റീൽസിൽനിന്ന് ബിഗ് സ്‌ക്രീനിലെത്തിയ ഒരു പറ്റം യുവ പ്രതിഭകൾ ഇപ്പോൾ മലയാള സിനിമയിലുണ്ട്. അവർക്കിടയിലും ഇപ്പോൾ ചർച്ചയാവുന്നത് ഒരു 76-കാരിയാണ്. ‘മഞ്ഞുമ്മൽ ബോയ്‌സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദ ബോയ്' എന്ന ചിത്രത്തിൽ പേരില്ലാത്ത അമ്മൂമ്മ കഥാപാത്രത്തെ അവതരിപ്പിച്ച ഡോളി ജൂൺ. ചട്ടയും മുണ്ടുമുടുത്ത് കൈയിൽ തോക്കുമായെത്തി പ്രേക്ഷകരെ വിറപ്പിച്ചും ചിരിപ്പിച്ചും കണ്ണുനിറച്ചും കടന്നുപോയ കഥാപാത്രത്തിന് വൻ കൈയടിയാണ് ലഭിക്കുന്നത്. 'ബാലനി'ലെ അമ്മൂമ്മ തൊണ്ണൂറു ശതമാനവും താൻ തന്നെയാണെന്നാണ് ഡോളി ജൂൺ പറയുന്നത്. ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും അവർ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിച്ചു.

To advertise here,

ഡോളി ജൂൺ- പേരിൽ തന്നെ കൗതുകമുണ്ടല്ലോ?

വല്യപ്പച്ചി- അപ്പന്റെ അമ്മയാണ് ഡോളി എന്ന പേരിട്ടത്. സാറാമ്മ എന്നാണ് പള്ളിയിലെ പേര്. പക്ഷേ, ഇന്നുവരെ ആരും ആ പേര് വിളിച്ചിട്ടില്ല. ജോസ് എന്നാണ് ഭർത്താവിന്റെ പേര്. ഒന്നും വെളിച്ചം കണ്ടില്ലെങ്കിലും അദ്ദേഹത്തിന് അത്യാവശ്യം എഴുത്തൊക്കെയുണ്ടായിരുന്നു. അദ്ദേഹം എന്റെ പേര് താരാ ജൂൺ എന്നു മാറ്റി. അതാണ് ഡോളി ജൂൺ ആയി മാറിയത്.

അമ്മൂമ്മയിൽ എത്ര ജോളിയുണ്ട്?

‘ബാലൻ’ രണ്ടു തവണ തിയേറ്ററിൽ കണ്ടു. വളരെ സന്തോഷം തോന്നി. ഇങ്ങനെ ചെയ്യാൻ പറ്റിയല്ലോ, ഈ പ്രായത്തിൽ ദൈവം എനിക്ക് അതിനുള്ള ആരോഗ്യവും കഴിവും തന്നല്ലോ എന്ന സന്തോഷം. 90% ബാലനിലെ അമ്മൂമ്മയെ പോലെ തന്നെയാണ് ഞാനും. 10% സിനിമയ്ക്ക് വേണ്ടി കൂട്ടിച്ചേർത്തതാണ്. അതില്ലെങ്കിൽ രസമില്ലല്ലോ?

‘ബാലനി’ലേക്ക് എത്തിയത്?

കൊച്ചുമകൻ റിയോൺ വഴിയാണ് തിരക്കഥാകൃത്ത് ജിത്തു മാധവന്റെ ഭാര്യ ഷിഫിന സിനിമയ്ക്കുവേണ്ടി ബന്ധപ്പെടുന്നത്. അമ്മാമ്മയ്ക്ക് ആരോഗ്യമൊന്നുമില്ല, നടക്കാൻ പറ്റില്ല എന്ന് അവൻ പറഞ്ഞു. പ്രായമായി, ഇരുന്നുകൊണ്ടേ ചെയ്യാൻ കഴിയൂ എന്ന് മറുപടി നൽകി. അത് അന്നുതന്നെ വിട്ടു.

