയാളികൾക്കും പരിചിതരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

To advertise here,

മലയാളത്തിൽ വ്യത്യസ്ത പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ പത്മകുമാറിന്റെ ബോളിവുഡ് പ്രവേശനം സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്ന വാർത്തയാണ്. ജോജു ജോർജിന്റെ കരിയർ ബെസ്റ്റ് ചിത്രം 'ജോസഫ്', പൃഥ്വിരാജിന് തന്റെ ആദ്യ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'വാസ്തവം', മോഹൻലാലിന്റെ 'ശിക്കാർ', റോഷൻ മാത്യുവിന്റെ 'ഉയിർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം. പത്മകുമാർ. ഇനി ബോളിവുഡിൽ തന്റെ സംവിധാനമികവ് തെളിയിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, ജിഷു സെൻഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്‌സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് തുണ്ടിയിൽ ആണ്. ബല്ലു സലൂജയാണ് എഡിറ്റർ. കരൺ റസ്ദാൻ, നീരജ് പഥക്, മായങ്ക് ശർമ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്.

ഉത്തം സിങ്, രഞ്ജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ഉത്തം സിങ്ങിന്റേതാണ്. എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്ന ചിത്രം സീ സിനിമാസ് ആണ് വിതരണം ചെയ്യുന്നത്.

എം. പത്മകുമാറിന്റെ മലയാളത്തിലെ പരിചയസമ്പത്തും ബോളിവുഡിലെ വമ്പൻ താരനിരയും ഒന്നിക്കുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും.