ഖുഷി, ജെമിനി, താണ്ഡവം തുടങ്ങി നിരവധി സിനിമകളിലൂടെ ഒരുകാലത്ത് പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നടിയായിരുന്നു മുംതാസ്. ദീർഘകാലമായി അവർ അഭിനയത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമാ ജീവിതത്തെക്കുറിച്ച് ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് സൂചിപ്പിക്കുന്ന അവരുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം തനിക്ക് ഇനി വേണ്ടെന്നാണ് മുംതാസ് പറഞ്ഞത്.

To advertise here,

ഖുർ ആൻ മനപാഠമാക്കാനും തർജമ ചെയ്യാനുമാണ് താൻ ഏറെ ആഗ്രഹിക്കുന്നതെന്ന് തമിഴ് മാധ്യമമായ ബിഹൈന്‍ഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. നടിയായിരുന്നുപ്പോൾ ആരാധകർ നൽകിയ സ്നേഹം ഇനി വേണ്ട. അതിന് മറ്റൊരാളെ കണ്ടെത്തണം. ഈ രംഗത്ത് അതിനർഹതപ്പെട്ട ഒരുപാടുപേരുണ്ട്. അഭിനയിച്ചിരുന്ന കാലത്ത് ഏറ്റവും പ്രശസ്തയായ നടിയാകാനാണ് ആഗ്രഹിച്ചത്. അതിനുവേണ്ടി കഠിനാധ്വാനം ചെയ്തു. ആ ലോകം ഇപ്പോൾ ഉപേക്ഷിച്ചു. താൻ അഭിനയിച്ച സിനിമകൾ ഇനി ആരും കാണണമെന്ന ആഗ്രഹം ഇല്ല. ആ സിനിമകളുടെ റൈറ്റ്സ് കിട്ടിയിരുന്നെങ്കിൽ വാങ്ങി കത്തിച്ച് കളയുമെന്നും മുംതാസ് പറഞ്ഞു.

"അഭിനയിച്ചിരുന്ന കാലത്ത് ഞാനിഷ്ടപ്പെട്ടിരുന്നത് ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹമാണ്. എനിക്ക് അക്കാലത്ത് വളരെ കുറഞ്ഞ പ്രതിഫലമായിരുന്നു. നടിയായിരുന്ന കാലത്തെ സമ്പാദ്യം കൊണ്ടല്ല വീട് വെച്ചത്. ബിഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഇപ്പോഴുള്ള എന്റെ വാഹനത്തിന്റെ ഡൗൺ പേയ്മെന്റ് അടയ്ക്കാൻ പറ്റി. അതിനപ്പുറം ഞാനൊന്നും ഈ രംഗത്ത് നിന്ന് നേടിയിട്ടില്ല. കാരണം ഇങ്ങനെയുണ്ടാക്കുന്ന പെെസ ഗുണം ചെയ്യില്ല." മുംതാസ് കൂട്ടിച്ചേർത്തു.

ടി. രാജേന്ദർ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച മോനിഷ എൻ മൊണാലിസ എന്ന സിനിമയിലൂടെയാണ് മുംതാജ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഖുഷിയിലെ വിജയ്‌യുമൊത്തുള്ള കട്ടിപ്പുടിടാ കട്ടിപ്പുടിടാ എന്ന ഗാനം വലിയ തരംഗമാണ് ഉണ്ടാക്കിയത്. 2015 ൽ പുറത്തിറങ്ങിയ ടോമി ആണ് അവസാനമായി മുംതാസ് അഭിനയിച്ച ചിത്രം. 2018 ലെ ബിഗ് ബോസ് സീസൺ 2 വിൽ മുംതാസ് ഭാഗമായിരുന്നു.