നടി അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ നടനെതിരെ പരിഹാസവുമായി സംവിധായകൻ എം.എ. നിഷാദ്. ടിനി ടോമിന്റെ പേര് പറയാതെ, 'ഠീം ഠോം' എന്ന് അഭിസംബോധന ചെയ്താണ് നിഷാദിന്റെ കുറിപ്പ്. കോടതിയിൽ മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ ശ്രമിക്കരുതെന്ന ഉപദേശമാണ് നിഷാദ് പരിഹാസരൂപേണ ടിനിക്ക് നൽകിയത്.

To advertise here,

കോടതി നിർദേശത്തെക്കുറിച്ചുള്ള വാർത്താ കാർഡ് പങ്കുവെച്ചായിരുന്നു നിഷാദിന്റെ പരിഹാസം. 'എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ. താങ്കൾക്ക് കോടതിസന്ദർശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. ഈ സവിശേഷസാഹചര്യത്തിൽ ഒരുപദേശമെന്നോണം ഒരൂട്ടം- കോടതീൽ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുത്', നിഷാദ് കുറിച്ചു.

'കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്. ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽനിന്ന് താങ്കൾ ഒഴിഞ്ഞുനിൽക്കുമെന്ന് വിശ്വസിക്കട്ടെ- മൂന്നു പടങ്ങളിൽ അങ്ങയെ അഭിനയിപ്പിക്കാൻ ഭാഗ്യമുണ്ടായൊരു സംവിധായകൻ', സംവിധായകൻ കൂട്ടിച്ചേർത്തു.

ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ ഹസൻ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ പോലീസ് കേസെടുക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു.

ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അൻസിബ കോടതിയെ സമീപിച്ചു. അൻസിബയുടെ ആവശ്യം അനുവദിച്ച കോടതി, ടിനിക്കെതിരെ കേസെടുക്കാൻ നിർദേശിച്ചു.

സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങിയവരെ നായകന്മാരാക്കി മലയാളത്തിൽ സിനിമയൊരുക്കിയ സംവിധായകനാണ് എം.എ. നിഷാദ്. പൃഥ്വിരാജ് നായകനായ പകൽ ആണ് ആദ്യചിത്രം. സുരേഷ് ഗോപിയെ നായകനാക്കി ആയുധം, വൈരം എന്നീ ചിത്രങ്ങൾ സംവിധാനംചെയ്തു. ലർക്ക് ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.