കേരളം 70-ലെത്തുമ്പോൾ നമ്മുടെ സിനിമാലോകം അനുഭവിച്ച പ്രധാന മാറ്റവും വളർച്ചയും കോടമ്പാക്കത്തുനിന്ന് കൊച്ചിയിലേക്കുള്ള ഈ പറിച്ചുനടൽ തന്നെയാണ്.

കൊച്ചി: ഒരു സിനിമയുടെ സ്വപ്നം മനസ്സിലുറച്ചാൽ സംവിധായകരും നിർമാതാക്കളും കലാകാരരും പെട്ടിയുമായി മദ്രാസിലേക്കുള്ള തീവണ്ടി കയറിയിരുന്ന കാലം. കേരളപ്പിറവിക്ക് മുൻപും അതിനുശേഷവും മലയാള സിനിമയുടെ എല്ലാ വഴികളും ചെന്നെത്തിയിരുന്നത് കോടമ്പാക്കത്തേക്കായിരുന്നു. എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകളും സൂപ്പർ ഹിറ്റുകളും എക്കാലത്തെയും ക്ലാസിക്കുകളും ജന്മംകൊണ്ട ആ മണ്ണായിരുന്നു മലയാള സിനിമയുടെ അടിത്തറ. എന്നാൽ കാലം മാറുമ്പോൾ, സിനിമയുടെ ഭൂപടം മാറുമ്പോൾ ഇപ്പോൾ മലയാള സിനിമയുടെ ഹൃദയസ്പന്ദനം കേൾക്കുന്നത് കൊച്ചിയിലാണ്. കേരളം 70-ലെത്തുമ്പോൾ നമ്മുടെ സിനിമാലോകം അനുഭവിച്ച പ്രധാന മാറ്റവും വളർച്ചയും കോടമ്പാക്കത്തുനിന്ന് കൊച്ചിയിലേക്കുള്ള ഈ പറിച്ചുനടൽ തന്നെയാണ്.
സിനിമയുടെ ഹൃദയഭൂമിയിൽ
സിനിമാറ്റിക് നഗരം... കൊച്ചിക്ക് നൂറു ശതമാനം യോജിക്കുന്ന മേൽവിലാസം തന്നെയാണ് ഈ വാചകം. സിനിമയിൽ കാണുന്നതുപോലെയോ, അതിന് ഒരുപടി മുകളിലോ ആണ് കൊച്ചിയുടെ പരിസരങ്ങൾ എന്നത് തന്നെയാണ് ഈ നഗരത്തിന്റെ സവിശേഷത. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് മലയാളസിനിമയുടെ ഹൃദയഭൂമിയായി കൊച്ചി മാറിക്കഴിഞ്ഞത് അതിന്റെ അടയാളമാണ്. സിനിമയുടെ ആലോചന മുതൽ റിലീസ് വരെയുള്ള പ്രധാന തീരുമാനങ്ങളെല്ലാം എടുക്കപ്പെടുന്നത് ഈ നഗരത്തിൽ നിന്നാണ്. ഇന്ന് മലയാളസിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രമുഖ താരങ്ങളും സംവിധായകരും നിർമാതാക്കളും മറ്റു അണിയറ പ്രവർത്തകരുമെല്ലാം കൊച്ചിയിലുണ്ട്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങൾക്കുമുതൽ ചെറിയ താരങ്ങൾക്കുവരെ ഇന്ന് കൊച്ചിയിൽ ഒരു വീടുണ്ട്. അഭിനേതാക്കളും നിർമാതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളും സാങ്കേതിക പ്രവർത്തകരുമൊക്കെ നിറഞ്ഞ സൃഷ്ടിപരമായ അന്തരീക്ഷത്തിലൂടെ കൊച്ചി മോളിവുഡിന്റെ ആസ്ഥാനമായി മാറി.
