
70-ാമത് ഫിലിംഫെയർ പുരസ്‌കാരവേദിയിൽ തിളങ്ങി നടി പാർവതി തിരുവോത്ത്. തമിഴ് ചിത്രമായ തങ്കലാനിലെ അഭിനയമികവിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിനാണ് പാർവതി അർഹയായത്. പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെ തന്റെ മാതാപിതാക്കളെ പാർവതി വേദിയിലേക്ക് ക്ഷണിക്കുകയും ഏതു പ്രതിസന്ധിയിലും തന്നെ പിന്തുണയ്ക്കുന്നത് മാതാപിതാക്കളാണെന്നു പറഞ്ഞുകൊണ്ട് അവാർഡ് അവർക്ക് സമർപ്പിക്കുകയും ചെയ്തു.
എന്റെ ജീവിതത്തിലെ രണ്ട് സ്‌പെഷ്യൽ വ്യക്തികൾക്കൊപ്പം ഈ നിമിഷം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി അമ്മയെയും അച്ഛനെയും വേദിയിലേക്ക് ക്ഷണിക്കുകയാണ് എന്നുപറഞ്ഞുകൊണ്ട് ഇരുവരെയും പാർവതി വേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നു.
വേദിയിൽ നിൽക്കുമ്പോൾ എപ്പോഴും പേടി അനുഭവപ്പെടാറുണ്ട്. എന്നാലിപ്പോൾ വീടെന്ന പോലെയുള്ള അനുഭവമാണ് നൽകുന്നത്, അച്ഛനും അമ്മയ്ക്കും മധ്യേ നിന്ന് സംസാരിക്കവെ പാർവതി പറഞ്ഞു. ഞാൻ വേദിയിൽ നിന്ന് കാണുന്ന കാഴ്ച അവരും കാണണം. ഞാനിന്ന് ഇവിടെ നിൽക്കാനുള്ള കാരണം ഇവരാണ്. ഇവർ കാരണമാണെനിക്ക് തുടരാനാകുന്നത്. എന്തൊക്കെ പ്രശ്‌നങ്ങൾ വരുമ്പോഴും എനിക്ക് ധൈര്യം പകരുന്നതും എന്നെ പിന്താങ്ങുന്നതുമെല്ലാം എന്റെ അച്ഛനും അമ്മയുമാണ്, കരച്ചിലടക്കികൊണ്ട് പാർവതി പറഞ്ഞു.
നിങ്ങളുടെ സ്‌നേഹത്തിനും സ്വീകാര്യതയ്ക്കും വിമർശനത്തിനും വെറുപ്പിനും എല്ലാം നന്ദി. അതാണ് എന്നെ നല്ല വ്യക്തിയാവാനും അഭിനേത്രിയാക്കാനും ഇവരുടെ മകളാകാനും സഹായിക്കുന്നത്, പ്രേക്ഷകരോടായി പാർവതി പറഞ്ഞു.
പുരസ്‌കാരവുമായി നിൽക്കുന്ന ചിത്രവും പുരസ്‌കാരവേദിയിൽ മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും ചെറു കുറിപ്പും പാർവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
“2025 ഡിസംബറിൽ ഇന്ത്യൻ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ 20 വർഷം പൂർത്തിയായി. ഞാൻ സിനിമചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ 'ഷെൽഫ് ലൈഫ്' പരമാവധി 6-7 വർഷമാണെന്ന് എന്നോട് പറഞ്ഞിരുന്നു. 'അതുകൊണ്ട് പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകളിൽ അഭിനയിക്കുക, അങ്ങനെ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം - നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ ധനികരാക്കില്ല' എന്നെല്ലാം എന്നോട് പറഞ്ഞിരുന്നു.
അതെല്ലാം ഇപ്പോൾ വെറും തമാശമാത്രമായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്. എന്റെ ഏറ്റവും നല്ല കൂട്ടുകാർ എന്നെ പിന്തുണയ്ക്കുന്നു. തിരസ്‌കാരങ്ങളെക്കാൾ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാൻ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുള്ള കഴിവ് ഞാൻ വളർത്തിയെടുത്തിട്ടുണ്ട്. ഞാൻ ഒരു പ്രൗഡ് വിസിൽബ്ലോവർ ആയിരിക്കാം, എന്നിരുന്നാലും ശക്തമായ വേഷങ്ങൾക്കായി എന്നെ തിരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ, മിടുക്കരായ കഥപറയുന്നവരെ ഞാൻ കണ്ടെത്തുന്നു. അതുകൊണ്ട് ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്.
എന്തൊരു ജീവിതം!
എന്റെ 6-ാമത്തെ വിജയത്തിന് @filmfare നന്ദി!”
പാർവതിയുടെ പോസ്റ്റിന് നിരവധിപ്പേരാണ് പിന്തുണയുമായെത്തിയത്.
അവർ നടന്നതുകൊണ്ടാണ് നമുക്ക് ഓടാൻ കഴിഞ്ഞത്, എന്തൊരു താരമാണ് നിങ്ങൾ എന്നാണ് നടി അന്നാബെൻ പോസ്റ്റിന് കമന്റായി കുറിച്ചത്.
Content Highlights: Actress Parvathy dedicates her Filmfare Award for Best Supporting Actress to her parents, acknowledging their unwavering support through all challenges. A heartwarming moment at the awards ceremony.
Published: 23 Feb 2026, 07:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented