
ദെഹ്റാദൂൺ/ ഷിംല: ചൊവ്വാഴ്ച രാത്രിയിലുണ്ടായ മേഘവിസ്‌ഫോടനം ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളില്‍ കനത്ത നാശം വിതച്ചു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. ഹിമാചലിലെ മണ്ഡി ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീട്ടിലെ അമ്മയും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
ദെഹ്റാദൂണിൽ നിന്ന് ഇരുന്നൂറോളം വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയ ദെഹ്റാദൂണിലെ ദേവഭൂമി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെയാണ് സംസ്ഥാന ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത്.
ഹിമാചലിലെ മണ്ഡി ജില്ലയില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും രണ്ടാളുകളെ രക്ഷിച്ചതായും ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോട്ടിന് കീഴിലുള്ള പല റോഡുകളും ഒലിച്ചുപോയി. ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന കടകള്‍, പമ്പ് ഹൗസ്, നിര്‍ത്തിയിട്ട വാഹനങ്ങള്‍ എന്നിവയ്ക്കും നാശമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറില്‍ 141 മില്ലി മീറ്റര്‍ മഴ പെയ്ത ഷിംലയ്ക്ക് സമീപമുള്ള ഹിംലാന്‍ഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നിരവധി വാഹനങ്ങള്‍ കുടുങ്ങി. മണ്ണിടിഞ്ഞത് കാരണം പ്രധാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാന അടിയന്തര പ്രവര്‍ത്തന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ദേശീയ പാതകള്‍ ഉള്‍പ്പടെ 650 റോഡുകളിലെ ഗതാഗതം തടസപ്പെട്ടു. 1200 വൈദ്യുതി ട്രന്‍സ്‌ഫോര്‍മറുകളും 160 ജല വിതരണ പദ്ധതികളും മുടങ്ങി. ജൂണ്‍ ഇരുപത് മുതലുള്ള മഴക്കെടുതിയില്‍ ഇതുവരെ 412 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി.
ദെഹ്റാദൂണില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ കനത്ത മഴയില്‍ തപോവന്‍, സഹസ്ത്രധര, ഐ.ടി പാര്‍ക്ക് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. രണ്ടാളുകള്‍ കാണാതായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും നാശം രേഖപ്പെടുത്തിയിട്ടുണ്ട്. മേഘവിസ്‌ഫോടനം ജനജീവിതത്തെ ബാധിച്ചതായും പല സ്ഥലങ്ങളിലേയും വാര്‍ത്താവിനിമയ സംവിധാനങ്ങളെ തടസപ്പെടുത്തിയതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചതായി അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പുകളും യുദ്ധകാലടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്ക് ആവശ്യമായ സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Heavy rains and cloudbursts cause devastating floods in Himachal Pradesh and Uttarakhand.
Published: 16 Sept 2025, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented