മാണ്ഡി: കനത്ത മഴക്കെടുതികളാണ് ഹിമാചൽപ്രദേശ് കുറച്ചുദിവസങ്ങളായി അഭിമുഖീകരിക്കുന്നത്. വീടുകളും റോഡുകളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാമാവശേഷമായി. മഴക്കെടുതി ഏറ്റവും ഭീകരമായി ബാധിച്ച മാണ്ഡി ജില്ലയിലെ തുനാഗ് പട്ടണത്തിലുള്ള സഹകരണബാങ്ക് പൂർണമായും മണ്ണിനടിയിലായതോടെ വലിയ ആശങ്കയിലായിരിക്കുകയാണ് ഈ ബാങ്കിലെ ഇടപാടുകാർ.

To advertise here,

ബാങ്കിന്‍റെ ഒന്നാം നില പൂര്‍ണ്ണമായും ചെളിയില്‍ മൂടിയിരിക്കുകയാണ്. നഗരത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ബാങ്ക്, നഗരത്തിലെ എണ്ണായിരത്തോളം ആളുകള്‍ ആശ്രയിക്കുന്ന ഒരേയൊരു ബാങ്കാണ്. നിരവധി കച്ചവടക്കാരുടെയും സാധാരണക്കാരുടെയും സ്വപ്‌നങ്ങളാണ് പ്രകൃതി ദുരന്തത്തില്‍ ചെളിയില്‍മൂടിക്കിടക്കുന്നത്. ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത് ഒന്നാം നിലയിൽ ആയിരുന്നതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വിലപ്പെട്ട വസ്തുക്കൾ കവർച്ചക്കാർ ലക്ഷ്യംവെക്കാൻ സാധ്യത ഉള്ളതിനാല്‍, നാട്ടുകാർ ഇപ്പോൾ ബാങ്കിന് കാവൽ നിൽക്കുന്നുണ്ട്. നാശനഷ്ടങ്ങൾക്കൊപ്പം മോഷണത്തിന്റെയും ഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ ഈ ജാഗ്രത.

ജൂൺ 20 മുതൽ ജൂലൈ ആറുവരെ ഹിമാചൽ പ്രദേശിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായുണ്ടായ വെള്ളപ്പൊക്കവും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും വൻ നാശനഷ്ടങ്ങൾക്കാണ് വഴിവച്ചത്. ദുരന്തത്തിൽ എഴുപത്തിയെട്ട് മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. മാണ്ഡിയിൽ അനേകം പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനമനുസരിച്ച്, തിങ്കളാഴ്ചയും വളരെ ശക്തമായ മഴ, ഇടിമിന്നലോടുകൂടിയ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. ജൂലൈ എട്ടിനും ഒമ്പതിനും ശക്തമായ മഴ തുടരുമെന്നും മഴക്കെടുതികൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സിർമൗർ, കാംഗ്റ, മാണ്ഡി ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും ഷിംല, സോളൻ, ഹമീർപുർ, ബിലാസ്പുർ, കുളു, ചമ്പ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും അനാവശ്യമായ യാത്ര ഒഴിവാക്കാനും അധികൃതർ പൊതുജനത്തോട് ആഹ്വാനം ചെയ്‌തിട്ടുണ്ട്.