ആവേശംകൊള്ളിക്കുന്ന കഥകൾക്കൊപ്പം സഞ്ചരിക്കുന്നതാണ് പതിവ്. മുൻപ് അഭിനയിച്ചതിൽനിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾക്കൊപ്പംനിൽക്കാൻ ശ്രദ്ധിക്കാറുണ്ട്. കഥ കേട്ടുകഴിയുമ്പോൾ അതേക്കുറിച്ച് ചിന്തിക്കും.

ഓണത്തിന് രണ്ടു സിനിമകൾ, ഒരു മാസത്തിനുള്ളിൽ മൂന്നു റിലീസുകൾ... മലയാളത്തിന്റെ മുറ്റംകടന്ന് മമിതാ ബൈജു തമിഴകത്തും തിളങ്ങുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്‌യുടെ ജനനായകനിൽ മമിത ആടിത്തകർത്തു. ക്ലൈമാക്‌സ് രംഗങ്ങളിൽ വിജയ്‌ക്കൊപ്പമുള്ള പ്രകടനം കൈയടികളോടെ സ്വീകരിക്കപ്പെട്ടു. സൂര്യയും മമിതയും ഒന്നിച്ചെത്തിയ വിശ്വനാഥ് ആൻഡ് സൺസാണ് ഓണക്കാലത്തെ മമിതയുടെ തമിഴ് ചിത്രം. ദുൽഖർ സൽമാനെ നായകനാക്കി ലക്കി ഭാസ്‌കർ ഒരുക്കിയ, വെങ്കിഅറ്റ്‌ലൂരി രചനയും സംവിധാനവും നിർവഹിച്ച വിശ്വനാഥ് ആൻഡ് സൺസ് നർമത്തിനും വൈകാരികതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്.
കോട്ടയം സ്വദേശിനിയായ മമിതാ ബൈജു, ഹൈസ്കൂൾകാലത്താണ് സിനിമയിലേക്കെത്തുന്നത്. ഗിരീഷ് എ.ഡി. ഒരുക്കിയ സൂപ്പർ ശരണ്യയിലെ വേഷത്തിലൂടെ സ്വീകാര്യതനേടി. സംവിധായകൻ ഗിരീഷ് എ.ഡി.യുടെതന്നെ പ്രേമലുവിലൂടെ മമിത ഭാഷയുടെ അതിരുകൾ മായ്ച്ചു മുന്നേറി. തമിഴിൽ സജീവമായി നിൽക്കുമ്പോഴും ഗിരീഷ് ചിത്രത്തിലൂടെ മമിത വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. റൊമാന്റിക് കോമഡി ചിത്രമായ ബെത്‌ലഹേം കുടുംബയൂണിറ്റിൽ നിവിൻപോളിയുടെ നായികയായാണ് മമിത വേഷമിട്ടത്.
'പ്രേമലുവിനുശേഷം ഞാനഭിനയിക്കുന്ന മലയാളചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. തമിഴകത്ത് വിജയ്‌സാറിനൊപ്പവും സൂര്യസാറിനൊപ്പവുമുള്ള സിനിമകൾ നൽകിയ പാഠങ്ങൾ വലുതാണ്. അഭിനയജീവിതത്തിൽ കിട്ടാവുന്ന വലിയ നേട്ടങ്ങളാണ് അതെല്ലാം...' പുത്തൻ സിനിമാവിശേഷങ്ങളുമായി മമിതാബൈജു സംസാരിച്ചുതുടങ്ങി…
വിജയ്, സൂര്യ സിനിമകളിൽ പ്രാധാന്യമുള്ള വേഷം, മലയാളം കടന്നുള്ള അഭിനയയാത്ര..., സിനിമ സമ്മാനിച്ച സന്തോഷങ്ങളെക്കുറിച്ച്...
