ചെറിയ ബിസിനസിനെപ്പോലും ലോകമറിയുന്ന ബ്രാൻഡാക്കി മാറ്റാമെന്ന് മീര കുൽക്കർണി തെളിയിച്ചു; മുൻപരിചയമോ പ്രായമോ വ്യക്തിപരമായ തിരിച്ചടികളോ വിജയത്തിന് തടസ്സമാകില്ലെന്നും.

ജീവിതത്തിൽ തുടർച്ചയായി കനത്ത തിരിച്ചടികൾ നേരിട്ടിട്ടും 45-ാം വയസ്സിൽ സിംഗിൾ മദറായ മീര കുൽക്കർണി പടുത്തുയർത്തിയത് 580 കോടിയിലേറെ വരുമാനമുള്ള ബ്രാൻഡ്. ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെടുകയും തകർന്ന വിവാഹബന്ധത്തിൽനിന്ന് രണ്ട് മക്കളുമായി ഇറങ്ങിപ്പോരേണ്ടി വരികയും ചെയ്തപ്പോഴും പ്രതിസന്ധികൾക്കുമുന്നിൽ അവർ മുട്ടുമടക്കിയില്ല.
ജീവിക്കാനുള്ള ചെറിയ തുകയ്ക്കുവേണ്ടി വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നൽകി തുടക്കത്തിൽ പിടിച്ചുനിന്ന അവർ, അവിചാരിതമായി മനസ്സിലുദിച്ച ആശയം ഇന്ത്യയിലെതന്നെ മുൻനിര ലക്ഷ്വറി ആയുർവേദ സ്കിൻകെയർ ബ്രാൻഡായി പടുത്തുയർത്തി.
'എസൻഷ്യലി മീര: ദി എക്സ്ട്രാഓർഡിനറി ജേർണി ബിഹൈൻഡ് ഫോറസ്റ്റ് എസൻഷ്യൽസ്' എന്ന ആത്മകഥയിലൂടെ മീര വെളിപ്പെടുത്തിയ ജീവിതാനുഭവങ്ങൾ സംരംഭകർക്ക് പ്രചോദനമാണ്. വീടിന്റെ ഗാരേജിൽ തുടങ്ങി ഇന്ന് 'മൗണ്ടൻ വാലി സ്പ്രിംഗ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്ക് കീഴിൽ പ്രതിവർഷം 580 കോടിയിലധികം രൂപ വരുമാനം നേടുന്ന 'ഫോറസ്റ്റ് എസൻഷ്യൽസ്' എന്ന സാമ്രാജ്യത്തിന്റെ സ്ഥാപകയായി മീര മാറി.
ജീവിതം
19-ാം വയസ്സിൽ ഉപരിപഠനത്തിനായുള്ള കേംബ്രിജ് അവസരവും വിവാഹാലോചനയും മുന്നിലെത്തിയപ്പോൾ മീര തിരഞ്ഞെടുത്തത് വിവാഹമായിരുന്നു. പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല പിന്നീടുള്ള ജീവിതം. ഭർത്താവിന്റെ ബിസിനസ് തകർച്ചയും അഭിപ്രായവ്യത്യാസങ്ങളും കാരണം രണ്ടു മക്കളുമായി അവർക്ക് ആ ബന്ധം വേർപെടുത്തേണ്ടി വന്നു. തുടർന്ന് ഡൽഹിയിലേക്ക് തിരിച്ചെത്തിയ മീരയ്ക്ക് 28-ാം വയസ്സിൽ മാതാപിതാക്കളെ നഷ്ടമായി. സമ്പാദ്യമൊന്നുമില്ലാതെ രണ്ടു മക്കളെ വളർത്താൻ പ്രയാസപ്പെട്ട അവർ വരുമാനത്തിനായി ഡൽഹിയിലെ കുടുംബവീടിന്റെ ഭാഗം വാടകയ്ക്ക് നൽകാൻ നിർബന്ധിതയായി.
