തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ- ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്' കേരളത്തിലെ അഡ്വാൻസ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ബുധനാഴ്ച രാത്രി നടക്കുന്ന പ്രീമിയർ ഷോകളോടെയാണ് ചിത്രം പ്രദർശനം ആരംഭിക്കുക.

To advertise here,

കേരളത്തിൽ കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ സിനിപോളിസ് ചെയിൻ ഉൾപ്പെടെയുള്ള പ്രമുഖ സ്‌ക്രീനുകളിൽ രാത്രി 9.30 മുതൽ ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ആരംഭിക്കും. വ്യാഴാഴ്ച ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമിക്കുന്ന ചിത്രം വമ്പൻ കാൻവാസിലാണ് ഒരുങ്ങുന്നത്. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനുശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'.

ആഗോള തലത്തിൽ ഇതിനോടകം വമ്പൻ അഡ്വാൻസ് ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു അമ്മ-മകൻ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. 'ജേഴ്‌സി', 'ഗാങ് ലീഡർ' എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. ചിത്രത്തിലെ അനിരുദ്ധ് ഈണം നൽകിയ 'ആയാ ഷേർ', 'യേഷാ നഗുല' എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത് ജദാൽ എന്ന കഥാപാത്രത്തെയാണ്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ജദാലിനെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്‌മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആക്ഷനും വയലൻസിനും നൽകുന്ന പ്രാധാന്യവും ടീസർ വ്യക്തമാക്കിയിരുന്നു.

'കിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. കയാദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുന്നത്.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിർമാതാവ്: സുധാകർ ചെറുകുറി, ബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്, ഛായാഗ്രഹണം: സി.എച്ച്. സായ്, സംഗീതം: അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ, പി.ആർ.ഒ: ശബരി.