വലിയ താരങ്ങളുടെ സിനിമയിൽ അവർക്കൊപ്പം ചേർന്നഭിനയിക്കാൻ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്. ജനനായകന്റെ കഥ കേൾക്കാനിരുന്നപ്പോൾത്തന്നെ അതൊരു വിജയ് ചിത്രമാണെന്നും അതിലൊരു ചെറുവേഷം ലഭിച്ചാൽപ്പോലും വലിയ ഭാഗ്യമാണെന്നും അറിയാമായിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോൾ എനിക്കു ലഭിക്കാൻ പോകുന്നത് അത്ര ചെറിയവേഷമല്ലെന്നും വലിയൊരു അവസരമാണ് മുന്നിൽ വന്നിരിക്കുന്നതെന്നുമുള്ള ബോധ്യമുണ്ടായി. ആവേശത്തോടുകൂടിയാണ് അഭിനയിക്കാനായി സെറ്റിലേക്കു ചെന്നത്. ക്യാമറയ്ക്കുമുൻപിലും പിന്നിലും വിജയ് സാർ നൽകുന്ന സപ്പോർട്ട് വലുതാണ്. ചെറിയ കാര്യങ്ങൾപോലും അദ്ദേഹം ശ്രദ്ധിക്കും. അഭിനയത്തിൽ പുതിയ ഒരുപാട് കാര്യങ്ങൾ ലഭിച്ചു.
സൂര്യസാറിന്റെ വലിയൊരു ഫാനാണ് ഞാൻ, എന്റെ ഹൈസ്കൂൾ കാലത്ത് അദ്ദേഹമൊരു സിനിമയുടെ പ്രമോഷനുവേണ്ടി കൊച്ചി ലുലുമാളിൽ വന്നിരുന്നു. അന്നദ്ദേഹത്തെ കാണാൻ പോകണമെന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാൽ, കോട്ടയത്തുനിന്ന് ആ ദിവസം കൊച്ചിയിലെത്തിച്ചേരാൻ പ്രയാസമായതിനാൽ അതു നടന്നില്ല. എന്റെ ചേട്ടൻ അന്ന് അദ്ദേഹത്തിനൊപ്പം ഫോട്ടോയെല്ലാം എടുത്തു. കാണാൻ കഴിയാത്തതിലുള്ള വിഷമം കുറെനാൾ ഒപ്പമുണ്ടായിരുന്നു. എന്നാൽ അതേ സൂര്യസാറുമായി സിനിമയിൽ ഒന്നിച്ചഭിനയിക്കാനും ലുലുമാളിൽത്തന്നെ സിനിമയുടെ പ്രചാരണപരിപാടിയിൽ പങ്കെടുക്കാനും കഴിഞ്ഞതെല്ലാം അഭിമാനത്തോടെയാണ് കാണുന്നത്. സിനിമാനടിയെന്ന നിലയിൽ പഠിച്ച സ്കൂളിലേക്ക് ക്ഷണിക്കപ്പെട്ട് ചെല്ലുമ്പോൾ വലിയ അഭിമാനം തോന്നാറുണ്ട്. പഠിച്ച കാലത്തെക്കുറിച്ചും അന്നത്തെ സ്വഭാവത്തെപ്പറ്റിയുമെല്ലാം അധ്യാപകരിൽനിന്നു കേൾക്കുമ്പോൾ മനസ്സുനിറയും. സിനിമ സമ്മാനിച്ച സന്തോഷങ്ങളാണതെല്ലാം.
പ്രേമലുവിനുശേഷം വീണ്ടും ഗിരീഷ് എ.ഡി. ചിത്രം, നിവിൻപോളിക്കൊപ്പമൊരു ഓണച്ചിത്രം -ബെത്‌ലഹേം കുടുംബയൂണിറ്റിന്റെ വിശേഷങ്ങൾ...
