ചൈനീസ് ചലച്ചിത്ര ലോകത്ത് അവിശ്വസനീയമായ ഒരു വിജയഗാഥ തീർക്കുകയാണ് നിയൂ ലായ് (Niu Lai) എന്ന അനിമേഷൻ ചിത്രം. 'പശു വരുന്നു' (The Cow Is Coming) എന്ന് അർത്ഥം വരുന്ന പേരുള്ള ഈ ചൈനീസ് ചിത്രം രണ്ടുപേർ ചേർന്ന് വെറും ഒരു ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചത്. റിലീസ് ചെയ്ത് ആദ്യത്തെ 10 ദിവസങ്ങളിൽ ചൈനയിലുടനീളം വെറും 300-ൽ താഴെ ആളുകൾ മാത്രം ടിക്കറ്റെടുത്ത ഈ ചിത്രം, ഇപ്പോൾ വൻകിട ഹോളിവുഡ് ചിത്രങ്ങളായ 'സ്പൈഡർമാൻ', 'ദി ഒഡീസി' എന്നിവയെപ്പോലും ബോക്സ് ഓഫീസിൽ പിന്നിലാക്കി വൻ മുന്നേറ്റം നടത്തുകയാണ്.

To advertise here,

ഒരു നവജാത പശുക്കിടാവും വാനമ്പാടിയും തമ്മിലുള്ള ബന്ധവും അവരുടെ ഒരു സ്വപ്ന യാത്രയുമാണ് 86 മിനിറ്റ് ദൈർഘ്യമുള്ള ഈ അനിമേഷൻ ചിത്രത്തിന്റെ ഇതിവൃത്തം. ഷിൻ യുമെങ് (Xin Yumeng), സുൻ ലിഫാങ് (Sun Lifang) എന്നീ അമ്മയും മകനുമാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഈ ചിത്രം നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ രചന, സംവിധാനം, നിർമ്മാണം, ഡബ്ബിംഗ് എന്നിവയെല്ലാം നിർവ്വഹിച്ചത് ഇവർ രണ്ടുപേരും മാത്രമാണ്. സിനിമയ്ക്ക് യാതൊരുവിധ പ്രൊമോഷനുകളോ ട്രെയിലറോ റിലീസിന് മുൻപ് ഉണ്ടായിരുന്നില്ല. പരമ്പരാഗത ചൈനീസ് ഇങ്ക്-വാഷ് ആർട്ട് വർക്ക് ഉപയോഗിച്ചുള്ള മനോഹരമായ ഒരു പോസ്റ്റർ മാത്രമാണ് സിനിമയുടെ പരസ്യമായി ഉണ്ടായിരുന്നത്.

റിലീസിന് ശേഷം സിനിമയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കഥ മാറുന്നത്. സിനിമയിലെ മോശം കമ്പ്യൂട്ടർ ഗ്രാഫിക്സ്, ചലനമില്ലാത്ത കഥാപാത്രങ്ങൾ, പൊരുത്തക്കേടുകളുള്ള ശബ്ദവിന്യാസം, ആശയക്കുഴപ്പമുണ്ടാക്കുന്ന കഥ എന്നിവയെ പരിഹസിച്ച് നിരവധി ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ചിലർ ഇതിനെ ഒരു ശരാശരി വിദ്യാർത്ഥി പ്രോജക്റ്റിനേക്കാൾ മോശമാണെന്നും, എഐ (AI) നിർമിക്കുന്ന ദൃശ്യങ്ങളേക്കാൾ നിലവാരമില്ലാത്തതാണെന്നും വിശേഷിപ്പിച്ചു. എന്നാൽ ഈ കടുത്ത പരിഹാസങ്ങൾ ചിത്രത്തെ തകർക്കുന്നതിന് പകരം ഒരു സോഷ്യൽ മീഡിയ മീം (meme) ആയി മാറ്റുകയാണ് ചെയ്തത്.
 

സിനിമ എത്രത്തോളം മോശമാണെന്ന് നേരിട്ടുകണ്ട് ബോധ്യപ്പെടാൻ ജനങ്ങൾ തിയേറ്ററുകളിലേക്ക് ഇരച്ചുകയറിയതാണ് ചിത്രത്തിന്റെ വൻ വിജയത്തിന് കാരണമായത്. നിലവിൽ ചൈനീസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ മാവോയൻ (Maoyan) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 14.9 ദശലക്ഷത്തിലധികം യുവാൻ (ഏകദേശം 20 കോടി രൂപ) ചിത്രം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ വിതരണക്കാരനായ സുഹൃത്ത് പോലും ഗുണനിലവാരം കുറവായതിനാൽ സിനിമ റിലീസ് ചെയ്യരുതെന്ന് ഉപദേശിക്കപ്പെട്ടിരുന്നെങ്കിലും സൗഹൃദത്തിന്റെ പേരിൽ റിലീസ് ചെയ്യുകയായിരുന്നു. തികച്ചും മോശം എന്ന് വിലയിരുത്തപ്പെട്ട കാര്യങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ജനപ്രിയ ഘടകമായി മാറിയത്.
 

സിനിമയ്ക്ക് ചുറ്റും കടുത്ത വിമർശനങ്ങൾ നിലനിൽക്കുമ്പോഴും, ഇതിന്റെ തനതായ നിർമാണ ശൈലിയെ അഭിനന്ദിക്കുന്നവരും ഉണ്ട്. നിമിഷനേരം കൊണ്ട് അതിമനോഹരമായ ചിത്രങ്ങൾ നിർമ്മിക്കാൻ കൃത്രിമബുദ്ധിക്ക് (AI) സാധിക്കുന്ന ഇന്നത്തെ കാലത്ത്, കൈകൊണ്ട് വരച്ചുണ്ടാക്കിയ ഇത്തരം അപൂർണ്ണമായ ദൃശ്യങ്ങൾ ഒരു വേറിട്ട അനുഭവമാണ് നൽകുന്നതെന്ന് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്തായാലും കഠിനാധ്വാനവും സോഷ്യൽ മീഡിയ ട്രോളുകളും ചേരുമ്പോൾ സിനിമയിൽ എന്ത് അത്ഭുതവും സംഭവിക്കാം എന്നതിന്റെ നേർക്കാഴ്ചയായി മാറുകയാണ് 'നിയൂ ലായ്'.