തന്നെ ബോളിവുഡ് അർഹിക്കുന്നില്ലെന്നും തെലുങ്ക് വിട്ട് എവിടേക്കുമില്ലെന്നുമുള്ള നടൻ മഹേഷ് ബാബുവിന്റെ വാക്കുകൾക്ക് മറുപടിയുമായി നിർമാതാവ് മുകേഷ് ഭട്ട്. മഹേഷ് ബാബുവിന്റെ പ്രതിഫലം ബോളിവുഡിന് താങ്ങാനാവാത്തതാണെങ്കിൽ അത് നല്ല കാര്യമാണെന്ന് മുകേഷ് ഭട്ട് പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

To advertise here,

"മഹേഷ് ബാബുവിന് ഞാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തിന് കഴിവും അതനുസരിച്ചുള്ള താരമൂല്യവുമുണ്ട്. അത് വർഷങ്ങൾകൊണ്ട് അദ്ദേഹം നേടിയെടുത്തതാണ്. വിജയം നേടിയ അഭിനേതാവാണ് മഹേഷ് ബാബു. അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ബോളിവുഡിന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ തെറ്റുപറയാനാവില്ല", മുകേഷ് ഭട്ട് പറഞ്ഞു.

ഒരാളുടെ പ്രതിഫലത്തിൽ ഇത്രയും ബഹളംവെയ്ക്കുന്നത് എന്തിനുവേണ്ടിയാണെന്നും മുകേഷ് ഭട്ട് ചോദിച്ചു. ആർക്കെങ്കിലും വേണ്ടി സൗജന്യമായി ജോലി ചെയ്യണോ അല്ലെങ്കിൽ ആർക്കെങ്കിലും 100 കോടി പ്രതിഫലമായി നൽകണോ എന്നത് എന്റെ തീരുമാനമാണ്. ബോളിവുഡിൽ ആർക്കും പ്രതിഫലമായി പ്രത്യേക തുക നിശ്ചയിച്ചിട്ടൊന്നുമില്ല. ഒരു നടന്റെ പ്രതിഫലം നിശ്ചയിക്കുന്നത് പലഘടകങ്ങൾ കൊണ്ടാണ്. സംവിധായകനുമായുള്ള ബന്ധവും ഒരു പ്രത്യേക സംവിധായകനൊപ്പം ജോലിചെയ്യാനുള്ള അഭിനിവേശവുമെല്ലാം അതിൽപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ നിർമിക്കുന്ന മേജർ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനിടെയാണ് ബോളിവുഡിൽ പോകാൻ താത്പര്യമില്ലെന്ന് മഹേഷ് ബാബു പറഞ്ഞത്. തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മഹേഷ് ബാബു പറഞ്ഞിരുന്നു.