മനാമ: ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ജൂൺ 16, 26 തിയ്യതികളിലായി അരങ്ങേറുന്ന 'ഊരുഭംഗം', 'സൗപർണ്ണിക' എന്നീ രണ്ടു നാടകങ്ങളുടെ പോസ്റ്റർ പ്രകാശനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ചേർന്ന് നിർവഹിച്ചു.

To advertise here,

സംസ്‌കൃതത്തിലെ പ്രശസ്തനായ ആദ്യകാലനാടകകൃത്തായ ഭാസൻ രചിച്ച വിഖ്യാതമായ സംസ്‌കൃത നാടകമായ 'ഊരുഭംഗം' മഹാഭാരത യുദ്ധത്തിന്റെ അവസാന നാളുകളിൽ ഭീമനും ദുര്യോധനനും തമ്മിൽ നടക്കുന്ന ഗദായുദ്ധവും തുടർന്ന് ദുര്യോധനന്റെ ഊരുഭംഗവും (തുട തകരൽ) പ്രമേയമാക്കുന്നതാണ്. 2026 ജൂൺ 16 ചൊവ്വാഴ്ച രാത്രി 8.30 ന് ബി.കെ.എസ് ഡി.ജെ ഹാളിൽ അരങ്ങേറുന്ന 'ഊരുഭംഗം' സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനും തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ പൂർവ്വവിദ്യാർത്ഥിയുമായ വിഷ്ണു നാടകഗ്രാമമാണ്.

യക്ഷിക്കഥകളുടെയും ശാപങ്ങളുടെയും പുനർജന്മങ്ങളുടെയും ഒരു മാന്ത്രിക അന്തരീക്ഷം മിത്തുകളെയും യാഥാർത്ഥ്യങ്ങളെയും സമർത്ഥമായി ചേർത്തുവെച്ച് നരേന്ദ്രപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച 'സൗപർണ്ണിക' മലയാള നാടക സാഹിത്യത്തിൽ ആഴമുള്ള അവതരണശൈലിയും തത്വചിന്താപരമായ സംഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. 1985-ലെ കേരള സാഹിത്യ അക്കാദമി - സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ നേടിയ ഈ ക്ലാസിക് കൃതി വിചിത്രമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ കഥ പറയുന്നു. ജൂൺ 26 വെള്ളി വൈകീട്ട് 8.30 ന് സമാജം വേദിയിൽ അരങ്ങേറുന്ന 'സൗപർണ്ണിക' സംവിധാനം ചെയ്യുന്നത് സന്ധ്യ ജയരാജാണ്.

ബഹ്റൈനിലെ നാടകപ്രേമികൾക്ക് വ്യത്യസ്തമായ ദൃശ്യ-ശ്രാവ്യ വിരുന്നായി മാറുന്ന ഈ നാടകങ്ങൾ കാണുവാൻ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ബി.കെ.എസ് പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ അറിയിച്ചു.