വർഷങ്ങൾക്കിപ്പുറം 2000-ൽ, 45-ാം വയസ്സിലാണ് മീര ഫോറസ്റ്റ് എസൻഷ്യൽസ് ആരംഭിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ നിക്ഷേപവും രണ്ട് ജീവനക്കാരുമായി സ്വന്തം വീട്ടിൽ (ഓർഡറുകൾ കൂടിയപ്പോൾ പ്രവർത്തനങ്ങൾ ഗാരേജിലേക്ക് മാറ്റി) തുടക്കമിട്ട ഈ സംരംഭത്തിന് പിന്നിൽ പരമ്പരാഗത ബിസിനസ് പരിചയമൊന്നും ഉണ്ടായിരുന്നുമില്ല. വലിയ ബിസിനസ് പടുത്തുയർത്താൻ ബിസിനസ് ബിരുദങ്ങളോ മുൻപരിചയമോ തടസ്സമല്ലെന്ന് മീരയുടെ ജീവിതം വ്യക്തമാക്കുന്നു.
ബിസിനസ് ആശയം
1999-ൽ ഒരു കോട്ടേജിൽ അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ ഉണ്ടായ അപ്രതീക്ഷിത വൈദ്യുതിതടസ്സമാണ് നിർണായക വഴിത്തിരിവായത്. കറന്റ് പോയപ്പോൾ ഉരുകിയ മെഴുകുതിരി മെഴുക് ശേഖരിച്ച് വീണ്ടും ചൂടാക്കി അവർ പുതിയ മെഴുകുതിരികൾ ഉണ്ടാക്കി. ഈ അനുഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഔഷധസസ്യങ്ങളും ഉണങ്ങിയ പൂക്കളും എസൻഷ്യൽ ഓയിലുകളും ചേർത്തുള്ള മെഴുകുതിരി നിർമാണത്തിലേക്ക് അവർ കടന്നു. 'കാൻഡിൽമാനിയ' എന്ന പേരിലായിരുന്നു ഇത്. ഈ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് കൈകൊണ്ട് നിർമിക്കുന്ന സോപ്പുകളിലേക്കും, തുടർന്ന് ഫോറസ്റ്റ് എസൻഷ്യൽസ് എന്ന ബ്രാൻഡിന്റെ രൂപീകരണത്തിലേക്കും വഴിതുറന്നത്.
ദൈനംദിന ജീവിതത്തിലെ ചെറിയ അനുഭവങ്ങളെയും നിരീക്ഷണങ്ങളെയും സർഗ്ഗാത്മകമായി സമീപിച്ചാൽ വലിയ ബിസിനസ് അവസരങ്ങളാക്കി മാറ്റാമെന്നതിന് മികച്ച ഉദാഹരണമാണ് മീരയുടെ സംരംഭം. തുടക്കത്തിൽ വെഞ്ചവർ ഫണ്ടിങ്ങിന് പിന്നാലെ പായാനൊന്നും അവർ മുതിർന്നില്ല. ബിസിനസിൽനിന്ന് ലഭിക്കുന്ന ലാഭം തിരികെ നിക്ഷേപിക്കുന്ന രീതി പിന്തുടർന്നു. പടിപടിയായി അത് വളർന്നു.
- 2018-19: 224.70 കോടി രൂപ വരുമാനം.
- 2020-21 (കോവിഡ് കാലഘട്ടം): വരുമാനത്തിൽ നേരിയ കുറവുണ്ടായി; 212.86 കോടി രൂപയായി.
- 2022-23: ശക്തമായ തിരിച്ചുവരവിലൂടെ വരുമാനം 400 കോടി രൂപ കടന്നു.
- 2023-24: വരുമാനം 496.81 കോടി രൂപ; അറ്റാദായം 72.02 കോടി രൂപ.
- 2024-25: വരുമാനത്തിൽ 18 ശതമാനം വളർച്ചയോടെ 584.51 കോടി രൂപയിലെത്തി. അറ്റാദായം 72 ശതമാനം വർധിച്ച് 123.51 കോടി രൂപയായും ഉയർന്നു.
ആയുർവേദത്തിന്റെ ലക്ഷ്വറി മാനം
പേഴ്സണൽ കെയർ വിപണിയിൽ നിലനിന്നിരുന്ന സാധ്യത മീര കൃത്യമായി തിരിച്ചറിഞ്ഞു. അക്കാലത്ത് മിക്ക ആയുർവേദ ഉൽപ്പന്നങ്ങളും വെറും ഔഷധ നിർമിതികളായി മാത്രമാണ് വിപണിയിലെത്തിച്ചിരുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ആഡംബര സ്കിൻകെയർ ഉൽപ്പന്നങ്ങളുടെ അഭാവമുണ്ടായിരുന്നു.
