മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാത്തതിനെതിരെ തുറന്നടിച്ച് വിഖ്യാതനടൻ സത്യന്റെ മകൻ സതീഷ് സത്യൻ. ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ ഇക്കാര്യമാവശ്യപ്പെട്ട് താൻ കത്തയച്ചിരുന്നു. യാതൊരുവിധ സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചല്ല താൻ അംഗത്വത്തിന് അപേക്ഷിക്കുന്നതെന്നും കത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ടും തനിക്ക് അംഗത്വം നിഷേധിച്ചു. താനിപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല എന്നതാണ് അതിന് കാരണമായി പറഞ്ഞതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മലയാളസിനിമയെ എന്നും കുടുംബമായാണ് അന്നും ഇന്നും കണ്ടിരുന്നതെന്ന് സതീഷ് സത്യൻ പറഞ്ഞു. അല്ല എന്ന് ആരുപറഞ്ഞാലും അതൊരു കുടുംബമാണ്. അവിടെ ഒരംഗമാണ് എന്ന് എനിക്ക് തോന്നിയിരുന്നു. സിനിമകളിൽ അഭിനയിച്ചു, സത്യൻ എന്ന മഹാനടന്റെ മകനാണ്, മലയാള ചലച്ചിത്ര കുടുംബത്തിലെ എളിയ അംഗമാണ് എന്ന് തോന്നിയപ്പോൾ അമ്മ സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ചു. സതീഷ് സത്യനാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് പെട്ടന്ന് മനസിലായി. എനിക്ക് വളരെ സന്തോഷംതോന്നി. അമ്മയിൽ അംഗത്വമെടുക്കാൻ താത്പര്യമുണ്ടെന്നുപറഞ്ഞു. മലയാളസിനിമയിലെ ആ കുടുംബത്തിലെ ഒരംഗമാണെന്ന് അഭിമാനിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. അല്ലാതെ സാമ്പത്തികമായി എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇടവേള ബാബു നിർദേശിച്ചതുപ്രകാരം ഞാൻ ഒരു മെയിൽ അയച്ചു. അതിൽ സാമ്പത്തികമായ ഒരു നേട്ടത്തിനും വേണ്ടിയല്ല അംഗത്വമെടുക്കുന്നതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. മെയിൽ കിട്ടിയെന്ന് ഇടവേള ബാബു മറുപടി തന്നെങ്കിലും പിന്നീട് അക്കാര്യത്തിൽ നടപടിയൊന്നുമുണ്ടായില്ല. അംഗത്വം നൽകുന്നത് സംബന്ധിച്ച് ഇന്നുവരെ മറുപടിയൊന്നും വന്നിട്ടില്ല. ഇടവേള ബാബുവിനെ ഇടയ്ക്ക് വിളിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഒടുവിൽ വന്ന മറുപടി താങ്കൾ ഇപ്പോൾ നടനല്ലല്ലോ എന്നായിരുന്നു. ചേട്ടന് അംഗത്വം തന്നാൽ മറ്റ് ഒരുപാട് പേർക്ക് അംഗത്വം നൽകണ്ടിവരും എന്നും പറഞ്ഞു. ഇന്ന് നടന്മാരല്ലാത്ത, എന്നാൽ നേരത്തേ നടന്മാരായിരുന്ന പലരും അമ്മയുടെ അംഗങ്ങളായിരുന്നു എന്നാണ് ഇതിനോട് എനിക്ക് ചോദിക്കാനുള്ളത്. സിനിമയിൽ പശുവിനെ അഴിച്ചുകെട്ടുന്ന രംഗമല്ല ഞാൻ ചെയ്തത്'- സതീഷ് സത്യൻ തുറന്നടിച്ചു.
സത്യനെന്ന മഹാ നടന്റെ മകനായതുകൊണ്ടും സത്യൻ മലയാളസിനിമയ്ക്ക് നൽകിയ സംഭാവനകൾ മുൻനിർത്തിക്കൊണ്ടും ഒരു ഓണററി മെമ്പർഷിപ്പെങ്കിലും തരേണ്ടതാണ്. അതായിരുന്നു അഭിമാനം. അമ്മ എന്ന സംഘടനയിലുള്ളവർ നല്ല രീതിയിൽ ചിന്തിക്കുന്നവരാണെങ്കിൽ ഞാനെഴുതിക്കൊടുത്ത അപേക്ഷ പ്രസിഡണ്ടായ മോഹൻലാൽ ഉൾപ്പെടെയുള്ള എല്ലാ സീനിയർ അംഗങ്ങളും അറിഞ്ഞിട്ടുണ്ടാവണം. അമ്മയുടെ ഭാരവാഹികൾക്ക് ശരിയെന്ന് തോന്നുകയാണെങ്കിൽ എനിക്ക് ഇനിയും അംഗത്വം നൽകുന്നതിന് തടസമൊന്നുമില്ല. പുതിയ ഭാരവാഹികളുടെ ശ്രദ്ധയിൽ ഇക്കാര്യം താൻ വീണ്ടും കൊണ്ടുവരും. അംഗത്വം തരാത്തതിനുള്ള കാരണം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: legendary actor sathyan son satheesh sathyan against amma
Published: 06 Jul 2024, 09:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented