പ്രസവാനന്തരം മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകളുണ്ട്. കു‍ഞ്ഞിനൊപ്പം അമ്മയേയും കരുതലോടെ പരിചരിച്ചാൽ മാത്രമേ വിഷാദരോഗത്തിലേക്ക് കടന്നുപോകാതെ അവരെ സംരക്ഷിക്കാനാവൂ. പ്രസവാനന്തരം നേരിടുന്ന മാനസികപ്രശ്നങ്ങളേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി ദുർഗ കൃഷ്ണ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഇതേക്കുറിച്ച് ദുർഗ പങ്കുവെച്ചത്.

To advertise here,

നിങ്ങൾക്ക് ആരും മുന്നറിയിപ്പ് തരാതിരുന്ന പ്രസവാനന്തരമുള്ള കഠിനമായ കാര്യം എന്താണ് എന്ന ചോദ്യത്തിന് മറുപടി കുറിക്കുകയായിരുന്നു ദുർഗ. കുഞ്ഞിനോട് അടങ്ങാത്ത സ്നേഹമുള്ളപ്പോഴും താൻ കടന്നുപോകുന്ന മാനസിക വിഷമത്തേക്കുറിച്ചാണ് ദുർഗ കുറിച്ചത്. ഈ സ്നേഹത്തിന്റെ നടുവിൽ താൻ മുങ്ങിത്താഴുകയാണ്. സത്യമെന്തെന്നാൽ തനിക്ക് ഭർത്താവിനെ നഷ്ടമാവുകയും ഒരു കോ-പാരന്റിനെ മാത്രം ലഭിക്കുകയും ചെയ്ത പോലെയാണ് തോന്നുന്നത്‌. ഗർഭകാലത്ത് എന്നെ പരിചരിച്ച വ്യക്തി അപ്രത്യക്ഷനായി, പകരം കുഞ്ഞിനെ മാത്രം നോക്കുന്ന ഒരാൾ വന്നു, ഇതിനിടയിൽ ഞാൻ അദൃശ്യയായി- ദുർഗ കുറിച്ചു.

placeholder

കരിയറും ശരീരവും ആരോഗ്യവും ഉറക്കവുമൊക്കെ ത്യജിച്ചത് ഞാനാണ്. രാത്രിയുടെ നിശബ്ദതയിൽ ഞാൻ ഉണർന്നിരിക്കുമ്പോൾ അദ്ദേഹം മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയാണ്. എന്നെക്കൊണ്ടാവും വിധം ഞാൻ എന്റെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നുണ്ട്, പക്ഷേ എന്നെ ആരും താങ്ങാനില്ലാതെ കൈകൾ വിറയ്ക്കുകയാണ്. എന്റെ വിവാഹജീവിതം നഷ്ടപ്പെട്ടതുപോലെയാണ് തോന്നുന്നത്. ഞാൻ സൃഷ്ടിച്ച ജീവിതത്തോട് അമിതമായ അഭിനിവേശമുണ്ട്, പക്ഷേ ഇപ്പോഴുള്ള ഏകാന്ത ജീവിതത്തിൽ നിരാശയിലാണ്- ദുർഗ കുറിച്ചു.

2021-ലാണ് ദുർഗ കൃഷ്ണയും അർജുനും വിവാഹിതരാകുന്നത്. 2025-ൽ ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. 2024-ൽ പുറത്തിറങ്ങിയ തങ്കമണി ആയിരുന്നു ദുർഗയുടെ അവസാനചിത്രം.

ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ് ഫിഷ്, ഒരു അന്വേഷണത്തിന്റെ തുടക്കം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളിൽ മോഹൻലാലിന്റെ നായികയായും ദുർഗ വേഷമിട്ടിരുന്നു.