മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ റിലീസിങ് പോസ്റ്റർ ഏറ്റുവാങ്ങി കേരള പോലീസ്. 'കുറ്റവും ശിക്ഷയും' എന്ന സിനിമയുടെ റിലീസിങ് പോസ്റ്റർ ഒഫീഷ്യൽ പേജുകളിലും , ആസിഫ് അലി , ഷെറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്. നിരവധി പോലീസുകാരാണ് ഈ പോസ്റ്റർ ഷെയർ ചെയ്തത് .

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ജൂലൈ 2ന് ചിത്രം പ്രദർശനത്തിനെത്തും.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കാസർക്കോട്ട് നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക ത്രില്ലറാണ് സിനിമയുടെ പ്രമേയം. സിബി തോമസിന്റെ നേത്ര്വത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥർ ഒരു ജ്വല്ലറി മോഷണത്തെ തുടർന്ന് കേസന്വേഷണത്തിനായി വടക്കിന്ത്യയിലേക്ക് യാത്രയാവുകയും അവിടെ ജീവൻ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ.

ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി.ആറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബി.അജിത്‌കുമാർ എഡിറ്റിങ്ങും, സുരേഷ് രാജൻ ക്യാമറയും, സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

Content Highlights :Kuttavum Sikshayum Movie Poster Relased by Kerala Police Asif Ali Rajeev Ravi Movie