ഗിരിജാ ഓക്കിനെ ആരും മറന്നുകാണില്ല. കഴിഞ്ഞവർഷം നവംബറിൽ, ഒരു അഭിമുഖത്തിന്റെ ഏതാനും റീലുകളിലൂടെ ഇന്ത്യയിലാകെ വൈറലായ മറാഠി നടി. പുതിയ 'നാഷണൽ ക്രഷ്' എന്ന് ഗിരിജ വിശേഷിക്കപ്പെട്ടു. ഇന്ത്യയിലാകെ തരംഗമായ ഗിരിജാ ഓക്കിന്റെ പുതിയ ചിത്രം കങ്കണാ റണൗട്ടിനൊപ്പമുള്ള 'ഭാരത് ഭാഗ്യ വിധാത' ആണ്. ചിത്രത്തിന്റെ പ്രൊമോഷണൽ അഭിമുഖത്തിൽ കങ്കണയും ഗിരിജാ ഓക്കും പറഞ്ഞ രസകരമായ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

To advertise here,

നീല സാരിയുമായി ബന്ധപ്പെട്ട കാര്യം എന്താണെന്ന് കങ്കണ അഭിമുഖത്തിൽ ചോദിച്ചു. വൈറൽ അഭിമുഖത്തിൽ നീല സാരി ധരിച്ച് അതീവ സുന്ദരിയായാണ് ഗിരിജാ ഓക്ക് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ 'നാഷണൽ ക്രഷ്' എന്ന പദവി ലഭിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് ഗിരിജാ ഓക്ക് അഭിമുഖത്തിൽ പറഞ്ഞു. തന്റെ അഭിമുഖഭാഗം വൈറലായതിന് പിന്നിൽ ഒരു യുക്തിയുമില്ലെന്നും തന്റെ ലുക്കിനെ പറ്റി നിരവധി പേർ തുടർച്ചയായി കമന്റുകളിട്ടുവെന്നും അവർ പറഞ്ഞു. അതേസമയം അതൊന്നും തന്റെ നേട്ടമായി ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്നും തന്നെ കാണാൻ എങ്ങനെയിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ താൻ ഒന്നും നേടിയിട്ടില്ലെന്നും ഗിരിജാ ഓക്ക് കൂട്ടിച്ചേർത്തു.

Also Read: 'എന്റെ മകൻ ഇതു കണ്ടാൽ എന്ത് കരുതും?'; എഐ ഉപയോഗിച്ച് നിർമിച്ച അശ്ലീലചിത്രം പ്രചരിക്കുന്നതായി വൈറൽ താരം ഗിരിജാ ഓക്ക്

ചിത്രത്തിൽ തനിക്കൊപ്പം ഗിരിജാ ഓക്ക് അഭിനയിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കങ്കണാ റണൗട്ട് പറഞ്ഞു. ഈ സൗന്ദര്യം സിനിമാ പ്രൊമോഷന് വേണ്ടി ഉപയോഗിക്കൂ എന്ന് കങ്കണ ഗിരിജയോട് ആവശ്യപ്പെട്ടു. 'നാഷണൽ ക്രഷ്' എന്ന് ആളുകൾ വിളിച്ചപ്പോൾ അതിനോട് ഗിരിജാ ഓക്ക് എളിമയോടെയാണ് പ്രതികരിച്ചതെന്ന് അഭിമുഖകാരനും പറഞ്ഞു. പിന്നാലെ കങ്കണയുടേയും അഭിമുഖകാരന്റേയും പരാമർശങ്ങൾക്ക് ഗിരിജ മറുപടിയും നൽകി.

എന്തെങ്കിലുമൊന്ന് 'നാഷണൽ' ആകണമെങ്കിൽ അതിനുള്ള സർട്ടിഫിക്കറ്റ് എവിടെനിന്നാണ് ലഭിക്കുക എന്നാണ് ഗിരിജാ ഓക്ക് ചോദിച്ചത്. കങ്കണ 'നാഷണൽ' ആയത് നിയമപരമായാണ്. എന്നാൽ തന്നെ 'നാഷണൽ ക്രഷ്' എന്ന് വിളിക്കുന്നതിന് യാതൊരു നിയമസാധുതയുമില്ല എന്നും ഗിരിജാ ഓക്ക് പറഞ്ഞു.

ആരാണ് ഗിരിജാ ഓക്ക്?

രണ്ടുപതിറ്റാണ്ടോളമായി ഹിന്ദി- മറാഠി സിനിമകളിൽ സജീവമാണ് 37-കാരിയായ ഗിരിജാ ഓക്ക് ഗൊഡ്ബോലെ. ബോളിവുഡിൽ ആമിർ ഖാന്റെ 'താരെ സമീൻപർ', ഷാരൂഖ് ഖാന്റ 'ജവാൻ' തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷയിൽ 'ഹൗസ്ഫുൾ' എന്ന കന്നഡ ചിത്രത്തിലും ചിത്രം വേഷമിട്ടു. മനോജ് ബാജ്പേയി നായകനായ ഒരു ബോളിവുഡ് ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. ഹിന്ദി- മറാഠി ടെലിവിഷൻ സീരിയലുകളിലും താരം സജീവമാണ്.

Don’t Miss: ഇന്റിമസി സീനിൽ ഞാൻ ഓക്കേയല്ലേയെന്ന് 17 തവണയെങ്കിലും ആ നടൻ ചോദിച്ചു- ഗിരിജ ഓക്ക്

15ാം വയസിലാണ് താരം ആദ്യമായി ക്യാമറയ്ക്കുമുന്നിലെത്തിയത്. ഗിരിജയുടെ പിതാവ് ഗിരീഷ് ഓക്കും സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവിന്റെ പിതാവ് അറിയപ്പെടുന്ന നിർമാതാവും ഭർത്താവ് ചലച്ചിത്രരംഗത്തും സജീവമാണ്.

ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലെ രണ്ട് ഭാഗങ്ങളാണ് താരത്തിന് പെട്ടെന്ന് പ്രശസ്തി നൽകിയത്. 'തെറാപ്പി ഷെറാപ്പി' എന്ന ടെലിവിഷൻ സീരിയലിൽ ഗുൽഷൻ ദേവയ്യയ്ക്കൊപ്പം ഇന്റിമേറ്റ് സീനിൽ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചായിരുന്നു ഒന്ന്. മറ്റൊന്ന്, ഫിസിക്സ് പ്രൊഫസർ, വേവ്സ് എന്നതിന് ബേബ്സ് എന്ന് ഉച്ചരിച്ചപ്പോഴുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോഴുള്ളതും.

Also Read: ‘എന്തുംചെയ്യാം, ഒരു ചാൻസ് തരൂ’ എന്ന് ചോദിക്കുന്നവർ; പ്രശസ്തിക്ക് പിന്നാലെയുള്ള മോശം അനുഭവങ്ങളേക്കുറിച്ച് നടി

അപ്രതീക്ഷിതമായി വന്നുചേർന്ന പ്രശസ്തിയെക്കുറിച്ച് ഗിരിജ ഓക്ക് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരുന്നു. തന്നെക്കുറിച്ചുള്ള ചർച്ചകൾ കണ്ടപ്പോൾ തമാശയാണ് തോന്നിയതെന്നാണ് ഗിരിജ ഓക്ക് അന്ന് പറഞ്ഞത്.