തോമ കറിയ കറിയ തോമ എന്ന നാടകത്തിന് ശേഷം ശ്യാംകൃഷ്ണ എഴുതിയ രണ്ടു നാടകങ്ങളാണ് 'കൊടുംമുടി'യും 'ദയാഹർജി'യും. നാടകപ്രവർത്തകനായ എ.കെ.സുജിത്താണ് സംവിധായകൻ. സൂര്യയുമായി സഹകരിച്ചാണ് ഇവ തിരുവനന്തപുരം ഗണേശത്തിൽ അവതരിപ്പിച്ചത്.
കേരളമിന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നങ്ങളിലൊന്ന് വൃദ്ധജനങ്ങൾ നേരിടുന്ന അവഗണനയാണ്. അവരിലൊരു വൃദ്ധൻ, പേര് കൊച്ചാപ്പി, തന്നെ പൂട്ടിയിട്ടിരുന്ന കുടുസ്സുമുറിയിൽ കിടന്ന് കൊണ്ട് ദുഷ്ടന്മാരായ മക്കൾക്കെതിരെ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അയാൾ പലവഴികളും ആലോചിച്ചു. അവസാനം വിചിത്രമായൊരു പ്രതികാരരീതി കണ്ടെത്തി.

ആ കഥയാണ് കൊടുംമുടി എന്ന നാടകം. പൂട്ടുകൾ പൊളിച്ച് പുറത്ത് ചാടി അയാൾ മക്കൾക്കും ബന്ധുക്കൾക്കും സമൂഹത്തിനുമെതിരെ പോരാടി. വീട് കുലുങ്ങി. നാട് കുലുങ്ങി. മാധ്യമങ്ങൾക്കത് പ്രധാന വാർത്താവിഷയമായി. അവസാനം റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമപ്രവർത്തകരും അയാളുടെ ധീരത കണ്ട് അതിശയിച്ചു.

മരണക്കിടക്കയിൽ നിന്നുള്ള അയാളുടെ തിരിച്ചുവരവ് ആരെയും പേടിപ്പെടുത്തുന്നതായിരുന്നു. മരണത്തെ അതിജീവിച്ചവനാണ് ഏറ്റവും വലിയ ധീരനെന്നാണോ പറച്ചിൽ? അതിനെ അന്വർഥമാക്കുന്നതായിരുന്നു അയാളുടെ സംഭവബഹുലമായ പ്രതികാരത്തിന്റെ കഥ.
'ദയാഹർജി'യായിരുന്നു രണ്ടാമത്തെ നാടകം. മാറിമറിയുന്ന പുതിയകാല സാഹചര്യങ്ങളിലും സംഘർഷങ്ങളിലും പെട്ടുപോകുന്ന കുട്ടികളെ കുറിച്ചാണ് നാടകം പറയുന്നത്. കലാപങ്ങളിലും യുദ്ധങ്ങളിലും ഏറ്റവുമധികം യാതന അനുഭവിക്കുന്നത് പറക്കമുറ്റാത്ത പാവം കുട്ടികളാണ്.

പ്രതികരിക്കാനാകാതെ, പ്രതിഷേധിക്കാനാവാതെ ജീവിതം തള്ളിനീക്കുന്ന കുട്ടികൾ. ലോകം എന്താണെന്ന് അറിഞ്ഞ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഭീതിദമായ അവസ്ഥകളിലേക്ക് എടുത്തെറിയപ്പെട്ടവർ. അങ്ങനെയൊരു പെൺകുട്ടിയുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ് ഈ നാടകം. അവളുടെ പേര് മണി. മണിക്ക് തന്നെ ഇല്ലായ്മ ചെയ്യാനിറങ്ങിത്തിരിച്ച അമ്മയോട് തന്നെ പോരടിക്കേണ്ടി വന്നു.

ഡു തീയറ്റേഴ്‌സാണ് 'കൊടുംമുടി' അവതരിപ്പിച്ചത്. നവോദയ കണ്ണമ്പള്ളിയാണ് 'ദയാഹർജി'ക്കായി അണി നിരന്നവർ. നവീനമായ അവതരണരീതികൊണ്ടും സംവിധാന മികവ് കൊണ്ടും രചനാകൗശലം കൊണ്ടും രണ്ടു നാടകങ്ങളും ശ്രദ്ധേയമായി. പുതിയകാല നാടകങ്ങൾക്കൊരു മുതൽക്കൂട്ടാണ് ഇവ. മിനിമൽ തീയറ്ററിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി അഭിനയത്തിന്റെ കലയാണ് നാടകമെന്ന് ഉറപ്പിക്കുകയാണ് 'കൊടുംമുടി'യും 'ദയാഹർജി'യും.
Content Highlights: Kodumudi dayaharji drama theater play, sarath krishna
Published: 25 Jan 2024, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented