ഹിമാചൽ പ്രദേശിനെയും ഉത്തരാഖണ്ഡിനെയും ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയിൽ മരണ സംഖ്യ ഉയർന്നിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി സംസ്ഥാനത്ത് 60 പേർ മരിച്ചതായാണ് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അറിയിച്ചത്. ഹിമാചലിലെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്.

To advertise here,

ഹിമാചൽ പ്രദേശിലെ ജനങ്ങൾ അപൂർവ ദുരന്തം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അവർ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ എഴുതി. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും അവസാനമില്ല. മലകൾ ഇടിയുന്നു, എല്ലായിടവും തകരുകയാണ്. ദിവസങ്ങളായി വൈദ്യുതിയോ വെള്ളമോ ഇല്ല, മൊത്തം സംവിധാനം തന്നെ തകർന്നു. മലയോരത്തെ ആളുകൾക്കൊപ്പമാണ് എൻറെ ഹൃദയം. അവരുടെ ക്ഷേമത്തിനായി നിരന്തരം പ്രാർഥിക്കുന്നുവെന്നും കങ്കണ കുറിച്ചു.

placeholder
നേരത്തേയും ഹിമാചലിലെ സാഹചര്യങ്ങളെക്കുറിച്ച് കങ്കണ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഹിമാചലിലേക്ക് യാത്ര ചെയ്യരുതെന്നാണ് നാട്ടുകാരികൂടിയായ അവർ അന്ന് അഭ്യർത്ഥിച്ചത്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ അതീവ ജാഗ്രതയിലാണ്. നിർത്താതെ പെയ്യുന്ന മഴ നിലച്ചാലും വരും ദിവസങ്ങളിൽ നിരവധി ഉരുൾപൊട്ടലുകളും നദികളിൽ വെള്ളപ്പൊക്കവും ഉണ്ടാകും. ഈ മഴയുള്ള കാലാവസ്ഥയിൽ ഹിമാചൽ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. 

ഹിമാചലിൽ രണ്ടുദിവസവും ഉത്തരാഖണ്ഡിൽ നാലുദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ഹിമാചലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണസേന, സൈന്യം, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.