ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നവരോടും കാണുന്നവരോടും പുനർചിന്തിക്കാൻ ഗിരിജ അഭ്യർഥിച്ചു

ഗിരിജാ ഓക്ക് | Photos: facebook.com/girija.oakgodbole
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ നടിയാണ് ഗിരിജാ ഓക്ക്. നീല സാരിയണിഞ്ഞ സ്ത്രീ എന്ന പേരിലാണ് ഗിരിജയുടെ ചിത്രം വൈറലായത്. ഇപ്പോഴിതാ എഐ ഉപയോഗിച്ച് ആരോ മോര്‍ഫ് ചെയ്ത് നിര്‍മിച്ച തന്റെ അശ്ലീലചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണെന്ന് പറയുകയാണ് ഗിരിജ.
'കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത് തീര്‍ത്തു ഭ്രാന്തമായ കാര്യങ്ങളാണ്. ഒരേസമയം ഇത് അടിപൊളിയും ഭ്രാന്തുമാണ്. പൊടുന്നനെയാണ് എനിക്ക് വലിയ ശ്രദ്ധ ലഭിക്കുന്നത്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണ്.' -ഗിരിജ പറഞ്ഞു. തുടര്‍ന്നാണ് തന്റെ ദുരനുഭവം താരം പറഞ്ഞത്.
'എന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ എല്ലാമൊന്നും അത്ര നിരുപദ്രവകരമല്ല. അതില്‍ ചിലത് എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ്. അവര്‍ എന്നെ ലൈംഗികവത്കരിച്ചു. എന്നെ ഉപഭോഗവസ്തുവാക്കി. ഇതെന്നെ വളരെ ആശങ്കപ്പെടുത്തുന്നു.' -ഗിരിജാ ഓക്ക് തുടര്‍ന്നു.
'ഈ ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്നയാളാണ് ഞാനും. സോഷ്യല്‍ മീഡിയ സ്വയം ഉപയോഗിക്കുന്നയാളാണ്. എന്തെങ്കിലുമൊരു കാര്യം വൈറലാകുമ്പോള്‍ അവിടെ കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത് എന്നതിനെ കുറിച്ച് പൂര്‍ണ ബോധവതിയാണ്. ആളുകള്‍ നിങ്ങളുടെ പോസ്റ്റ് തുറക്കുകയും ലൈക്ക് ചെയ്യുകയുമെല്ലാം തുടരുന്നിടത്തോളം കാലം ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യും.'
'ഈ ഗെയിം എങ്ങനെയാണ് കളിക്കപ്പെടുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ ഗെയിമിന് നിയമങ്ങളൊന്നുമില്ല എന്നത് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതില്‍ അനുവദനീയമല്ലാത്തതായി ഒന്നുമില്ല. 12 വയസുള്ള മകനുണ്ട് എനിക്ക്. അവന് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല. വളര്‍ന്ന് വലുതാകുമ്പോള്‍ ഈ ചിത്രങ്ങളെല്ലാം അവന് കാണാന്‍ സാധിക്കും. കാരണം ഇപ്പോള്‍ പ്രചരിക്കപ്പെടുന്ന ചിത്രങ്ങള്‍ എക്കാലവും ഇന്റര്‍നെറ്റിലുണ്ടാകും.' -ഗിരിജ തുടര്‍ന്നു.
'സ്വന്തം അമ്മയുടെ വ്യാജമായി നിര്‍മിച്ച ഈ അശ്ലീല ചിത്രങ്ങള്‍ അവന് ഒരുദിവസം കാണും. ആ ചിത്രങ്ങളെ കുറിച്ച് അവനെന്താണ് തോന്നുകയെന്ന് ഓര്‍ക്കുമ്പോള്‍ അതെന്നെ ആശങ്കപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു. അതെല്ലാം യഥാര്‍ഥ ചിത്രങ്ങളല്ല, എഐ സഹായത്തോടെ മോര്‍ഫ് ചെയ്തുണ്ടാക്കിയതാണെന്ന് അവന് അറിയും. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കാണുവര്ക്കും അതറിയാം. പക്ഷേ ഇത് അവര്‍ക്ക് വില കുറഞ്ഞ സന്തോഷം നല്കുന്നു. ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്, നിങ്ങള്‍ എന്റെ ഈ വീഡിയോ കാണുന്നുവെങ്കില്‍, എഐ ഉപയോഗിച്ച് സ്ത്രീകളുടെയോ പുരുഷന്മാരുടെയോ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നവരാണെങ്കില്‍, അതേക്കുറിച്ച് ചിന്തിക്കണം. അത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടാസ്വദിക്കുന്നവരാണെങ്കില്‍ നിങ്ങളും ഈ പ്രശ്നത്തിന്റെ ഭാഗമാണ്. മാറിച്ചിന്തിക്കൂ എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ.' -ഗിരിജാ ഓക്ക് പറഞ്ഞു.
Content Highlights: Girija Oak Says Her "Obscene" Morphed AI Pics Are Circulating On Internet: "It Worries Me How My Son Will Feel About This"
Published: 14 Nov 2025, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented