മലയാള സിനിമയുടെ അഭിമാനം വാനോളം ഉയർത്തിയാണ് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരം സ്വീകരിച്ച് കേരളത്തിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം നേരേ പോയത് ദൃശ്യം-3യുടെ സെറ്റിൽ ജോയിൻ ചെയ്യാനാണ്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചേർന്ന് മോഹൻലാലിനെ ആദരിച്ചിരിക്കുകയാണ്.

To advertise here,

ദൃശ്യം ചലച്ചിത്ര പരമ്പരയിലെ പ്രധാന സ്ത്രീകഥാപാത്രമായ റാണിയെ അവതരിപ്പിക്കുന്ന നടി മീനയാണ് മോഹൻലാലിനെ ആദരിച്ച വിവരം പുറത്തുവിട്ടത്. ഇതിന്റെ ചിത്രങ്ങളും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മോഹൻലാൽ കെയ്ക്ക് മുറിക്കുന്നതും മീന അദ്ദേഹത്തെ പൊന്നാടയണിയിക്കുന്നതും, താരം മീനയെ ആലിംഗനംചെയ്യുന്നതുമായ ചിത്രങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്. നടിമാരായ ശാന്തി മായാദേവി, അൻസിബ, എസ്തർ അനിൽ എന്നിവരേയും ചിത്രങ്ങളിൽ കാണാം. ജീത്തു ജോസഫിനൊപ്പം നിൽക്കുന്ന ലൊക്കേഷൻ ചിത്രവും മീന പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

‘‘ലാലേട്ടനെ ഒരു സഹതാരമെന്ന് വിളിക്കുന്നത് ബഹുമതിയാണ്, എന്നാൽ അദ്ദേഹത്തെ ഒരു സുഹൃത്തെന്ന് വിളിക്കുന്നത് അനുഗ്രഹവും. അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിഭയും ഓരോ കഥാപാത്രങ്ങളിലും ശോഭിക്കുന്നു. സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ, നിങ്ങളെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷയിലാണ്.’’–മീനയുടെ വാക്കുകൾ.

 

ജോര്‍ജുകുട്ടിയുടെ ജീവിതത്തിലും കുടുംബത്തിലും ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന കഥയാണ് 'ദൃശ്യം 3' പറയുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. അമിത പ്രതീക്ഷയോടെ ചിത്രത്തെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.