പിന്നെ രണ്ടുമൂന്ന് മാസം കഴിഞ്ഞപ്പോൾ ഗണപതി (ബാലന്റെ കാസ്റ്റിങ് ഡയറക്ടർ) വന്നു. അമ്മാമ്മയ്ക്ക് ഇത് അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ ‘ധൈര്യമായിട്ട്’ എന്ന് പറഞ്ഞു. ആ സ്പീഡാണ് ഗണപതിക്ക് ഇഷ്ടമായത്. അങ്ങനെ കുറെ നേരം സംസാരിച്ചിരുന്ന് ഗണപതി പോയി. പിന്നീട് മൂന്ന് മാസം കഴിഞ്ഞ് വന്നു അഭിനയിക്കണമെന്ന്‌ നിർബന്ധം പറഞ്ഞു. അങ്ങനെയാണ് വയനാട്ടിലേക്ക് ഷൂട്ടിങ്ങിന് പോവുന്നത്.

കഥ പറയാൻ വന്നപ്പോൾ എന്റെ ഭാഗം മുഴുവനായി പറഞ്ഞുതന്നു. ഇങ്ങനെയൊക്കെയാണ് കഥ എന്നു പറഞ്ഞു. ഒന്നേകാൽ മാസത്തോളം വയനാട്ടിൽ ഷൂട്ടിങ്. ചിത്രീകരണമൊക്കെ നല്ല സന്തോഷത്തിലായിരുന്നു. വലിയൊരു ബംഗ്ലാവായിരുന്നു ലൊക്കേഷൻ. സിനിമയ്ക്കുവേണ്ടി ഇപ്പോൾ കാണുന്നതുപോലെ മാറ്റിയെടുത്തു. നല്ല സുന്ദരൻ വീട്. നല്ല സ്ഥലവും സൗകര്യവുമൊക്കെ ഉണ്ടായിരുന്നു.

ചിദംബരവും ഗണപതിയുമൊക്കെ സഹായിച്ചോ?

ചിദംബരവും ഗണപതിയുമൊക്കെ നല്ല മക്കളാ. അവർക്കെന്നോട് എന്റെ മക്കളെപ്പോലെ സ്നേഹമുണ്ടായിരുന്നു. സെറ്റിലുണ്ടായിരുന്ന എല്ലാവർക്കും നല്ല സ്‌നേഹമായിരുന്നു, ആരെയും മാറ്റി നിർത്താൻ ഇല്ല. അമ്മൂമ്മ വരുന്നു എന്നറിയുമ്പോൾ തന്നെ അവർ ഹാപ്പിയാ. എനിക്കും സന്തോഷമായിരുന്നു, അവർക്കും. നല്ല ജോളി ആയിട്ടുള്ള ജീവിതമായിരുന്നു.

ഗണപതിയെ പാലും പഴവും (വിനോദയാത്ര) സീനിൽ കണ്ട ഓർമയുണ്ട്. സിനിമയിൽ വേറെ ആരേയും എനിക്ക് മുൻപരിചയമില്ല. അങ്ങനെ ആളുകളെയൊന്നും കണ്ടുപിടിച്ച് അറിയാനുള്ള വിദ്യാഭ്യാസവും ജിജ്ഞാസയും ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോഴും ഗണപതിയെയും ചിദംബരത്തെയും അല്ലാതെ മറ്റാരുടെയും പേര് പറഞ്ഞാൽ എനിക്ക് അറിയില്ല.

അഭിനയിക്കാമെന്നുള്ള തീരുമാനം?

ഒരു ബോധവും ഇല്ലാതെയാണ് അഭിനയിക്കാമെന്നു വാക്കു പറഞ്ഞത്. കഥ കേട്ടിട്ടൊന്നുമല്ല. ഒരു നെഞ്ചൂക്ക്... അഭിനയിക്കാം എന്നങ്ങ് പറഞ്ഞു. എന്താണ് അഭിനയം, എന്താണ് അഭിനയിക്കേണ്ടത് എന്നൊന്നും ഗ്രഹിച്ചിട്ടല്ല പറഞ്ഞത്. എന്തുകിട്ടിയാലും എനിക്ക് കൈകാര്യം ചെയ്യാൻ കഴിയും. പേടിച്ച് ഓടുന്ന ആളൊന്നുമല്ല.