കോടമ്പാക്കം ടു കൊച്ചി
മലയാള സിനിമയുടെ പിറവി മുതൽ 1980-കളുടെ അവസാനംവരെ കോടമ്പാക്കം കേന്ദ്രീകരിച്ചായിരുന്നു നമ്മുടെ കലാസ്വപ്നങ്ങൾ വിരിഞ്ഞിരുന്നത്. മലയാള സിനിമകളുടെ ഷൂട്ടിങ്ങിനൊപ്പം, എല്ലാ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നടന്നിരുന്നത് കോടമ്പാക്കത്തായിരുന്നു. 1980-കളിൽ ചിത്രാഞ്ജലി സ്റ്റുഡിയോയും മറ്റും വന്നതോടെയാണ് ചെറിയൊരു മാറ്റം കണ്ടുതുടങ്ങിയത്. ആദ്യം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ കേന്ദ്രീകരിച്ച് കാര്യങ്ങൾ മുൻപോട്ട് പോയെങ്കിലും കൊച്ചിയാണ് പിന്നീട് മലയാള സിനിമയുടെ പ്രധാന കേന്ദ്രമായി മാറിയത്. വിസ്മയ സ്റ്റുഡിയോയും ലാൽ സ്റ്റുഡിയോസും ഉൾപ്പെടെയുള്ളവ കൊച്ചിയിൽ ആരംഭിച്ചതോടെ നമ്മുടെ സിനിമകൾ പൂർണമായും ഇവിടെത്തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യാൻ പറ്റുന്ന തരത്തിലായി. എഡിറ്റിങ്, ഡബ്ബിങ്, റീ-റെക്കോഡിങ്, മറ്റ് സ്പെഷ്യൽ എഫക്ട്‌സുകൾ ഉൾപ്പെടെയുള്ള എല്ലാ ജോലികളും കൊച്ചിയിൽ ചെയ്യാവുന്ന തരത്തിലുള്ള കമ്പനികൾ പ്രവർത്തനം ആരംഭിച്ചതോടെ സിനിമാ ഭാഷയിൽ പറഞ്ഞാൽ കൊച്ചി പുതിയൊരു കൊച്ചിയായി.
കൊച്ചിയിലെത്തുന്ന സിനിമ
ഒരു സിനിമ സമ്പൂർണമായി ചിത്രീകരിച്ച് തിയേറ്ററുകളിൽ എത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോൾ കൊച്ചിയിലുണ്ട്. കേരളത്തിന്റെ ഏതുഭാഗത്തുനിന്നും പുറത്തുനിന്നും ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യൻമാർക്കുമൊക്കെ എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്നതും എല്ലാ സൗകര്യങ്ങളുമുള്ളതുമായ നഗരമാണ് കൊച്ചി. ഇനി കൊച്ചി കാത്തിരിക്കുന്നത് പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ പറഞ്ഞ ഫിലിം സിറ്റിക്കായാണ്. കൊച്ചിയിൽ ജെ.സി. ഡാനിയൽ ഫിലിം സിറ്റി കൂടി വന്നാൽ ഷൂട്ടിങ് ഫ്ളോറുകൾ, ഔട്ട്ഡോർ സെറ്റുകൾ, പോസ്റ്റ്-പ്രൊഡക്ഷൻ യൂണിറ്റുകൾ, ഡബ്ബിങ് സ്റ്റുഡിയോകൾ, വി.എഫ്.എക്സ്. സ്റ്റുഡിയോകൾ, താമസസൗകര്യങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഒരേ സമുച്ചയത്തിൽ ലഭ്യമാകും. അതോടെ ദക്ഷിണേന്ത്യയിലെ പ്രധാന സിനിമാ കേന്ദ്രങ്ങളായ ഹൈദരാബാദ്, ചെന്നൈ എന്നിവയോടൊപ്പം കൊച്ചിയുടെ പേരും കേരളത്തിന് അഭിമാനത്തോടെ എഴുതിച്ചേർക്കാനാകും.
സിനിമയുടെ സൂപ്പർ മാർക്കറ്റ് : സിയാദ് കോക്കർ, കോക്കേഴ്‌സ് തിയേറ്റേഴ്‌സ് പ്രൊപ്രൈറ്റർ
കൊച്ചി ഇപ്പോൾ സിനിമയുടെ ശരിക്കുമൊരു സൂപ്പർ മാർക്കറ്റ് തന്നെയാണ്. ഞാനൊക്കെ സിനിമാ നിർമാണരംഗത്തേക്ക് കടന്നുവരുന്ന കാലത്ത് എല്ലാത്തിനും മദ്രാസിനെയാണ് ആശ്രയിച്ചിരുന്നത്. സിനിമയുടെ ഓരോ കാര്യത്തിനുമായി എത്രയോ തവണയാണ് എന്നെപ്പോലെ ഓരോരുത്തരും അന്ന് മദ്രാസിലേക്ക് പോയിക്കൊണ്ടിരുന്നത്. ഇപ്പോൾ മദ്രാസിന്റെ സ്ഥാനത്തേക്ക് കൊച്ചി വന്നതോടെ ഇതൊരു സിനിമാഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലാണ് ഇപ്പോൾ മിക്ക സിനിമയുടെയും പകുതിയിലേറെയും ചിത്രീകരിക്കുന്നത്. കൊച്ചി ഇതിലേറെ വലിയ സിനിമാ ഹബ്ബായി വികസിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
Content Highlights: Kochi has emerged as the heart of Malayalam cinema, replacing Kodambakkam, which was the epicenter until the late 1980s. Initially, all film-related activities, including shooting and post-production, were centered in Kodambakkam.
Published: 30 Oct 2026, 06:26 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented