പ്രദീപ് രംഗനാഥന്‍ നായകനായ 'ഡ്രാഗണ്‍' നൂറു കോടി ക്ലബില്‍. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ആഗോള തലത്തിലാണ് നൂറു കോടി ഗ്രോസ് കളക്ഷന്‍ പിന്നിട്ടത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രം നൂറു കോടി ക്ലബിലെത്തിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

To advertise here,

'ലവ് ടുഡേ' എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ ഡ്രാഗണ്‍ ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ആദ്യ ദിനം മുതല്‍ തന്നെ സ്വന്തമാക്കിയത്. റൊമാന്റിക് കോമഡി ജോണറില്‍ ഒരുക്കിയ ചിത്രത്തിന് കേരളത്തിലും വമ്പന്‍ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ആഭ്യന്തര മാര്‍ക്കറ്റിലും വിദേശ മാര്‍ക്കറ്റിലും ഗംഭീര ബോക്‌സ് ഓഫീസ് പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. കേരളത്തില്‍ ആദ്യ വാരത്തില്‍ പ്രദര്‍ശിപ്പിച്ചതിലും കൂടുതല്‍ സ്‌ക്രീനുകളിലാണ് രണ്ടാം വാരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് എന്നത് ചിത്രത്തിന് ലഭിക്കുന്ന ജനപിന്തുണ സൂചിപ്പിക്കുന്നു.

അനുപമ പരമേശ്വരന്‍, കയതു ലോഹര്‍, ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ.എസ്. രവികുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എ.ജി.എസ്. എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ കല്‍പ്പാത്തി എസ്. അഘോരം, കല്‍പ്പാത്തി എസ്. ഗണേഷ്, കല്‍പ്പാത്തി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്. കേരളത്തില്‍ ചിത്രം വിതരണം ചെയ്തത് എസ് പിക്‌ചേഴ്‌സ് ത്രൂ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ്. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ലിയോണ്‍ ജെയിംസ് ആണ്.

തമിഴ്‌നാട് നിന്ന് മാത്രം 50 കോടിയോളം ഗ്രോസ് നേടിയ ചിത്രം ഇന്ത്യയില്‍ നിന്ന് ഏകദേശം 75 കോടിയോളം ഗ്രോസ് നേടിയെന്നാണ് സൂചന. ചിത്രത്തിന്റെ വിദേശ കളക്ഷന്‍ 25 കോടി പിന്നിട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രം ഈ വര്‍ഷത്തെ തമിഴ്നാട്ടിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്.