സിനിമയിൽ തോക്ക് സന്തതസഹചാരിയാണല്ലോ? ഉപയോഗിക്കാൻ നേരത്തേ അറിയാമായിരുന്നോ?

അതൊക്കെ എന്തൂട്ടാ അറിയാൻ ഉള്ളത് മോനേ... എല്ലാരും അമ്മയുടെ വയറ്റിൽനിന്ന് തോക്കുമായാണോ വരുന്നത്. അത് ആ സന്ദർഭത്തിൽ അങ്ങ് ഉപയോഗിച്ചതാണ്. ഇതുമാത്രമല്ല, അങ്ങനെ പലതും ആളുകൾ സന്ദർഭം കിട്ടുമ്പോൾ ചെയ്യും. ചിലർക്ക് പറ്റും, ചിലർക്ക് പറ്റില്ല. എനിക്ക് പറ്റും.

ഡയലോഗുകൾ പറയാൻ ബുദ്ധിമുട്ടിയോ?

ആദ്യം വന്നപ്പോൾ തന്നെ കുറച്ച് ഡയലോഗുകൾ തന്നിരുന്നു. ആദ്യമായിട്ടാണെന്ന് അവർക്ക് അറിയാമല്ലോ. കുറച്ചുദിവസം അവർ തന്നത് വായിച്ചുനോക്കി. പിന്നെ അതവിടെയങ്ങ് വിട്ടു. മാസങ്ങൾ കഴിഞ്ഞാണ് ഷൂട്ടിങ്. ഒരുവിധം ഓർമശക്തിയുള്ള ആളാണ് ഞാൻ. ഷൂട്ടിങ് സ്ഥലത്തുവെച്ച് അവർ പറഞ്ഞു തരും, ഓർമിപ്പിക്കാൻ. അപ്പോൾ ഓർമവരും, ഞാൻ സാധാരണ ചെയ്യുന്ന പോലെ അങ്ങ് അഭിനയിച്ചു.

അഭിനയിച്ചതിൽ ഇഷ്ടപ്പെട്ട സീൻ?

ഞാൻ അഭിനയിച്ചതെല്ലാം എനിക്ക് ഇഷ്ടാ...

സിനിമ കണ്ടവർ എന്തുപറഞ്ഞു?

ഒരു പയ്യൻ വിളിച്ചിട്ട്, അമ്മാമ്മ വീൽ ചെയറിൽനിന്ന് വീഴുമോ എന്ന് താൻ പേടിച്ചുവെന്ന് പറഞ്ഞു. പലരും വിളിക്കുന്നുണ്ട്. എല്ലാവർക്കും സ്‌നേഹമാണ്. നാട്ടിലൊക്കെ വലിയ സ്വീകരണമാണ്. സിനിമ കണ്ടിട്ട് വരുന്നവരുടെ തിരക്കാണ് ഇപ്പോൾ വീട്ടിൽ. അതിൽ വലിയ സന്തോഷം. ഇങ്ങനെയൊരു അവസരം കിട്ടിയതുകൊണ്ടാണല്ലോ ആളുകൾ അറിഞ്ഞത്. കുറേ രൂപയും കാശും കിട്ടുന്നതിലല്ല, ആളുകളുടെ സ്‌നേഹം കിട്ടുന്നതിലാണ് സന്തോഷം. അതിന് ദൈവം അനുഗ്രഹിച്ചു.

മരിക്കുന്ന സീൻ തിയേറ്ററിൽ കണ്ടപ്പോൾ എന്തുതോന്നി?

ഞാനൊന്ന് മരിച്ചു നോക്കിയതല്ലേ.…! സ്വന്തം മരണം നേരിട്ട് കാണാൻ പറ്റില്ലല്ലോ. അതിന് മുമ്പ് ഒന്ന് മരിച്ചു, അത്രയേയുള്ളൂ.

ആദിശേഷനും ഫർസാനയും?

അയ്യയ്യോ, അതൊക്കെ എന്റെ മക്കളാണ്. എന്റെ കാര്യങ്ങൾ പറയാൻ നടക്കുന്നതാ ചെക്കന്റെ പണി. നല്ല മോനാ. മുഹമ്മദ് സിനാനെ (കൗമാരക്കാരനായ ബാലൻ) സിനിമയുടെ റിലീസിന് ശേഷം എറണാകുളത്ത് പോയപ്പോഴാണ് കാണുന്നത്. ഫർസാനയോടും നല്ല സ്‌നേഹമാണ്. പൊന്നുപോലെ നോക്കി. സന്തോഷപൂർവ്വമായിരുന്നു സെറ്റ്. ഇനി അങ്ങനെയുള്ള ചിത്രങ്ങൾ വന്നെങ്കിലേ അഭിനയിക്കൂ.

മുന്നൊരുക്കം?

ഓടിച്ചു പഠിക്കാൻ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുമൂന്ന് മാസം മുമ്പേ ഗണപതി വീൽ ചെയർ കൊണ്ടുതന്നു. പ്രാക്ടീസ് ചെയ്ത് സ്വന്തം കഴിവിലാണ് അത് ചെയ്തത്. എല്ലാവർക്കും പേടിയുണ്ടായിരുന്നു, വീഴുമോയെന്ന്.

ജീവിതം?

76 വയസ്സായി. പലയിടത്തും താമസിച്ചിട്ടുണ്ട്. കോട്ടയത്താണ് ജനിച്ചതെങ്കിലും അവിടെ വലിയ കണക്ഷൻ ഒന്നുമില്ല. വളരെ ചെറുപ്പത്തിൽ തന്നെ നിലമ്പൂരിലേക്ക് പോന്നതാണ്. ഇപ്പോൾ തൃശ്ശൂരിൽ. നേരത്തെ മുതുവറയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ കൈപ്പറമ്പിൽ.

ഞാൻ ആരേയും അനുകരിക്കാറില്ല. ഞാൻ ചെയ്യുന്നത് ഉള്ളിൽനിന്ന് വരുന്ന കാര്യങ്ങളാണ്. ഒരാളേയും നോക്കി പഠിക്കുക എന്നത് എന്റെ ജീവിതത്തിലില്ല. നടക്കാൻ വയ്യെങ്കിലും എല്ലാ പണിയുമെടുക്കും. ഭക്ഷണമുണ്ടാക്കും, വീട്ടിലെ തുണി മുഴുവൻ അലക്കുന്നത് ഞാനാണ്. വാഷിങ് മെഷീൻ ഉണ്ടെങ്കിലും അത് ഉപയോഗിക്കില്ല. അതിൽ വൃത്തിയാവില്ലെന്നാണ് എന്റെ അഭിപ്രായം. അടിച്ചുവാരാനും തുടയ്ക്കാനും മാത്രം പറ്റില്ല. അതൊഴികെ എന്തു വേണമെങ്കിലും ഞാൻ ചെയ്യും, വേണ്ടിവന്നാൽ ഒരു കല്യാണസദ്യ ഒരുക്കാനും തയ്യാറാണ്.

വെള്ളേപ്പം ബിസിനസുണ്ട്. കല്യാണ സീസണിൽ നാലായിരം വെള്ളേപ്പം വരെയുണ്ടാക്കും. ചെറിയ ജനകീയം ഹോട്ടൽ നടത്തുന്നുണ്ട്. വെറുതെ ഇരിക്കാൻ ഇഷ്ടമല്ല. തയ്യൽ ഉൾപ്പെടെ ചെയ്യുന്നുണ്ട്.

വൈകീട്ട് അഞ്ചു മണിയാവുമ്പോൾ പ്രാർഥിക്കും. ആറു മണിയായാൽ സീരിയൽ കാണാൻ ഇരിക്കും. രാത്രി പത്തുവരെ. പിന്നെ വന്ന് യൂട്യൂബ് ഒക്കെ കണ്ട് രണ്ടു മണിയാവുമ്പോ കിടന്നുറങ്ങും.

റീൽസ് ചെയ്യാൻ തുടങ്ങിയപ്പോൾ ആളുകൾ എന്തുപറഞ്ഞു?

ഒരാൾ എന്തു ചെയ്താലും ദോഷം പറയുകയല്ലേ പതിവ്. നല്ലത് ഒരു കാര്യത്തിലും പ്രതീക്ഷിക്കേണ്ട. സദ്യക്ക് പോയി ചോറുണ്ടാൽ, എല്ലാം നല്ലതായിട്ടും ഒരു കറിക്ക് ഉപ്പില്ലെങ്കിൽ അതു മാത്രമേ പറയൂ. അതുപോലെ എല്ലാ കാര്യത്തിലുമുണ്ടാവും.

വൃത്തികെട്ട തെറികളൊന്നും പറയാറുണ്ടായിരുന്നില്ല. മാന്യമായ തെറികളൊക്കയേ പറയൂ. തെറിയമ്മാമ്മാ എന്നൊക്കെ ആളുകൾ വിളിക്കുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഞാൻ നേരിട്ട് കേട്ടിട്ടില്ല. എത്രയോ പേരുണ്ട് തെറി പറയുന്നത്, അവരിപ്പോ എവിടെ ഇരിക്കുന്നു. ഞാൻ എവിടെ ഇരിക്കുന്നു. പക്ഷേ, എനിക്ക് മാത്രമല്ലേ ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയുള്ളൂ.

ഞാൻ അങ്ങനെ തെറി പറയുന്ന ആളൊന്നുമല്ല. ചെക്കൻ (കൊച്ചുമകൻ) പറ്റിക്കുന്നതാണ്. അവൻ മൊബൈൽ എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ട് എന്നെ ദേഷ്യം പിടിപ്പിക്കും. അവൻ തമാശയ്ക്ക് ചെയ്തതാ. ഇത്ര കാര്യമാവുമെന്ന് ഞങ്ങളാരും കരുതിയില്ല. ഏതായാലും നന്നായി.

സിനിമ ഇറങ്ങിയപ്പോൾ ആളുകളുടെ അഭിപ്രായം മാറിയോ?

അതുപിന്നെ മാറില്ലേ. പഴയതൊക്കെ തേച്ചുകളഞ്ഞു. ഡോളിയമ്മാമ്മ വലിയ ആളായി എന്നാണ് പറയുന്നത്.

സിനിമയിൽ തുടരുമോ?

അഭിനയിക്കാൻ ആഗ്രഹമുണ്ട്. നല്ലതുവന്നാലേ അഭിനയിക്കൂ. ‘ബാലനി’ലെ പോലെ എന്നെ പരിഗണിക്കുന്നവരായിരിക്കണം. പുതിയ സിനിമകളിലേക്ക് വിളികൾ വരുന്നുണ്ട്. ഉറപ്പായിട്ടൊന്നുമില്ല. പ്രായത്തെ ബഹുമാനിച്ചുകൊണ്ടുള്ള സിനിമകളേ ഏറ്റെടുക്കൂ. അവർക്കും ബുദ്ധിമുട്ട് ആവരുതല്ലോ? നല്ല വേഷങ്ങൾ വന്നാൽ ചെയ്യും. ചാടിക്കയറി എല്ലാത്തിലും അഭിനയിക്കില്ല. കാശിന് പിന്നാലെ പോവില്ല.

കുടുംബം?

എന്നെയിപ്പോൾ കുടുംബം പൊന്നുപോലെ നോക്കുന്നുണ്ട്. സന്തോഷമുള്ള ജീവിതമാണ്. ഞാനും കൊച്ചുമോനും പെങ്ങളും അവരുടെ അമ്മയും- നാലു പേരാണ് വീട്ടിൽ. മകളുടെ പേര് പഞ്ചമി. റിയോണും റോമിയും കൊച്ചുമക്കൾ. ജൂലൈ അഞ്ചിന് കൊച്ചുമകളുടെ കല്യാണമാണ്. ഐ.എം. വിജയന്റെ മകൻ ആരോമൽ ആണ് വരൻ.