സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത മലയാള ഫീച്ചർ ചിത്രം കിഡ്കി ഗാവ് (ഇഫ് ഓൺ എ വിന്റ്റേഴ്‌സ് നൈറ്റ്) പാരീസിൽ നടന്ന നാലാമത് ഗാംഗെ സുർ സെൻ ഇന്ത്യൻ ചലച്ചിത്രമേളയിൽ നാല് പുരസ്‌കാരങ്ങൾ നേടി. മികച്ച നടി, സംവിധായകൻ, തിരക്കഥ, എഡിറ്റിങ് വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത് ഒക്ടോബർ ഒൻപതു മുതൽ 13 വരെയായിരുന്നു ചലച്ചിത്ര മേള.

To advertise here,

മികച്ച സംവിധായകനായി സഞ്ജു സുരേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ഭാനു പ്രിയംവദ (മികച്ച നടി), രേഖ രാജ് (മികച്ച നടി), പ്രവീൺ എം.കെ (മികച്ച എഡിറ്റിങ്) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കൾ. സെലീൻ മാൽറോ, ഗ്വെൻഡോലിൻ ഗൗർവെനെക്, റോബർട്ട് കോറി, ലൂക്ക് ബെറോ എന്നിവർ ഉൾപ്പെട്ട ഫെസ്റ്റിവൽ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ സംഘടിപ്പിച്ച ന്യൂ ഡയറക്ടേഴ്സ്- ന്യൂ ഫിലിംസ് പരമ്പരയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ഛായാഗ്രാഹകൻ മനേഷ് മാധവന്റെ മികവാർന്ന ദൃശ്യാവിഷ്‌കാരത്തിന് റീബോൺ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ചിത്രം നേടി.

ഡൽഹിയിലെ ഖിഡ്കി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, പ്രണയം, ഏകാന്തത, സ്വന്തമിടം കണ്ടെത്താനുള്ള ശ്രമം എന്നിവയുടെ സങ്കീർണതകളിലൂടെ കടന്നുപോകുന്ന യുവ മലയാളി ദമ്പതികളുടെ കഥയാണ് ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ് ആവിഷ്‌കരിക്കുന്നത്. ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലോകപ്രദർശനം നടത്തിയ ചിത്രം ഹൈലൈഫ് വിഷൻ അവാർഡ് കരസ്ഥമാക്കി.

ചയൻ സർക്കാർ സ്ഥാപിച്ച ഗാംഗെ സുർ സെൻ ഇന്ത്യൻ ചലച്ചിത്രമേള, മുഖ്യധാരാ ബോളിവുഡ് സിനിമകൾക്കപ്പുറം സ്വതന്ത്ര ഇന്ത്യൻ- ദക്ഷിണേഷ്യൻ സിനിമകളിലെ വൈവിധ്യമാർന്ന ആവിഷ്‌കാരങ്ങൾക്ക് വേദിയൊരുക്കുന്നു. മേളയുടെ നാലാമത് പതിപ്പിൽ ഹ്രസ്വചിത്രങ്ങൾ, ഫീച്ചർ ചിത്രങ്ങൾ, ഡോക്യുമെന്റ്ററികൾ എന്നിവ ഉൾപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പാരിസിലെ ക്ലബ് ഡെ ലെറ്റ്വാൽ, മജസ്റ്റിക് പാസി എന്നിവിടങ്ങളിലായിരുന്നു പ്രധാന പ്രദർശനങ്ങൾ.