ആയുർവേദ വൈദ്യന്മാരുമായി ചർച്ച ചെയ്ത് പരമ്പരാഗത കൂട്ടുകളും കോൾഡ് പ്രസ്സ് ചെയ്ത എണ്ണകളും അപൂർവ സസ്യഘടകങ്ങളും ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിച്ചു. അതിമനോഹരമായ പാക്കിങ്ങിലൂടെയും ആഗോള നിലവാരത്തിലുള്ള അവതരണത്തിലൂടെയും ആയുർവേദത്തെ 'ആഡംബര സ്കിൻകെയർ' വിഭാഗത്തിലേക്ക് ഉയർത്തി.
വഴിത്തിരിവ്
2000-കളുടെ തുടക്കത്തിൽ ഡൽഹിയിലെ ഹയാത്ത് റീജൻസി ഹോട്ടലിൽനിന്ന് ലഭിച്ച ഓർഡറാണ് വഴിത്തിരിവായത്. ഹോട്ടലിലെ അതിഥികൾക്കായി നൽകുന്ന പ്രീമിയം സൗകര്യങ്ങളിൽ ഫോറസ്റ്റ് എസൻഷ്യൽസിന്റെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയതോടെ, ലക്ഷ്വറി ഹോട്ടലുകൾക്കും സ്പാകൾക്കും ആവശ്യമായ ഉൽപ്പന്നങ്ങൾ നൽകുന്ന വൻകിട ബിസിനസ് സാധ്യതകൾ തുറന്നു. ഉൽപ്പന്നശേഖരം സോപ്പുകളിലും മെഴുകുതിരികളിലും ഒതുക്കാതെ ബോഡി ഓയിലുകൾ, ഹെയർകെയർ ഉൽപ്പന്നങ്ങൾ, ബോഡി പോളിഷുകൾ, ഫേഷ്യൽ സിറങ്ങൾ തുടങ്ങി വിപുലമായ സ്കിൻകെയർ നിരയിലേക്ക് വികസിപ്പിക്കാൻ അവരെ ഇത് സഹായിച്ചു.
ആഗോള ശ്രദ്ധ
ഫോറസ്റ്റ് എസൻഷ്യൽസിന്റെ വളർച്ച ആഗോള ശ്രദ്ധ നേടി. 2008-ൽ പ്രമുഖ അമേരിക്കൻ ബ്യൂട്ടി ഭീമന്മാരായ 'ദി എസ്തേ ലോഡർ കമ്പനീസ്' ന്യൂനപക്ഷ ഓഹരി (minority stake) സ്വന്തമാക്കി. 2020-ൽ എസ്തേ ലോഡർ പങ്കാളിത്തം 49 ശതമാനമായി ഉയർത്തി.
തുടർന്ന്, 2026-ൽ 1,300 കോടിയിലധികം രൂപയ്ക്ക് ശേഷിക്കുന്ന 51 ശതമാനം ഓഹരി കൂടി സ്വന്തമാക്കിക്കൊണ്ട് എസ്തേ ലോഡർ ബ്രാൻഡ് സ്വന്തമാക്കുകയും ചെയ്തു. ആഗോള ബ്രാൻഡിന്റെ ഉടമസ്ഥതയിലായെങ്കിലും കമ്പനിയുടെ വേരുകൾ ഇന്ത്യയിൽത്തന്നെ നിലനിൽക്കുന്നു. കമ്പനിയുടെ ആസ്ഥാനം ഇപ്പോഴും ന്യൂഡൽഹിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. മീര കുൽക്കർണിയും മകൻ സംരഥ് ബേദിയും ചേർന്ന് ബിസിനസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തുടരുന്നു.
ചെറിയ ബിസിനസിനെപ്പോലും ലോകമറിയുന്ന ബ്രാൻഡാക്കി മാറ്റാമെന്ന് മീര കുൽക്കർണി തെളിയിച്ചു; മുൻപരിചയമോ പ്രായമോ വ്യക്തിപരമായ തിരിച്ചടികളോ വിജയത്തിന് തടസ്സമാകില്ലെന്നും.
Content Highlights: Started Forest Essentials at age 42 with Rs 2 lakh investment and two employees., Overcame severe personal setbacks including the loss of parents and a failed marriage., Transformed traditional Ayurveda into a global luxury skincare segment., Partnered with Estee Lauder, leading to a complete acquisition valued at over Rs 1,300 crore in 2026.
Published: 10 Nov 2026, 03:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented