ടുത്തടുത്ത ദിവസങ്ങളിൽ റിലീസിനൊരുങ്ങി മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ചിത്രങ്ങൾ. അതുപക്ഷേ കേരളത്തിലല്ല, തമിഴ്നാട്ടിലാണെന്നുമാത്രം. മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷങ്ങളിലെത്തുന്ന ഓം, ജയിലർ 2 എന്ന ചിത്രങ്ങളാണ് അടുപ്പിച്ചുള്ള രണ്ട് ദിവസങ്ങളിൽ റിലീസ് ചെയ്യുന്നത്. ഒക്ടോബർ രണ്ടാംവാരത്തിലാണ് ഇരുചിത്രങ്ങളും പ്രദർശനത്തിനെത്തുന്നത്.

To advertise here,

രജനികാന്തിനൊപ്പം മോഹൻലാൽ

2023-ൽ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച 'ജയിലർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. ചിത്രത്തിന്റെ താരനിര മലയാളികളാൽ സമ്പന്നമാണ്. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്ന രാജൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ, മിർണ, എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്ന വിനായകൻ രണ്ടാം ഭാഗത്തിലുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ 'ജയിലർ 2'-ലും അതിഥി വേഷത്തിലെത്തും. ഇതിന് പുറമേ തമിഴ് പ്രേക്ഷകർ പൂർണ എന്ന് വിളിക്കുന്ന ഷംനാ കാസിം ഗാനരംഗത്തിൽ ചടുലമായ ചുവടുകളുമായി എത്തുന്നുണ്ട്. ഈ ഗാനം അടുത്തിടെ പുറത്തിറങ്ങുകയും ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
Also Read: 'എടാ മോനേ പൊളിച്ചു'; രജനീകാന്തിനൊപ്പം രാജേഷ് മാധവൻ, ഗംഭീര നൃത്തവുമായി ഷംനാ കാസിം, ജയിലർ 2ലെ ആദ്യഗാനം

സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും ചിത്രസംയോജനം ആർ. നിർമലുമാണ് നിർവഹിക്കുന്നത്. നെൽസണും രജനീകാന്തും ആദ്യമായി ഒന്നിച്ച 'ജയിലർ' 2023 ഓഗസ്റ്റ് 10-നായിരുന്നു റിലീസ് ചെയ്തത്. ശിവരാജ്കുമാർ, മോഹൻലാൽ എന്നിവരുടെ അതിഥി വേഷങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറിയിരുന്നു. ഈവരുന്ന ഒക്ടോബർ 15-നാണ് ജയിലർ 2 തിയേറ്ററുകളിൽ എത്തുക.

ധനുഷിനൊപ്പം മമ്മൂട്ടിയും, ഓം ഒക്ടോബർ 16-ന്

ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. കാർത്തികേയൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസർ പുറത്തിറങ്ങിയിരുന്നു.

8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഓം ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉധിരം: ദ ബ്ലഡ് വുഡ്" എന്നാണ്. പക്കാ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം കഥ പറയുന്നത് എന്നാണ് ചിത്രത്തിന്റെ ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്-സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് ഓം. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ പകരുന്നു. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

Also Read: ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഓം': ദേശീയ പുരസ്കാര ജേതാക്കളുടെ കൂടിച്ചേരൽ
ചിത്രത്തിലെ നേരത്തെ പുറത്തു വന്ന 'അലാക്ക ലോവ' എന്ന ഗാനവും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒക്ടോബർ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.