ആരാണ് യഥാർഥ നായിക? സൂസൻ, ദുർഗ, ബിന്ദു, രോഹിണി... പലപേരുകൾ. പല വേഷങ്ങൾ. പലപല ദേശങ്ങൾ. ഓരോരോ നായകന്മാർ. ഫെബിൻ സിദ്ധാർഥ്‌ സംവിധാനം ചെയ്ത പെണ്ണുകേസ് എന്ന ചിത്രത്തിലെ 'നായികമാരായി' വേഷമിടുന്നത് നിഖിലാ വിമലാണ്. തിരുവനന്തപുരംമുതൽ കാസർകോട്‌വരെ പുരുഷന്മാരെ കറക്കി വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുന്ന കഥാപാത്രമായാണ് നിഖില എത്തുന്നത്. 2026-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ സിനിമയായ പെണ്ണുകേസിന്റെ വിശേഷങ്ങളുമായി നിഖിലാ വിമൽ സംസാരിക്കുന്നു.

To advertise here,

സ്ത്രീകേന്ദ്രിതമായ കഥയാണല്ലോ പെണ്ണുകേസ്, ലീഡ് റോളിനെ എങ്ങനെയാണ് കാണുന്നത്

ലീഡ് റോളാണെങ്കിലും ഒരു ഫീമെയിൽ സബ്ജക്ട് എന്ന തോന്നൽ ഉണ്ടായിരുന്നില്ല. ലീഡ് റോളിന് തീർച്ചയായും ഉത്തരവാദിത്വം കൂടുതലാണ്. പക്ഷേ, ഒരുപാട് അഭിനേതാക്കൾക്കൊപ്പമുള്ള സിനിമയാണ് പെണ്ണുകേസ്. ഹക്കിം ഷാജഹാൻ, രമേഷ് പിഷാരടി, അജു വർഗീസ്, ഇർഷാദ്... ഇവരെല്ലാമുണ്ട്. ഹക്കിം ഷാജഹാനും എന്റെ കഥാപാത്രത്തിന്റെ അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്രയേറെ ആർട്ടിസ്റ്റുകൾക്കൊപ്പമായതിനാൽ ലീഡ് റോൾ എന്ന ഉത്തരവാദിത്വം അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. കഥ മുന്നോട്ടുപോകുന്നത് എന്നെ കേന്ദ്രീകരിച്ചാണെന്ന ആശങ്കയൊന്നും തോന്നിയിരുന്നില്ല. എല്ലാ സിനിമയിലും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതേ ഉത്തരവാദിത്വത്തോടെയാണ് ഈ സിനിമയെയും സമീപിച്ചത്.

എന്തുകൊണ്ട് പെണ്ണുകേസ്?

ഫീമെയിൽ സബ്ജക്ടാണെങ്കിലും സാധാരണ കാണുന്ന ഒരു സ്ത്രീ കാഴ്ചപ്പാടുള്ള സിനിമയല്ല എന്നതാണ് ഞാനിതിൽക്കണ്ട പ്രധാനകാര്യം. അതുപോലുള്ള സബ്ജക്ടുകൾ കൈകാര്യം ചെയ്യുന്ന രീതിയല്ല ഈ സിനിമയുടേത്. അതിനൊപ്പം തട്ടിപ്പിനിരയാകുന്ന ഒരുകൂട്ടം പുരുഷന്മാർക്കും കഥ പറയാനുണ്ട്. തട്ടിപ്പുനടത്തുന്ന ഒരു സ്ത്രീയുടെ ജീവിതം പറയുന്ന സിനിമ എന്നത് രസകരമായിത്തോന്നി. പിന്നെ എന്റെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലാണ് കഥപറയുന്നത്. അതും ഈ സിനിമ തിരഞ്ഞെടുക്കാൻ കാരണമായി.

പലപേരുകൾ, ഒരുപാട് വേഷങ്ങൾ. മുന്നൊരുക്കങ്ങൾ എന്തൊക്കെയായിരുന്നു?

മിക്ക സിനിമകൾക്കുമുൻപും ചില മുന്നൊരുക്കങ്ങളൊക്കെ നടത്താറുണ്ട്. പക്ഷേ, ഇത്രയധികം കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്കായി കുറച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമാണ്. പേരിൽ മാത്രമല്ല അവരെ അവതരിപ്പിക്കുമ്പോഴും ആ വേരിയേഷൻ പ്രകടമാകണം. അവരുടെ ഇമോഷൻസ്, ശരീരഭാഷ ഒക്കെ വ്യത്യസ്തമാണ്. ഒന്നും ആവർത്തിക്കപ്പെടരുത്. ദുർഗയും രോഹിണിയും ബിന്ദുവും സൂസനുമൊക്കെ പരമാവധി വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് വ്യത്യസ്തതവരുത്താൻ മൂന്നുദിവസത്തെ കാരക്ടർ കോച്ചിങ്ങിൽ പങ്കെടുത്തിരുന്നു. ആക്ടിങ് ട്രെയിനറായ അജിത്ത്‌ലാലാണ് പരിശീലനം നൽകിയത്. ഒരു പത്രവാർത്തയിൽനിന്നാണ് സംവിധായകൻ ഫെബിൻ സിദ്ധാർഥിന് ഈ ആശയം കിട്ടുന്നത്. അതുകൊണ്ട് സമാനമായ പല വാർത്തകളും കണ്ടും വായിച്ചും അവരെ നിരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.

പ്രധാനകഥാപാത്രമാണെങ്കിലും തട്ടിപ്പുകാരിയാണ്. നെഗറ്റീവ് ഷേഡിൽ ആശങ്കതോന്നിയിരുന്നോ?

സിനിമയുടെ പ്രമോഷൻ സമയത്ത് മറ്റുള്ളവർ പറഞ്ഞപ്പോഴാണ് നെഗറ്റീവ് ഷേഡിനെക്കുറിച്ച് ചിന്തിച്ചത്. തിരക്കഥകേൾക്കുന്ന സമയത്തൊന്നും അങ്ങനെ ചിന്തിച്ചിട്ടില്ല. പിന്നെ ഇത്തരം തട്ടിപ്പ് നടത്തുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അവർക്കും ജീവിതമുണ്ട്, കഥയുണ്ട്.

സിനിമയിൽ നിഖിലയുടെ കഥാപാത്രങ്ങളെത്തുന്നത് വിവാഹവേഷത്തിലാണ്. അതേക്കുറിച്ച്?

സാധാരണ സിനിമയിൽ കല്യാണം ഷൂട്ടുചെയ്യുന്നത് രണ്ടോ മൂന്നോ ദിവസമെടുത്താണ്. അതോടെ അതുകഴിയും. പക്ഷേ, പെണ്ണുകേസിൽ ഇടയ്ക്കിടെ കല്യാണം ഷൂട്ട് ചെയ്യണമായിരുന്നു. വ്യത്യസ്തമായ 14 കല്യാണവേഷങ്ങളിലാണ് ഞാനെത്തുന്നത്. വിവാഹത്തിന്റെ ആ പ്രോസസ് രസമുള്ളതായിരുന്നു. സാരി, ആഭരണം ഒക്കെ തിരഞ്ഞെടുക്കുന്നതൊക്കെ സമയമെടുത്താണ്. ഓരോ കല്യാണത്തിനും സാരിയും ആഭരണവുമെല്ലാം വ്യത്യസ്തമാകണമല്ലോ. പിന്നെ കല്യാണപ്പെണ്ണായി ഒരുക്കിയെടുക്കാൻതന്നെ രണ്ടുമണിക്കൂറോളമെടുക്കും. പിന്നെ ആ വേഷത്തിൽ ഷൂട്ടിനായുള്ള കാത്തിരിപ്പ്. വിവാഹം ഷൂട്ട് ചെയ്യുന്നതോടെ ആ വേഷം കഴിയും. പക്ഷേ, അതിലേക്കെത്തുന്നതുവരെ കുറച്ച് മടുപ്പുള്ള കാര്യമാണ്. എന്നാലും ആസ്വദിച്ചുതന്നെയാണ് ചെയ്തത്.

ചെയ്യാനാഗ്രഹമുള്ള വേഷം

എന്തൊക്കെ കാരക്ടർ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. കോമഡി ചെയ്യാൻ ഇഷ്ടമാണ്. അതുപോലെ ഹൊറർ സിനിമകൾ ചെയ്യാനും ആഗ്രഹമാണ്.

പുതിയ പ്രോജക്ടുകൾ

മലയാളത്തിലും തമിഴിലും ഇറങ്ങുന്ന അനന്തൻകാട് ആണ് വരാനിരിക്കുന്ന സിനിമകളിലൊന്ന്. മുരളി ഗോപിയുടെ തിരക്കഥയിൽ ജീയെൻ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് നടൻ ആര്യയാണ് ചിത്രത്തിലെ നായകൻ. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ താരങ്ങളും ഈ ചിത്രത്തിലുണ്ട്. സുധി മാഡിസൺ സംവിധാനംചെയ്യുന്ന ധൂമകേതു ആണ് മറ്റൊരു സിനിമ. ധൂമകേതുവിന്റെ ഷൂട്ടിങ് നടക്കുന്നു. രണ്ട് വെബ്‌സീരീസുകളും വരാനിരിക്കുന്നുണ്ട്. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന അണലി, മനു അശോകൻ സംവിധാനംചെയ്യുന്ന ഐസ് എന്നിവയാണവ.