വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹവിരുന്നിൽ പങ്കെടുത്ത ലുക്ക് വൈറലായതിനുപിന്നാലെ തന്നെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി നീനാ ഗുപ്ത. ഹൈദരാബാദിലെ ചടങ്ങിൽ പങ്കെടുത്ത നീനാ ഗുപ്തയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി, നടി 66-ാം വയസ്സിൽ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇത് നീനാ ഗുപ്ത നിഷേധിച്ചു.

To advertise here,

'ഞാൻ ഗർഭിണിയല്ല. ആ സാരി കുറച്ച് കട്ടികൂടിയതായിരുന്നു. അതുകൊണ്ടാണ് ആ ചടങ്ങിൽ എനിക്ക് കുറച്ച് വണ്ണം തോന്നിച്ചത്', നടി വ്യക്തമാക്കി. 'എന്റെ പ്രായത്തേയും ഗർഭധാരണത്തേയും ബന്ധപ്പെടുത്തി നടക്കുന്ന ചർച്ചകൾ ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മളെത്ര പുരോഗമിച്ചു എന്ന് ഇത് കാണിക്കുന്നു', എന്ന് നടി പരിഹാസരൂപേണ കൂട്ടിച്ചേർത്തു.

അല്പം വയറുതോന്നിക്കുന്ന വേഷത്തിലായിരുന്നു നീനാ ഗുപ്ത വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹത്തിനെത്തിയത്. ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കപ്പെട്ടു. പിന്നാലെയാണ് 66-ാം വയസ്സിൽ താരം അമ്മയാകാനൊരുങ്ങുന്നുവെന്ന പ്രചാരണമുണ്ടായത്.

ഡൽഹി സ്വദേശിയായ വിവേക് മെഹ്‌റയാണ് നീനാ ഗുപ്തയുടെ ജീവിത പങ്കാളി. 2008-ലാണ് ഇരുവരും വിവാഹിതരായത്. 1980-കളിൽ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി നീനാ ഗുപ്ത പ്രണയത്തിലായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. ഫാഷൻ ഡിസൈനറും നടിയുമായ മസാബയെ നീനാ ഗുപ്തയാണ് വളർത്തിയത്.