കളിചിരികളോടെ ആസ്വദിച്ചഭിനയിച്ച സിനിമയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മലയാളസിനിമയിൽനിന്ന് മാറി ചെന്നൈയിലും ഹൈദരാബാദിലുമെല്ലാം അഭിനയിച്ച് നാട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷം വലുതായിരുന്നു. ചില സിനിമകളിലെല്ലാം അഭിനയിക്കുമ്പോൾ നമ്മളൊരു ജോലിചെയ്യുന്നതായി തോന്നും, എന്നാൽ ഒരുപാട് പരിചയക്കാരും സുഹൃത്തുക്കളുമെല്ലാം നിറഞ്ഞ ലൊക്കേഷനിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അഭിനയമൊരു ജോലിയായി തോന്നുകയേയില്ല. സൂപ്പർ ശരണ്യയിലെ സോനയും പ്രേമലുവിലെ റീനുവും അല്ല, ബെത്‌ലഹേമിലെ ആഷ്‌ലി. ഞാൻ കണ്ടും കേട്ടും വളർന്ന, പരിചിതമായ ഒരുപാട് രംഗങ്ങളിലൂടെ കഥ കടന്നുപോകുന്നുണ്ട്. കോളേജ്കാലത്തെ ബസ് യാത്രകളും വഴിവക്കിൽനിന്നുള്ള സംസാരവുമെല്ലാം പഠിക്കുന്നകാലത്തെ സ്ഥിരം അനുഭവങ്ങളായിരുന്നു. നിവിൻചേട്ടനൊപ്പം മുൻപ് രാമചന്ദ്ര ബോസ് ആൻഡ് കോയിൽ അഭിനയിച്ച പരിചയമുണ്ട്. സെറ്റിൽ ഞങ്ങൾ നല്ല കൂട്ടായിരുന്നു. തമാശയുടെ അകമ്പടിയോടെ കഥ പറഞ്ഞുപോകുന്ന ഗിരീഷ് എ.ഡി. ചിത്രമാണ് ബെത്‌ലഹേം. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിലുള്ള സിനിമയാണിത്, പടം കണ്ടിറങ്ങിവരുന്നവരുടെ മനസ്സിൽ തങ്ങിനിൽക്കാൻ പാകത്തിലുള്ള രംഗങ്ങൾ സിനിമ സമ്മാനിക്കുമെന്നുറപ്പാണ്.
മമിത സിനിമയുടെ തിരക്കിലേക്ക് മാറിയോ..., കഥകളുടെ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധിക്കുന്നതായി കേട്ടിട്ടുണ്ട്...
ആവേശംകൊള്ളിക്കുന്ന കഥകൾക്കൊപ്പം സഞ്ചരിക്കുന്നതാണ് പതിവ്. മുൻപ് അഭിനയിച്ചതിൽനിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾക്കൊപ്പംനിൽക്കാൻ ശ്രദ്ധിക്കാറുണ്ട്. കഥ കേട്ടുകഴിയുമ്പോൾ അതേക്കുറിച്ച് ചിന്തിക്കും. കഥാപാത്രത്തിന്റെ പ്രസക്തി, കഥയിലുള്ള സ്ഥാനം എന്നിവയെല്ലാം ആലോചനയിലേക്കു കടന്നുവരും. തീർത്തും അപരിചിതമായ പരിസരത്താണ് കഥാപാത്രം നിൽക്കുന്നതെങ്കിൽ, അവതരിപ്പിക്കുന്നതിനുമുൻപ് അതിനാവശ്യമായ വിവരങ്ങൾ പരമാവധി ശേഖരിക്കും. നേരിൽപ്പോയി പ്രദേശങ്ങളോ വ്യക്തികളെയോ കാണേണ്ടതുണ്ടെങ്കിൽ അതെല്ലാം ചെയ്യും. കഥാപാത്രത്തിനായി മുന്നൊരുക്കങ്ങൾ നടത്തുമ്പോൾ ചെറിയ കാര്യങ്ങൾപോലും വിട്ടുകളയാറില്ല. ഓരോ സിനിമയും വ്യത്യസ്തമായ ഓരോ അനുഭവമാണ് സമ്മാനിക്കുന്നത്. വിശ്വനാഥ് ആൻഡ് സൺസിന്റെ ചിത്രീകരണം ഹൈദരാബാദിലായിരുന്നു. തെലുങ്ക് പറയുന്ന സംഘമായിരുന്നു ചുറ്റും. പുതിയസ്ഥലം, ഭാഷ, രീതികൾ, ഭക്ഷണം, സംസ്കാരം എല്ലാം വ്യത്യസ്തമായിരുന്നു. പോസിറ്റീവായാണ് അവയെയെല്ലാം കാണുന്നത്.
Content Highlights: Actress Mamitha Baiju reflects on her extraordinary career growth, sharing her experiences of working alongside superstars Vijay and Suriya in Tamil, and returning to Malayalam cinema with Girish A.D.'s Bethlehem Kudumba Unit.
Published: 23 Aug 2026, 09:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented