
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ടീം ബാഡ്മിന്റണിൽ ഇന്ത്യക്ക് വെങ്കലം. സെമി ഫൈനലിൽ ചൈനയോട് 3-1ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലത്തിലൊതുങ്ങിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. അന്ന് ചൈനയോട് ഫൈനലിലാണ് പരാജയപ്പെട്ടത്.
ഇതോടെ 40 വർഷത്തിനുശേഷം തുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസിലും മെഡൽ നേടാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇതിന് മുമ്പ് 1982-ലും 1986-ലും ഇന്ത്യ വെങ്കലം നേടിയിരുന്നു.
ഇത്തവണ സെമി ഫൈനലിൽ ഇന്ത്യയുടെ പുരുഷ ഡബിൾസ് ജോഡിയായ സാത്വിക് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് മാത്രമേ വിജയിക്കാനായുള്ളു. പുരുഷ സിംഗിൾസിൽ ലക്ഷ്യാ സെന്നും ആയുഷ് ഷെട്ടിയും തോറ്റു. മറ്റൊരു പുരുഷ ഡബിൾസിൽ എം.ആർ അർജുൻ-ഹരിഹരൻ സഖ്യവും പരാജയപ്പെട്ടു. ഇതോടെ ചൈന ഫൈനലിലെത്തി.
ആദ്യ സിംഗിൾസിൽ ലോക ആറാം റാങ്കുകാരൻ ഷി യു ക്വിയോട് ലോക 14-ാം റാങ്കുകാരനായ ലക്ഷ്യാ സെൻ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ടു. ക്വാർട്ടറിൽ പുറത്തെടുത്ത പോരാട്ടവീര്യം ആവർത്തിക്കാൻ ലക്ഷ്യക്ക് കഴിഞ്ഞില്ല. സ്‌കോർ: 21-16, 21-18.
എന്നാൽ മുൻ ലോക ചാമ്പ്യൻമാരും പാരിസ് ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാക്കളുമായ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തിനെതിരെ ഇന്ത്യയുടെ സാത്വിക് റെഡ്ഡിയും ചിരാഗ് ഷെട്ടിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം 21-11നും രണ്ടാം ഗെയിം 22-10നും സ്വന്തമാക്കി മത്സരത്തിൽ ഇന്ത്യയുടെ സാധ്യത നിലനിർത്തി.
എന്നാൽ രണ്ടാം സിംഗിൾസിൽ ആയുഷ് ഷെട്ടി ലോക 12-ാം റാങ്കുകാരനായ ലി ഷി ഫെങ്ങിനോട് പരാജയപ്പെട്ടതോടെ ചൈന വീണ്ടും മുന്നിലെത്തി. സ്‌കോർ: 21-19, 21-13. അടുത്തതായി മലയാളി താരം എം.ആർ അർജുനും ഹരിഹരനും ഇറങ്ങിയ ഡബിൾസ് മത്സരമായിരുന്നു. മത്സരം മൂന്ന് ഗെയിം നീണ്ടെങ്കിലും ഇന്ത്യൻ സഖ്യത്തിന് വിജയിക്കാനായില്ല. ഹി ജി ടിങ്-ല്യു യി ജോഡി 21-16, 17-21, 21-9ന് ഇന്ത്യൻ സഖ്യത്തെ തോൽപ്പിച്ചു. രണ്ടാം ഗെയിമിൽ അർജുനും ഹരിഹരനും തിരിച്ചെത്തിയെങ്കിലും മൂന്നാം ഗെയിമിൽ ചൈനീസ് സഖ്യം ഇന്ത്യൻ ജോഡിയെ ചിത്രത്തിലേ ഇല്ലാതാക്കി.
Content Highlights: India wins bronze in the men's team badminton at the Asian Games., Achieved consecutive medals in Asian Games after 40 years., Satwik-Chirag secured the only win in the semifinal against China.
Published: 23 Sept 2026, 05:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented