ഹൈദരാബാദ്: ചെന്നൈയിൽ തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ മദ്യപിക്കാൻ നേരിട്ട സമ്മർദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. പുതുമുഖ നടനായിരുന്ന കാലത്ത് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിനായി പാർട്ടികൾ സംഘടിപ്പിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഹൈദരാബാദിൽ അടുത്തിടെ നടന്ന 'നശാ മുക്ത് ഭാരത്' പരിപാടിയിൽ സംസാരിക്കവെയാണ് ചിരഞ്ജീവി മനസ്സ് തുറന്നത്.

To advertise here,

'48 വർഷം മുൻപ് പ്രസാദ് എന്ന 22-കാരൻ ഹീറോ ആകാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടുകയായിരുന്നു. ഒരു വൈകുന്നേരം ചായ കുടിക്കാനായി സുഹൃത്തിനൊപ്പം പോണ്ടി ബസാറിൽ എത്തിയപ്പോൾ അവിടെ ചില ജൂനിയർ ആർട്ടിസ്റ്റുകളെ കണ്ടുമുട്ടി. നിരവധി അഭിനേതാക്കളും അണിയറ പ്രവർത്തകരും അവിടെ സമയം ചെലവഴിക്കാറുണ്ടായിരുന്നു. എല്ലാവരും എന്നെ വിചിത്ര ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. ഞാൻ എന്തോ ആശയക്കുഴപ്പത്തിലുമായിരുന്നു. അവിടെ നിന്ന ഒരാൾ, 'ആരാടാ ഈ പയ്യൻ?' എന്ന് ചോദിച്ചു. പുതുതായി നടനാകാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതാണെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. 'എന്താ പേര്?' എന്ന് ചോദിച്ചപ്പോൾ 'പ്രസാദ്' എന്ന് ഞാൻ പറഞ്ഞു. 'എന്താടാ ഇങ്ങനെ പകച്ചുനിൽക്കുന്നത്?' എന്ന് ചോദിച്ചു. 'അല്ല, ഇതൊക്കെ എനിക്ക് പുതിയ അന്തരീക്ഷമാണ്,' എന്ന് ഞാൻ മറുപടി നൽകി. 'എടാ, ഒന്ന് കൂൾ ആകെടാ, തമാശയ്ക്ക് ഇരിക്കുമ്പോൾ ആ കൺഫ്യൂഷനൊക്കെ മാറും. എടാ, നമ്മുടെ ആൾക്ക് കൊണ്ടുവരൂ,' എന്ന് അവർ പറഞ്ഞു. 'വേണ്ട, എനിക്ക് ശീലമില്ല, ഞാൻ കുടിക്കില്ല,' എന്ന് ഞാൻ പറഞ്ഞു. 'എന്താടാ, കുടിക്കാതെ എങ്ങനെയാടാ? ഈ സിനിമ ഇൻഡസ്ട്രിയിൽ ഇതൊക്കെ സാധാരണമാണ്. കുടിക്കണം, തമാശയ്ക്ക് നീ പാർട്ടികളൊക്കെ കൊടുക്കണം, എല്ലാവരുമായും സൗഹൃദം ഉണ്ടാക്കണം. ആ സൗഹൃദത്തിലൂടെയാണ് നിനക്ക് നല്ല അവസരങ്ങൾ വരുന്നത്. ഇതാണ് ഇവിടുത്തെ രീതി,' എന്ന് അവർ പറഞ്ഞു. 'ഇല്ല, ഞാൻ ആഞ്ജനേയ സ്വാമി ഭക്തനാണ്. അങ്ങനെയൊരു ശീലം എനിക്കില്ല, ഞാൻ ചെയ്യില്ല,' എന്ന് ഞാൻ പറഞ്ഞു. അവിടെ നിന്ന് കുറച്ചുകഴിഞ്ഞപ്പോൾ, 'എന്താടാ, ഏതോ നടൻ വന്നിട്ടുണ്ടത്രേ, ഒന്ന് മുഖം കാണിക്ക്. ഇവിടെ ഇതിനേക്കാൾ എത്രയോ പേരുണ്ട്, അവർക്കുതന്നെ അവസരമില്ല, പിന്നെ നീ എന്താകാനാടാ? ഞാൻ അതാ പറയുന്നത്, തമാശയ്ക്ക് ഇങ്ങനെ മദ്യപിക്കുമ്പോൾ പരിചയങ്ങൾ ഉണ്ടാകുമല്ലോ എന്ന്,' അവർ പറഞ്ഞു. എനിക്ക് വേണ്ട എന്ന് പറഞ്ഞ്, വല്ലാത്ത അസ്വസ്ഥതയോടെ ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നു. പോയതിനുശേഷം ഇനി ഒരിക്കലും ആ ഭാഗത്തേക്ക് പോകരുതെന്ന് ഞാൻ തീരുമാനിച്ചു. അപ്പോൾ ഒരു മുതിർന്ന വ്യക്തി എന്നെ കണ്ട് നല്ലൊരു ഉപദേശം തന്നു. അത്തരം സ്ഥലങ്ങളിൽ പതിവായി പോകുന്നതും സഹപ്രവർത്തകരുടെ സമ്മർദവും കാരണം മദ്യപാനത്തിനോ മറ്റെന്തിനെങ്കിലുമോ ഞാൻ അടിമയായേക്കാമായിരുന്നു. ലക്ഷ്യം നേടണമെങ്കിൽ ജോലിയിലും നടനാകുന്നതിലുംമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റൊന്നും കാണാതെ മുന്നോട്ട് പോകാനും അദ്ദേഹം ഉപദേശിച്ചു. അത് എനിക്ക് വലിയ പ്രചോദനമായി. പിന്നീട് ഞാൻ പോണ്ടി ബസാറിലേക്ക് പോയിട്ടില്ല. എന്റെ ശ്രദ്ധ ഭാവിയിൽ മാത്രമായി ഒതുങ്ങി. വർഷങ്ങൾക്കുശേഷം ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിൽ മെഗാസ്റ്റാറായി നിൽക്കുന്നു,' കരഘോഷങ്ങൾക്കിടയിൽ ചിരഞ്ജീവി പറഞ്ഞു.